Published: October 28, 2025 04:23 PM IST
1 minute Read
തിരുവനന്തപുരം∙ കലയും കായികവും, രണ്ടു വ്യത്യസ്ത വഴികളാണെങ്കിലും രണ്ടും ഒരുപോലെ കൊണ്ടുപോകുകയാണ് ആലപ്പുഴ സെന്റ് ജോസഫ് എച്ച്എസ്എസിലെ ശ്രേയ .ആർ. കഥകളി കലാകാരിയായ ശ്രേയ സംസ്ഥാന സ്കൂൾ കായികമേളയിൽ മെഡൽ വേട്ട തുടരുകയാണ്. കൊച്ചിയിൽ കഴിഞ്ഞ വർഷം നടന്ന മേളയിൽ രണ്ടു സ്വർണം നേടിയ ശ്രേയയ്ക്ക് ഇക്കുറി സ്വർണം വിജയിക്കാനായില്ല. പക്ഷേ ദേശീയ റെക്കോർഡ് പ്രകടനവുമായി 200 മീറ്ററിൽ ഒന്നാമതെത്തിയ ദേവനന്ദ വി. ബിജുവിന് ശക്തമായ വെല്ലുവിളിയുയർത്താൻ ശ്രേയയ്ക്കു സാധിച്ചു.
ഇത്തവണ ജൂനിയർ ഗേൾസ് 200 മീറ്ററിൽ വെങ്കലം, 400 മീറ്ററിൽ വെള്ളി, 4x100 മീറ്റർ റിലേക്കു വെള്ളി എന്നിങ്ങനെപോകുന്നു ശ്രയയുടെ മെഡൽ നേട്ടങ്ങൾ. വലിയ വെല്ലുവിളിയാണ് എതിരാളികളിൽനിന്നും നേരിടേണ്ടിവന്നതെന്നും, ഇത്തവണ പ്രതീക്ഷിച്ച പ്രകടനം ആവർത്തിക്കാൻ സാധിച്ചില്ലെന്നും ശ്രേയ മനോരമ ഓൺലൈനിനോടു പറഞ്ഞു. കഴിഞ്ഞ മീറ്റിൽ 100 മീറ്റർ, 200 മീറ്റർ സ്പ്രിന്റ് ഇനങ്ങളിൽ ശ്രദ്ധയ്ക്ക് ഒന്നാം സ്ഥാനമുണ്ടായിരുന്നു.
400 മീറ്ററില്‍ 57.75 സെക്കൻഡിലാണ് ശ്രേയ ഫിനിഷ് ഇത്തവണ ചെയ്തത്. ജൂനിയർ 400 മീറ്ററില്‍ ഒന്നാം സ്ഥാനത്തെത്തിയ നിവേദ്യ കലാധർ 57.06 സെക്കൻഡിലാണ് മുന്നിലെത്തിയത്. 200 മീറ്ററിൽ 25.69 സെക്കൻഡാണ് ശ്രേയയുടെ സമയം. ആലപ്പുഴ ലിയോ അത്‍ലറ്റിക്സ് അക്കാദമിയിലെ ജോസഫ് ആന്റണിക്കു കീഴിലാണ് ശ്രേയയുടെ പരിശീലനം.
ആലപ്പുഴ സ്വദേശിയായ ശ്രേയ, മൂന്നാം ക്ലാസു മുതൽ കഥകളി പഠിക്കുന്നുണ്ട്. സ്കൂൾ കലോത്സവങ്ങളില്‍ കഥകളി മത്സരത്തിൽ പങ്കെടുക്കാറില്ലെങ്കിലും ക്ഷേത്രങ്ങളിൽ കഥകളി അവതരിപ്പിക്കാനാണ് ശ്രേയയ്ക്കു താൽപര്യം. ഇപ്പോഴും കഥകളി പഠനം തുടരുന്നുണ്ട്. കായിക മേളയുടെ പരിശീലനത്തിരക്കായതിനാൽ കഥകളിയിലെ വലിയ വേദികൾ ഒഴിവാക്കുകയാണെന്ന് ശ്രേയ പറഞ്ഞു. ആലപ്പുഴ നാട്യകലയിലെ ഗുരു കലാമണ്ഡലം ഗണേശനു കീഴിലാണ് ശ്രേയ കഥകളി പഠിക്കുന്നത്. കഥകളിയിൽ പച്ച വേഷം അവതരിപ്പിക്കാനാണു കൂടുതൽ താൽപര്യം. പിതാവ് ശ്യാംലാലും അമ്മ രശ്മിയും അധ്യാപകരാണ്.
English Summary:









English (US) ·