40 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം കണ്ട് ഓസ്ട്രേലിയ, നാലു വിക്കറ്റ് വിജയം; പരമ്പരയിൽ മുന്നില്‍

2 months ago 4

മെൽബൺ∙ രണ്ടാം ട്വന്റി20യിൽ ഇന്ത്യയ്ക്കെതിരെ നാലു വിക്കറ്റ് വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്ത്യയുയർത്തിയ 126 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ്, 13.2 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 40 പന്തുകൾ ബാക്കി നിൽക്കെയാണ് പരമ്പരയിലെ ആദ്യ വിജയം ഓസീസ് നേടിയത്.

26 പന്തിൽ 46 റൺസെടുത്ത ക്യാപ്റ്റൻ മിച്ചൽ മാര്‍ഷാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ട്രാവിസ് ഹെഡ് (15 പന്തിൽ 28), ജോഷ് ഇംഗ്ലിഷ് (20 പന്തിൽ 20) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടിയിൽ മികച്ച തുടക്കമാണ് ഓസീസിനു ലഭിച്ചത്. ഇന്ത്യൻ താരങ്ങൾ തപ്പിത്തടഞ്ഞ പിച്ചിൽ ഓസീസ് ബാറ്റർമാർ അനായാസം ബൗണ്ടറികൾ കണ്ടെത്തി. ഓപ്പണിങ് വിക്കറ്റിൽ 51 റൺസാണ് മിച്ചൽ മാര്‍ഷും ട്രാവിസ് ഹെഡും കൂട്ടിച്ചേർത്തത്. 28 റൺസെടുത്ത ഹെഡിനെ അഞ്ചാം ഓവറിൽ വരുൺ ചക്രവർത്തി തിലക് വർമയുടെ കൈകളിലെത്തിച്ചു. പിന്നാലെ കുൽദീപ് യാദവ് മിച്ചൽ മാർഷിനെ വീഴ്ത്തി. ഒരു റൺ മാത്രമെടുത്ത ടിം ഡേവിഡിനെ വരുൺ ചക്രവർത്തി സ്വന്തം പന്തിൽ ക്യാച്ചെടുത്തു പുറത്താക്കി.

9.4 ഓവറിലാണ് ഓസ്ട്രേലിയ 100 കടന്നത്. സ്കോർ 121 ൽ നിൽക്കെ ജോഷ് ഇംഗ്ലിഷിനെ കുൽദീപ് വിക്കറ്റിനു മുന്നിൽ കുടുക്കി. പിന്നാലെ മിച്ചൽ ഓവനെയും (10 പന്തിൽ 14), മാത്യു ഷോർട്ടിനെയും ജസ്പ്രീത് ബുമ്ര പുറത്താക്കിയെങ്കിലും, മാർകസ് സ്റ്റോയ്നിസും (ആറ്), സേവ്യർ ബാർട്‍ലെറ്റും ചേർന്ന് ഓസ്ട്രേലിയയെ ചെറിയ വിജയ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

അഭിഷേകിന് അർധ സെഞ്ചറി, ഇന്ത്യ 125 ന് ഓൾഔട്ട്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറിൽ 125 റൺസെടുത്തു പുറത്തായി. 37 പന്തുകൾ നേരിട്ട അഭിഷേക് ശര്‍മ രണ്ട് സിക്സും എട്ടു ഫോറുകളും ബൗണ്ടറി കടത്തി 68 റൺസെടുത്ത് ടോപ് സ്കോററായി. അഭിഷേകിന് പുറമേ ഹർഷിത് റാണ മാത്രമാണ് ഇന്ത്യന്‍ നിരയിൽ രണ്ടക്കം കടന്നത്. 33 പന്തുകൾ നേരിട്ട റാണ 35 റൺസെടുത്തു പുറത്തായി. 32 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് നാലു വിക്കറ്റുകൾ നഷ്ടമായിരുന്നു. ഓപ്പണർ ശുഭ്മൻ ഗിൽ (10 പന്തിൽ അഞ്ച്), സഞ്ജു സാംസൺ (നാലു പന്തിൽ രണ്ട്), സൂര്യകുമാര്‍ യാദവ് (ഒന്ന്), തിലക് വർമ (പൂജ്യം) എന്നിവരാണു പവർപ്ലേ ഓവറുകളിൽ തന്നെ പുറത്തായത്.

പവർപ്ലേ അവസാനിക്കുമ്പോൾ നാലിന് 41 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. സ്കോർ 20 ൽ നിൽക്കെ ജോഷ് ഹെയ്സൽ‌വുഡിന്റെ പന്തിൽ‌ മിച്ചൽ മാർഷ് ക്യാച്ചെടുത്താണ് ഗില്‍ പുറത്താകുന്നത്. വൺഡൗണായി ബാറ്റിങ്ങിനിറങ്ങിയ സഞ്ജുവിനു തുടക്കത്തിൽ തന്നെ അടിപതറി. നേഥൻ എലിസിന്റെ നാലാം ഓവറിലെ മൂന്നാം പന്തിൽ താരം എൽബിഡബ്ല്യു ആയി. ഡിആർഎസ് എടുത്തുനോക്കിയെങ്കിലും റീപ്ലേയിൽ ഔട്ടെന്നു വ്യക്തമാകുകയായിരുന്നു.

sanju-out

സഞ്ജു സാംസൺ പുറത്തായി മടങ്ങുന്നു. Photo: X@BCCI

ജോഷ് ഹെയ്‍സൽവുഡിനെ നേരിടാനുള്ള ശ്രമത്തിനിടെ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിഷിന്റെ ക്യാച്ചുകളിലാണ് സൂര്യകുമാർ യാദവും തിലക് വർമയും പുറത്താകുന്നത്. ഏഴു റൺസെടുത്ത അക്ഷര്‍ പട്ടേല്‍ റൺഔട്ടായി. മധ്യനിരയിൽ ഹർഷിത് റാണയെ കൂട്ടുപിടിച്ച് അഭിഷേക് ശർമ നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ 100 കടത്തിയത്. സ്കോർ 105 ൽ നിൽക്കെ സേവ്യർ ബാർട്‍ലെറ്റ് റാണയെ വീഴ്ത്തി. 23 പന്തുകളിൽ അഭിഷേക് അർധ സെഞ്ചറി തികച്ചെങ്കിലും ഹർഷിത് റാണയെ മാറ്റിനിർത്തിയാൽ പിന്തുണ നൽകാൻ പോലും ആരുമില്ലായിരുന്നു. ശിവം ദുബെ നാലു റൺസും കുൽദീപ് പൂജ്യത്തിനും പുറത്തായി. നേഥൻ എലിസിന്റെ 19–ാം ഓവറിൽ എൽബിഡബ്ല്യു ആയാണ് അഭിഷേക് മടങ്ങുന്നത്.

ഓസ്ട്രേലിയയ്ക്കായി ജോഷ് ഹെയ്‍സൽവുഡ് മൂന്നും, സേവ്യർ ബാർട്‍ലെറ്റ്, നേഥൻ എലിസ് എന്നിവര്‍ രണ്ടു വിക്കറ്റുകൾ വീതവു ം വീഴ്ത്തി. മാർകസ് സ്റ്റോയ്നിസിന് ഒരു വിക്കറ്റുണ്ട്. വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഓസ്ട്രേലിയ 1–0ന് മുന്നിലെത്തി. കാൻബറയിൽ നടന്ന ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. 

English Summary:

India vs Australia Second Twenty 20 Match Updates

Read Entire Article