Published: July 23 , 2025 03:56 PM IST
1 minute Read
ലണ്ടന്‍∙ വേൾഡ് ചാംപ്യൻഷിപ് ഓഫ് ലെജൻഡ്സിൽ ഇന്ത്യ ചാംപ്യൻസ് ടീമിനു തോൽവിയോടെ തുടക്കം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 88 റൺസിന്റെ വമ്പൻ തോൽവിയാണ് ഇന്ത്യ ചാംപ്യൻസ് വഴങ്ങിയത്. ഇന്ത്യൻ താരങ്ങളുടെ എതിർപ്പിനെ തുടർന്ന് പാക്കിസ്ഥാനെതിരായ ആദ്യ മത്സരം സംഘാടകർ റദ്ദാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സിന്റെ ഗംഭീര പ്രകടനമാണ് രണ്ടാം മത്സരത്തിൽ ഇന്ത്യയെ വമ്പൻ തോൽവിയിലേക്കു തള്ളിവിട്ടത്.
ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ചാംപ്യൻസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 208 റൺസായിരുന്നു. മറുപടി ബാറ്റിങ്ങിൽ 18.2 ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് മാത്രമാണ് ഇന്ത്യയ്ക്കു സ്വന്തമാക്കാൻ സാധിച്ചത്. മഴയെത്തിയതോടെ ദക്ഷിണാഫ്രിക്കയെ വിജയികളായി പ്രഖ്യാപിച്ചു. അര്‍ധ സെഞ്ചറി നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡിവില്ലിയേഴ്സാണു കളിയിലെ താരം. ടോസ് വിജയിച്ച ഇന്ത്യൻ ക്യാപ്റ്റൻ യുവരാജ് സിങ് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനു വിടുകയായിരുന്നു.
30 പന്തുകൾ നേരിട്ട ഡിവില്ലിയേഴ്സ് നാല് സിക്സും മൂന്നു ഫോറുകളും സഹിതം 63 റൺസടിച്ചു പുറത്താകാതെനിന്നു. ജോൺ ജോൺ സ്മട്സ് (17 പന്തിൽ 30), ജാക്വസ് റുഡോൾഫ് (20 പന്തിൽ 24), ഹാഷിം അംല (19 പന്തിൽ 22) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി തിളങ്ങി. ഇന്ത്യയ്ക്കായി പീയുഷ് ചൗളയും യൂസഫ് പഠാനും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ സ്കോർ 11 ൽ നിൽക്കെ ശിഖര്‍ ധവാനെയും (ഒന്ന്), 22 ൽ നിൽക്കെ റോബിന്‍ ഉത്തപ്പയെയും (രണ്ട്) നഷ്ടമായ ഇന്ത്യ ചാംപ്യന്‍സിനു പിന്നീടൊരു തിരിച്ചുവരവ് സാധ്യമായില്ല.
39 പന്തിൽ 37 റൺസെടുത്ത സ്റ്റുവർട്ട് ബിന്നിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇന്ത്യൻ ക്യാപ്റ്റൻ യുവരാജ് സിങ് ബാറ്റിങ്ങിന് ഇറങ്ങിയില്ല. പാക്കിസ്ഥാനെതിരായ മത്സരം റദ്ദാക്കിയതിനു ലഭിച്ച ഒരു പോയിന്റുള്ള ഇന്ത്യ ചാംപ്യൻസ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ഇന്ത്യൻ ബാറ്റിങ്ങിനിടെ ബൗണ്ടറി ലൈനിനു സമീപത്ത് തകർപ്പന്‍ ഫീല്‍ഡിങ്ങുമായും എബി ഡിവില്ലിയേഴ്സ് തിളങ്ങി.
എട്ടാം ഓവറിൽ യൂസഫ് പഠാനെ പുറത്താക്കാൻ ബൗണ്ടറി ലൈനിലുണ്ടായിരുന്ന ഡിവില്ലിയേഴ്സ് തകർപ്പനൊരു ഡൈവിങ് ക്യാച്ചെടുക്കുകയായിരുന്നു. എന്നാൽ ബൗണ്ടറി ലൈനിന് അപ്പുറത്തേക്കു പോകുമെന്നു വ്യക്തമായതോടെ ഡിവില്ലിയേഴ്സ് പന്ത് സരെൽ എർവിക്ക് ഇട്ടുകൊടുക്കുകയായിരുന്നു. ഡിവില്ലിയേഴ്സിന്റെ ഫീൽഡിങ് കണ്ട് ഇന്ത്യൻ ആരാധകർ ഉൾപ്പടെ ഞെട്ടി നിൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Fancode എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·