40 വര്‍ഷമായി മോഹന്‍ലാല്‍ ഇവിടെ തന്നെയുണ്ടായിരുന്നു, അയാളെ അവര്‍ വേട്ടയാടിപ്പിടിക്കട്ടെ ..

8 months ago 10

മോഹന്‍ലാലിനെ തിരിച്ചുതന്നതിനു നന്ദി. തുടരും എന്ന സിനിമ കണ്ടിറങ്ങിയ എത്രയോ പേര്‍ പറയുന്നത് ഇതാണ്. ഇതു കേട്ടാല്‍ തോന്നും ഇദ്ദേഹത്തെ ആരോ തട്ടിക്കൊണ്ടു പോയതായിരുന്നുവെന്ന്‌. മോഹന്‍ലാല്‍ എവിടെക്കെങ്കിലും മുങ്ങിയതായി അറിവില്ല. 30 കൊല്ലമെങ്കിലുമായി കുറച്ചു സമയമെങ്കിലും അദ്ദേഹത്തിന്റെ കൂടെ നടക്കുന്നതിനിടയില്‍ ഒരിക്കല്‍പോലും ഒളിവില്‍ പോയതായും പറഞ്ഞിട്ടില്ല.

മോഹന്‍ലാലിന്റെ തുടക്കകാലത്ത്‌ അയാള്‍ നമ്മുടെ മനസ്സിലേക്കു കയറാന്‍ കാരണം അഭിനയം മാത്രമല്ല. അയാളെ അത്രമേല്‍ സ്‌നേഹിച്ചിരുന്ന എഴുത്തുകാരും സംവിധായകരും ഉണ്ടായിരുന്നു എന്നതാണ്. അവരെല്ലാം അയാളെ സിനിമയോടു മാത്രമല്ല, ഓരോ മലയാളിയുടെയും കുടുംബത്തിനൊപ്പം കൂടിയാണ് ചേര്‍ത്തു നിര്‍ത്തിയത്. 'രാജാവിന്റെ മകനെ'ന്ന അധോലോക സിനിമയില്‍പോലും കുടുംബമുണ്ടായിരുന്നു. അല്ലാതെ അയാള്‍ അധോലോകത്തു തോക്കും കെട്ടിപ്പിടിച്ച് ഉറങ്ങുകയായിരുന്നില്ല. നടനെ കണ്ടെത്തുന്നതും മണ്‍കലംപോലെ സൂക്ഷിച്ച് ഉണ്ടാക്കി ചുട്ടെടുക്കുന്നതും വലിയ എഴുത്തുകാരും സംവിധായകരുമാണ്. എണ്‍പതുകളില്‍ ഓരോ സംവിധായകനും പുതിയൊരു ലാലിനെയാണു തേടിയിരുന്നത്. അവര്‍ തമ്മിലൊരു മത്സരവുമുണ്ടായിരുന്നു. അവരാരും സ്വന്തം ഇമേജ്‌ സംരക്ഷണത്തിനു പോയില്ല. അവര്‍ക്കു വേണ്ടതു മോഹന്‍ലാലെന്ന നടനേയും സുഹൃത്തിനേയുമായിരുന്നു.

