4 സ്വർണം, 3 വെള്ളി, 3 വെങ്കലം: ദേശീയ സീനിയർ സ്കൂൾ അത്‍ലറ്റിക് മീറ്റിലെ രണ്ടാം ദിനം കേരളത്തിന് മെഡൽ കൊയ്‌ത്ത്

1 month ago 2

മനോരമ ലേഖകൻ

Published: November 27, 2025 03:33 PM IST Updated: November 27, 2025 07:10 PM IST

1 minute Read

 ജോസ്‌കുട്ടി പനയ്ക്കൽ ∙ മനോരമ
ദേശീയ സീനിയർ സ്കൂൾ അത്‍ലറ്റിക് മീറ്റിൽ കേരളത്തിനു വേണ്ടി സ്വർണം നേടിയ കെ.പി. മുഹമ്മദ് അസിൽ, സി.കെ. ഫസനുൽ ഹഖ്, ആദിത്യ അജി, പി.വി അഞ്ജലി എന്നിവർ. ചിത്രം: ജോസ്‌കുട്ടി പനയ്ക്കൽ ∙ മനോരമ

ഭിവാനി∙ ദേശീയ സീനിയർ സ്കൂൾ അത്‍ലറ്റിക് മീറ്റിൽ കേരളത്തിന്റെ മെഡൽ കൊയ്ത്ത്. രണ്ടാം ദിവസം കേരളം നാലു സ്വർ‌ണമുൾ‌പ്പടെ പത്തു മെഡലുകൾ സ്വന്തമാക്കി. ആൺകുട്ടികളുടെ ലോങ്ജംപിൽ കെ.പി. മുഹമ്മദ് അസിൽ സ്വർണം നേടി. 7.17 മീറ്റർ മീറ്ററാണ് അസിൽ ചാടിയത്. മലപ്പുറം കെഎംഎച്ച്എസ്എസ് ആലത്തിയൂർ സ്കൂളിലെ വിദ്യാർഥിയാണ്. കേരളത്തിന്റെ സ്വർണനേട്ടത്തിൽ സന്തോഷമുണ്ടെന്ന് താരം മനോരമയോടു പറഞ്ഞു.

110 മീറ്റർ ഹർഡിൽസ് ബോയ്സിൽ സ്വർണവും വെള്ളിയും കേരളത്തിനാണ്. 13.66 സെക്കൻഡിൽ മീറ്റ് റെക്കോർഡോടെ ഒന്നാമതെത്തി മലപ്പുറം നാവാമുകുന്ദ സ്കൂളിലെ സി.കെ. ഫസനുൽ ഹഖ് സ്വർണം സ്വന്തമാക്കി. പി. അമർജിത്തിനാണ് വെള്ളി. കൊച്ചി സാവിയോ സ്കൂൾ വിദ്യാർഥിയായ അമർ‌ജിത് 14.14 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.

പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ നാവാമുകുന്ദ സ്കൂളിലെ ആദിത്യ അജി സ്വർണം നേടി. 13.93 സെക്കൻഡിലാണ് ആദിത്യ ഒന്നാമതെത്തിയത്. ഇതേയിനത്തിൽ വിഎംഎൻഎച്എസ് വടവന്നൂർ സ്കൂളിലെ വിഷ്ണുശ്രീ വെള്ളി നേടി.

പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൾ പി.വി അഞ്ജലിയാണ് കേരളത്തിനു വേണ്ടി നാലാം സ്വർണം നേടിയത്. പൂവമ്പായ് എഎംഎച്ച്എസ്എസിലെ വിദ്യാർഥിയാണ് അഞ്ജലി. പെൺ‌കുട്ടികളുടെ ഷോട്പുട്ടിൽ ഹെനിൻ എൽസബത്ത് വെള്ളി നേടി. കാസർകോട് കെസി ത്രോസ് അക്കാദമിയിൽ പരിശീലനം നേടുന്ന ഹെനിൻ, ജിഎച്ച്എസ്എസ് കുട്ടമത്തിലെ വിദ്യാർഥിയാണ്.

ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ജിഎച്ച്എസ്എസ് ചിറ്റൂരിലെ ജെ.നിവേദ് കൃഷ്ണ വെങ്കലം നേടിയപ്പോൾ പെൺകുട്ടികളുടെ ഹൈജംപിൽ ആർഎംഎച്ച്എസ്എസ് ആളൂരിലെ ഇ.ജെ.സോണിയും ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ വിഎംഎച്ച്എസ്എസ് വടവന്നൂരിലെ എം.അൽഷാമിൽ ഹുസൈനും വെങ്കലം നേടി.

മീറ്റിന്റെ ആദ്യ ദിനം കേരളത്തിന് മെ‍ഡലൊന്നും നേടാൻ സാധിച്ചിരുന്നില്ല. ഇന്നലെ ഭിവാനി ഭീം സ്റ്റേഡിയത്തിൽ നടന്ന ഏക ഫൈനലായ പെൺകുട്ടികളുടെ ഹാമർത്രോയിൽ പല്ലവി സന്തോഷ് 51.11 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്.
 

English Summary:

National School Athletic Meet Day 2 Updates

Read Entire Article