ഇവിടെയാണ് മഹിറയുടെ ഈ മാതൃത്വയാത്ര മറ്റൊന്നായി മാറുന്നത്. 17 വർഷത്തെ ജീവിതാനുഭവങ്ങൾക്കുശേഷമാണ് അവർ വീണ്ടും മാതൃത്വത്തിലേക്ക് കടക്കുന്നത്. ആദ്യമായി ഗർഭിണിയായപ്പോൾ മഹിറയ്ക്ക് 24 വയസ്സായിരുന്നു. അന്ന് ആരോഗ്യനില മികച്ചതായിരുന്നതിനാൽ വലിയ ആശങ്കകളൊന്നുമില്ലാതെ ഗർഭകാലത്തെ അവർ ആസ്വദിച്ചു. എന്നാൽ ഇന്ന്, 41-ാം വയസ്സിൽ വീണ്ടും അമ്മയാകാനൊരുങ്ങുമ്പോൾ, അതേ അനുഭവം മറ്റൊരു രൂപത്തിലാണ് മഹിറയെ തേടിയെത്തുന്നത്. പ്രായത്തിനൊപ്പം ശരീരവും മനസ്സും മാറിയിരിക്കുന്നു; അതിനൊപ്പം ഗർഭകാലത്തെക്കുറിച്ചുള്ള തിരിച്ചറിവുകളും ആശങ്കകളും വർധിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ, ആദ്യ മാതൃത്വത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അനുഭവത്തിലൂടെയാണ് മഹിറ ഇത്തവണ കടന്നുപോകുന്നത്.
“ശാരീരികമായി ഇത്തവണ കൂടുതൽ ബുദ്ധിമുട്ടാണ്” എന്ന മഹിറയുടെ വാക്കുകൾ ഈ ഗർഭകാലത്തിന്റെ യാഥാർഥ്യത്തിലേക്ക് ശ്രദ്ധ കൂട്ടുന്നു. എപ്പോഴും യാത്രകളും ജോലിയും നിരവധി ഉത്തരവാദിത്വങ്ങളും കൈകാര്യം ചെയ്തിരുന്ന തനിക്ക്, ഇപ്പോൾ ചില ദിവസങ്ങളിൽ ശരീരം മനസ്സ് ആഗ്രഹിക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നാണ് അവർ പറയുന്നത്. തന്റെ ശരീരത്തിന്റെ പരിമിതികളെ അംഗീകരിക്കുക എന്നത് തന്നെ സംബന്ധിച്ച് വലിയൊരു മാറ്റമാണെന്നും താരം വ്യക്തമാക്കുന്നു.
ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം മാനസികമായ മാറ്റങ്ങളും ഈ പ്രായത്തിലെ ഗർഭകാലത്തെ കൂടുതൽ സങ്കീർണമാക്കുന്നു. പ്രായം കൂടുന്തോറും കാര്യങ്ങളെക്കുറിച്ചുള്ള അറിവും അവബോധവും വർധിക്കുന്നു. അതിനൊപ്പം ആശങ്കകളും കൂടുന്നു. ഗർഭകാലത്ത് സന്തോഷവും പ്രതീക്ഷയും മാത്രമല്ല, ഭയം, ക്ഷീണം, ദുർബലത തുടങ്ങിയ വികാരങ്ങളും അനുഭവപ്പെടുന്നുണ്ടെന്ന് മഹിറ തുറന്നുപറയുന്നു. മറ്റൊരു പ്രധാന വെല്ലുവിളി, ഇതിനകം തന്നെ ഒരു ജീവിതക്രമം രൂപപ്പെട്ടുകഴിഞ്ഞ സാഹചര്യത്തിൽ വീണ്ടും മാതൃത്വത്തിലേക്ക് കടക്കേണ്ടിവരുന്നതാണ്. ആദ്യ വിവാഹത്തിൽ നിന്നുള്ള 17 വയസ്സുള്ള മകൻ അസ്ലാനുണ്ട്. സ്വന്തം ജോലി, സ്വാതന്ത്ര്യം, ദിനചര്യകൾ എന്നിവയുമായി മുന്നോട്ടുപോയിരുന്ന ജീവിതത്തിലേക്കാണ് അപ്രതീക്ഷിതമായി മറ്റൊരു വലിയ മാറ്റം എത്തിയത്. താൻ ഈ ഘട്ടത്തിൽ എത്തുമെന്ന് ഒരിക്കലും കൃത്യമായി കരുതിയിരുന്നില്ലെന്നും അവർ പറയുന്നു.
ഇന്ത്യൻ സിനിമാപ്രേക്ഷകർക്കും മഹിറ ഖാൻ സുപരിചിതയാണ്. ഷാരൂഖ് ഖാനൊപ്പം 'റയീസ്' എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചാണ് അവർ ഇന്ത്യയിലും വലിയ ശ്രദ്ധ നേടിയത്. ബോളിവുഡിലെ സാന്നിധ്യത്തിനപ്പുറം ഇന്ത്യൻ സിനിമയുടെ വൈവിധ്യത്തോടും മഹിറയ്ക്ക് പ്രത്യേക താൽപര്യമുണ്ട്. പ്രത്യേകിച്ച് മലയാള സിനിമ തനിക്ക് ഏറെ ഇഷ്ടമാണെന്നും താരം നേരത്തെ പങ്കുവെച്ചിട്ടുണ്ട്. മികച്ച കഥകളും ശക്തമായ സംവിധാനവും മലയാള സിനിമയുടെ പ്രധാന സവിശേഷതകളാണെന്നും, മികച്ച സംവിധായകരും കഥപറച്ചിലിന്റെ മികവും കൊണ്ട് മലയാള ചലച്ചിത്രരംഗം വേറിട്ടുനിൽക്കുന്നുവെന്നും താരം അഭിപ്രായപ്പെട്ടു.
മഹിറയുടെ വാക്കുകളിൽ താൻ ഗർഭിണിയായതു ഒരു സന്തോഷം മാത്രമല്ല; സ്വന്തം ശരീരത്തെയും വികാരങ്ങളെയും ജീവിതത്തിലെ അപ്രതീക്ഷിത മാറ്റങ്ങളെയും അംഗീകരിക്കുന്ന ഒരു യാത്ര കൂടിയാണ്. എല്ലാം നമ്മുക്ക് മുൻകൂട്ടി ആസൂത്രണം ചെയ്യാൻ കഴിയില്ലെന്നും ജീവിതം ചിലപ്പോൾ നമ്മെ അപ്രതീക്ഷിതമായ വഴികളിലേക്ക് കൊണ്ടുപോകുമെന്നും അവർ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഈ ഘട്ടത്തിൽ സറണ്ടർ ചെയ്യാനും എല്ലാം താൻ നിയന്ത്രിക്കണമെന്ന ചിന്തയിൽ നിന്ന് വിട്ടുനിൽക്കാനുമാണ് മഹിറ തീരുമാനിക്കുന്നത്. സന്തോഷത്തിന്റെയും ഭയത്തിന്റെയും പ്രതീക്ഷയുടെയും കാത്തിരിപ്പിന്റെയും സമ്മിശ്ര അനുഭവമാണ് 41-ാം വയസ്സിലെ അവരുടെ രണ്ടാം ഗർഭകാലത്തെ വ്യത്യസ്തമാക്കുന്നത്.




English (US) ·