1986 എന്ന കൊല്ലമെടുക്കുക. 34 സിനിമയിലാണ് ആ കൊല്ലം മാത്രം ലാല്‍ അഭിനയിച്ചത്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, പഞ്ചാഗ്‌നി, കരിയിലക്കാറ്റുപോലെ, വാര്‍ത്ത, യുവജനോത്സവം, ശോഭരജ്,ഒന്നു മുതല്‍ പൂജ്യംവരെ, സന്മനസ്സുള്ളവര്‍ക്കു സമാധാനം, അടിവേരുകള്‍, ദേശാടനക്കിളി കരയാറില്ല, ടി.പി.ബാലഗോപാലന്‍ എംഎ, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, രാജാവിന്റെ മകന്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, സുഖമോ ദേവി, താളവട്ടം .... അങ്ങിനെ ഒരിക്കലും കൂട്ടിമുട്ടാത്ത സിനിമകള്‍. മലയാളത്തിലെ പ്രതിഭാധനരരായ സംവിധായകരുടേയും എഴുത്തുകാരുടേയും നിര കൂട്ടത്തോടെ ഈ മനുഷ്യനെ വേട്ടയാടിപ്പിടിച്ച വര്‍ഷങ്ങളാണത്. ആ കാലത്തെ മിക്ക കൊല്ലവും ഇതു പോലെത്തന്നെയായിരുന്നു. 2014-ല്‍ വന്നതു നാലു സിനിമ മാത്രം. അന്നു പറഞ്ഞു മോഹന്‍ലാല്‍ തീര്‍ന്നുവെന്ന്. അതിനു ശേഷം 11 വര്‍ഷം കഴിഞ്ഞു. നാല്‍പതോളം വര്‍ഷമായി ഈ മനുഷ്യന്‍ ഇവിടെത്തന്നെയുണ്ടായിരുന്നു. അയാളെ വേട്ടയാടി പിടിക്കുന്നവര്‍ കുറഞ്ഞു എന്നതാണു സത്യം. 9 വര്‍ഷത്തോളം തിരക്കഥയുമായി കാത്തിരുന്ന് സുനിലും തരുണ്‍ മൂർത്തിയും കാണിച്ചതൊരു വേട്ടക്കാരന്റ ക്ഷമയാണ്. പിടിച്ചേ അടങ്ങൂ എന്ന വാശി. മറ്റു പലരേക്കുറിച്ചും അവർ ആലോചിച്ചിരിക്കാം. എന്നാലും മുന്നില്‍ ലാലുണ്ടായിരുന്നു എന്നതാണു സത്യം.

നടനൊരു വേട്ടമൃഗമാണ്. പുറകെ ഓടിച്ചിട്ടു പിടിക്കണം. കെണിവച്ചു കാത്തിരിന്നിട്ടു കാര്യമില്ല. ലാലൊരു വൃത്തത്തിനകത്താണെന്നു പറഞ്ഞിട്ടും കാര്യമില്ല. അതിനകത്തേക്കു കടക്കാനും അയാളെ അമ്പരിപ്പിക്കാനും കഴിയണം. അതിനു കൂടെ നില്‍ക്കുന്നവരെ പഴിചാരിയിട്ടും കാര്യമില്ല. ഒരു സര്‍പ്രൈസ് എലമെന്റ് ഇല്ലാതെ കാണാനെത്തുന്നവരാണു പലരും. അവര്‍ കൊണ്ടുവരുന്നതു അഭിനയിച്ചു തീര്‍ത്ത ഏതോ സിനിമകളിലെ പഴയ കുപ്പായങ്ങളായിരുന്നു എന്നതാണു സത്യം. തിരക്കഥ വായിക്കുമ്പോള്‍ പുറകിലൊരു ഗുണ്ടു പൊട്ടിച്ചാല്‍ പോലും ഞെട്ടാനാകാത്ത കഥകള്‍. കഥ കേട്ടു മതിയായി എന്നു എത്രയോ തവണ അയാള്‍ പറഞ്ഞിട്ടുണ്ട്. നല്ല കഥയാകാം, പക്ഷെ എനിക്കൊരു സര്‍പ്രൈസില്ല എന്നാണു പറയാറ്.

