Published: July 25 , 2025 05:08 PM IST
1 minute Read
ലണ്ടന്‍∙ മുൻ താരങ്ങൾ അരങ്ങുവാഴുന്ന വേൾഡ് ചാംപ്യൻഷിപ് ഓഫ് ലെജൻഡ്സിൽ, മിന്നുന്ന ഫോം തുടർന്ന് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം എ.ബി. ഡിവില്ലിയേഴ്സ്. പ്രായം നാൽപതു പിന്നിട്ടെങ്കിലും പ്രതിഭയ്ക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ലെന്ന പ്രഖ്യാപനവുമായി ഇംഗ്ലണ്ട് ചാംപ്യൻസിനെതിരായ മത്സരത്തിൽ ഡിവില്ലിയേഴ്സ് അതിവേഗ സെഞ്ചറിയുമായി കരുത്തുകാട്ടി. 41 പന്തിൽ സെഞ്ചറി തികച്ച താരം, മത്സരത്തിലാകെ 116 റൺസുമായി പുറത്താകാതെ നിന്നു. 51 പന്തിൽ 15 ഫോറും ഏഴു പടുകൂറ്റൻ സിക്സറുകളും ഉൾപ്പെടുന്നതാണ് ഡിവില്ലിയേഴ്സിന്റെ ഇന്നിങ്സ്. 25 പന്തിൽ 29 റൺസുമായി പുറത്താകാതെ നിന്ന ഹഷിം അംല കൂടി ചേർന്നതോടെ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക 10 വിക്കറ്റിന്റെ വിജയവും സ്വന്തമാക്കി.
ഇതോടെ, കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക ആറു പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തി. കളിച്ച ഒരേയൊരു മത്സരം തോൽക്കുകയും പാക്കിസ്ഥാനെതിരായ മത്സരം ഉപേക്ഷിക്കുകയും ചെയ്ത ഇന്ത്യ ഒരു പോയിന്റുമായി അവസാന സ്ഥാനത്താണ്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 152 റൺസാണ്. മറുപടി ബാറ്റിങ്ങിൽ ഡിവില്ലിയേഴ്സ് തകർത്തടിച്ച് കരുത്തുകാട്ടിയതോടെ, 12.2 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ദക്ഷിണാഫ്രിക്ക വിജയത്തിലെത്തി. 153 റൺസ് വിജയലക്ഷ്യത്തിലേക്ക് എത്തുമ്പോൾ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിൽ ബാക്കിയായത് 52 പന്തും 10 വിക്കറ്റും.
ലിയാം പ്ലങ്കറ്റ്, രവി ബൊപ്പാര, ദിമിത്രി മസ്കരാനസ് തുടങ്ങിയ വമ്പൻമാരെ അനായാസം കൈകാര്യം ചെയ്താണ് ഡിവില്ലിയേഴ്സ് സെഞ്ചറി കുറിച്ചത്. ഓവറിൽ ശരാശരി 9 റൺസ് വഴങ്ങിയ രവി ബൊപ്പാരയുടേതാണ് ഇംഗ്ലണ്ട് നിരയിലെ ഭേദപ്പെട്ട പ്രകടനം.
നേരത്തെ, 33 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 39 റൺസെടുത്ത ഫിൽ മസ്റ്റാഡിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് 152 റൺസ് കുറിച്ചത്. സമിത് പട്ടേൽ (16 പന്തിൽ 24), ക്യാപ്റ്റൻ ഒയിൻ മോർഗൻ (14 പന്തിൽ 20), ടിം അംബ്രോസ് (16 പന്തിൽ പുറത്താകാതെ 19), ലിയാം പ്ലങ്കറ്റ് (15 പന്തിൽ പുറത്താകാതെ 13) എന്നിവരും തിളങ്ങി. ദക്ഷിണാഫ്രിക്കയ്‌ക്കായി ഇമ്രാൻ താഹിർ നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. വെയ്ൻ പാർണൽ നാല് ഓവറിൽ 36 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് സ്വന്തമാക്കി. ക്രിസ് മോറിസ്, ഡുവാൻ ഒലിവർ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
നേരത്തെ, ഡിവില്ലിയേഴ്സ് അർധസെഞ്ചറിയുമായി തിളങ്ങിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടു തന്നെയാണ് ഇന്ത്യയും കൂറ്റൻ തോൽവി വഴങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ചാംപ്യൻസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 208 റൺസായിരുന്നു. മറുപടി ബാറ്റിങ്ങിൽ 18.2 ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് മാത്രമാണ് ഇന്ത്യയ്ക്കു സ്വന്തമാക്കാൻ സാധിച്ചത്. മഴയെത്തിയതോടെ ദക്ഷിണാഫ്രിക്കയെ വിജയികളായി പ്രഖ്യാപിച്ചു. 30 പന്തുകൾ നേരിട്ട ഡിവില്ലിയേഴ്സ് നാല് സിക്സും മൂന്നു ഫോറുകളും സഹിതം 63 റൺസടിച്ചു പുറത്താകാതെനിന്ന് കളിയിലെ കേമനായി.
English Summary:








English (US) ·