Published: September 06, 2025 03:29 PM IST
1 minute Read
വെല്ലിങ്ടൻ∙ ന്യൂസീലൻഡ് ഇതിഹാസ താരം റോസ് ടെയ്‍ലർ വിരമിക്കൽ പിൻവലിച്ച് ക്രിക്കറ്റിലേക്കു തിരിച്ചുവരുന്നു. പക്ഷേ താരം കളിക്കുന്നതു ന്യൂസീലൻഡിനു വേണ്ടിയാകില്ല. ക്രിക്കറ്റിെല കുഞ്ഞൻമാരായ സമോവയ്ക്കു വേണ്ടി രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്നതിനാണ് 41–ാം വയസ്സിൽ റോസ് ടെയ്‍ലർ വിരമിക്കൽ പിൻവലിച്ചത്. 2026 ലെ ട്വന്റി20 ലോകകപ്പിന് സമോവയ്ക്ക് യോഗ്യത നേടിക്കൊടുക്കുകയാണു താരത്തിന്റെ ലക്ഷ്യം.
ഒമാനിൽ നടക്കുന്ന ഏഷ്യ– ഈസ്റ്റ് ഏഷ്യ– പസിഫിക് യോഗ്യതാ ടൂർണമെന്റിൽ റോസ് ടെയ്‍ലർ സമോവയ്ക്കായി കളിക്കാനിറങ്ങും. റോസ് ടെയ്‍ലറിന്റെ അമ്മയുടെ ജന്മനാടാണ് സമോവ. ‘‘കുറച്ചു നാളായി ഇക്കാര്യം ആലോചനയിലുള്ളതാണ്. എന്നാലിപ്പോൾ ടീം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്റെ അമ്മയുടെ നാടിനു വേണ്ടി കളിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. സമോവയ്ക്കു വേണ്ടി കളിക്കാൻ സാധിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അവരുടെ ക്രിക്കറ്റിന്റെ വളർച്ചയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു.’’– റോസ് ടെയ‍്‍ലർ ന്യൂസീലൻഡ് ക്രിക്കറ്റിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
2020 നവംബറിലാണ് റോസ് ടെയ്‍ലർ ട്വന്റി20യിൽ അവസാന രാജ്യാന്തര മത്സരം കളിച്ചത്. ന്യൂസീലൻഡിന്റെ ടോപ് സ്കോറർമാരിൽ അഞ്ചാം സ്ഥാനക്കാരനാണ് റോസ് ടെയ്‍ലർ. റോസ് ടെയ്‍ലർക്കു പുറമേ ന്യൂസീലൻഡിൽനിന്നുള്ള 32 വയസ്സുകാരൻ സീൻ സോലിയയെയും സമോവ ടീമിലെടുത്തിട്ടുണ്ട്. 32 വയസ്സുകാരനായ സീൻ വർഷങ്ങളോളം ആഭ്യന്തര ക്രിക്കറ്റിൽ ഓക്‌ലൻഡിന്റെ താരമായിരുന്നു. പക്ഷേ കിവീസിനായി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയിട്ടില്ല.
ഇരുവരും എത്തുന്നതോടെ ബാറ്റിങ് നിര കൂടുതൽ ശക്തമാക്കാമെന്ന പ്രതീക്ഷയിലാണ് സമോവ. സമോവ ബാറ്ററായ ഡാരിയസ് വിസർ 2024 ഓഗസ്റ്റിൽ വനുവാറ്റു ടീമിനെതിരെ ഒരോവറിലെ എല്ലാ പന്തും സിക്സർ പറത്തി റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചിരുന്നു. മൂന്നു വൈഡുകളുൾപ്പടെ 39 റൺസാണ് വനുവാട്ടു താരം നളിൻ നിപികോ ഈ ഓവറിൽ വഴങ്ങിയത്.
English Summary:








English (US) ·