അത്തരൊരു സര്‍പ്രൈസുണ്ടാകണമെങ്കില്‍ നല്ല വായനവേണം, നല്ല യാത്രകള്‍ വേണം, അനുഭവങ്ങള്‍ വേണം, അയാളെ അറിയണം. കൊറിയന്‍ സിനിമ കണ്ടിരുന്നാല്‍ അനുഭവം കിട്ടില്ല. ലോഹിതദാസായാലും പത്മരാജനായാലും പ്രിയദര്‍ശനായാലും സത്യന്‍ അന്തിക്കാടായാലും ഭരതനായാലും ശ്രീനിവാസനായാലും സിബി മലയിലായാലും സീനിയര്‍ സംവിധായകനായ ശശികുമാറായാലും ഐ.വി. ശശിയായാലും ബ്ലസ്സിയായാലും ലാലിനെ കൂടുതല്‍ കൂടുതല്‍ അമ്പരപ്പിക്കാനാണു നോക്കിയത്. മുന്‍പ് ചെയ്തതില്‍നിന്നു വളരെ മാറിയൊരു വേഷത്തേക്കുറിച്ചവര്‍ ചിന്തിച്ചു. ചിലപ്പോള്‍ തോറ്റുപോയി എന്നതു ശരിയാണ്. പക്ഷേ, അവരുടെ ആലോചനയില്‍ ഉണ്ടായിരുന്നതു പുതിയൊരു മോഹന്‍ലാല്‍ മാത്രമായിരുന്നു. അല്ലാതെ കോടികളുടെ ക്ലബ്ബായിരുന്നില്ല. കണ്ണു കാണാത്ത മോഹന്‍ലാലിനെക്കുറിച്ചു ഒപ്പം എന്ന സിനിമ പ്രിയന്‍ ചെയ്തതു 2016-ലാണ്. അതായത് പണി തുടങ്ങി 34 വര്‍ഷത്തിനു ശേഷവും പ്രിയന്‍ അന്വേഷിച്ചതു വേറെയൊരു ലാലിനെയാണ്.

മോഹന്‍ലാല്‍ തിരിച്ചുവന്നുവെന്നു കാഴ്ചക്കാര്‍ പറയുന്നതില്‍ തെറ്റില്ല. കാരണം, അവര്‍ക്കുവേണ്ട മോഹന്‍ലാലിനെ പലപ്പോഴായി കാണ്മാനില്ലായിരുന്നു. പക്ഷേ, സംവിധായകരും എഴുത്തുകാരും ഇതേ വാക്കു പറയരുത്. അന്വേഷിച്ചു പിടിക്കേണ്ട നിങ്ങള്‍ കാഴ്ചക്കാരനായി നിന്ന ശേഷം ഒളിവിലായിരുന്നു പറഞ്ഞിട്ടു കാര്യമില്ല. മോഹന്‍ലാലിനു പറ്റിയൊരു കഥയുണ്ട് എന്നു പറഞ്ഞതുകൊണ്ടും കാര്യമില്ല. വേണ്ടതു ജനം മോഹിക്കുന്ന അവരെ അമ്പരപ്പിക്കുന്ന മോഹന്‍ലാലിനെ കാണിച്ചു കൊടുക്കുന്ന കഥയാണ്. തുടരും എന്ന സിനിമയില്‍ അതുണ്ട്. ഈ സിനിമയില്‍ ബാത്ത് റൂമിലുള്ള വളരെ ദീര്‍ഘമായൊരു സീനുണ്ട്. അതില്‍ ലാല്‍ തെന്നി വീഴുന്ന രംഗം സുനില്‍ എഴുതി വയ്ക്കുകയും തരുണ്‍ മൂര്‍ത്തി ബ്രീഫ് ചെയ്യുകയും ചെയ്തിട്ടുണ്ടാകും. പക്ഷേ, വീഴുന്നതു മോഹന്‍ലാല്‍ മാത്രമാണ്. അയാളുടെ മനസ്സില്‍ തട്ടിയതുകൊണ്ടാണു 'തുടരു'മെന്ന സിനിമയിലെ വീഴ്ച നാം കാണുന്നതും നെഞ്ചുലഞ്ഞു പോകുന്നതും. മനസ്സിലില്ലെങ്കില്‍ അതു നാമെല്ലാം വീഴുന്നതുപോലുള്ളൊരു സാദാ വീഴ്ച മാത്രമാകും. ഭാര്യയും കുട്ടികളും വരെ ചിരിച്ചു പോകും. ലാല്‍ അത്തരത്തിലും വീണിട്ടുണ്ട്.

പഴയ ലാലിനെ കിട്ടിയെന്നു സന്തോഷിക്കുന്നതു നല്ല കാര്യം. തിരിച്ചുവന്നുവെന്നു പറയുന്നതും നല്ല കാര്യം. കൂടെക്കിടന്നുറങ്ങാതെത്തന്നെ രാപ്പനി അറിയുന്നവര്‍ക്കേ ലാലിനെ ഇനിയുള്ള കാലത്തു തിരിച്ചറിയാനാകൂ. സത്യനും പ്രിയനും ശ്രീനിയും സിബിയും പത്മാരാജനും ഭരതനുമെല്ലാം ഒരു പായയില്‍ അല്ലെങ്കിലും മോഹന്‍ലാലിനൊപ്പം ഒരേ കട്ടിലില്‍ ഉറങ്ങിയവരാണ്. അവരെല്ലാം രാവിലെ അന്വേഷിച്ചതു തലേ രാത്രി കൂടെ കിടന്ന ലാലിനെയല്ല, ഉണരുമ്പോള്‍ കാണുന്ന പുതിയ ലാലിനെയാണ്.

സെലക്റ്റ് ചെയ്ത് അഭിനയിച്ചൂടെ എന്നു ചോദിക്കാം. ഒരേ പോലുള്ള ഷര്‍ട്ടുമായി എല്ലാ തുന്നല്‍ക്കാരും വരുമ്പോള്‍ ഏതെങ്കിലുമൊന്നു വാങ്ങി ഇടും. തുണിയില്ലാതെ നില്‍ക്കാനാകില്ലല്ലോ. തെങ്ങുകയറ്റംപോലെയോ ചെത്തിത്തേപ്പുപോലെയോ ഡിമാന്റുള്ള ഒരു പണിയും അറിയാത്ത ഒരാളാണ് അയാള്‍. കണ്ടത്തേണ്ടതു പഴയ മോഹന്‍ലാലിനെയല്ല, നമ്മുടെ വീട്ടുമുറിയിലേക്കു ഇന്നത്തെ കാലത്തു വരുന്ന ലാലിനെയാണ്. ഒരു അപരിചിതത്വവുമില്ലാതെ ''ഇരിക്കടോ'' എന്നു പറയാവുന്ന ലാലിനെ. സാമൂഹിക മാധ്യമങ്ങളിലെ എല്ലാതരം കീടനാശിനി പ്രയോഗങ്ങള്‍ക്ക് ശേഷവും ബാക്കിയാകുന്ന ഈ മനുഷ്യനെ കാഴ്ചക്കാര്‍ സ്‌നേഹിച്ചു പോകുന്നതു അയാളുടെ കയ്യിലിരിപ്പു ഗവേഷണം നടത്തിയല്ല. കണ്ടു മതിവരാത്ത വേഷങ്ങള്‍ കൊണ്ടാണ്. കാത്തിരിക്കുന്നതും അത്തരം വേഷങ്ങള്‍ക്കാണ്. നല്ല എഴുത്തുകാരും സംവിധായകരും ഈ മനുഷ്യനെ ഇനിയും വേട്ടയാടട്ടെ. വള്ളികള്‍ക്കും ഇലകള്‍ക്കും ഇരുട്ടിനും വെളിച്ചത്തിനും പുഴയ്ക്കും കുന്നിനും പാടത്തിനും ട്രാഫിക് ജാമിനും ഇടയിലൂടെ കുതിച്ചോടുമ്പോഴും അയാള്‍ തിരിഞ്ഞുനിന്നു ' വാടാ, വാടാ..' എന്ന് അവരെ വിളിക്കട്ടെ. ശേഷം സ്‌ക്രീനില്‍

Content Highlights: Mohanlal`s resurgence successful `Thudarum` is explored. Analysis of his career

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article