Published: December 26, 2025 03:38 PM IST Updated: December 26, 2025 10:07 PM IST
2 minute Read
തിരുവനന്തപുരം∙ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയെ തൊടാനാകാതെ ശ്രീലങ്ക. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യം കണ്ട മൂന്നാം ട്വന്റി20 മത്സരത്തില്‍ എട്ടു വിക്കറ്റ് വിജയമാണ് ആതിഥേയർ നേടിയത്. ശ്രീലങ്ക ഉയർത്തിയ 113 റൺസ് വിജയലക്ഷ്യത്തിലേക്ക് 13.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെത്തി. തകർത്തടിച്ച ഷെഫാലി വർമയുടെ ബാറ്റിങ്ങാണ് 40 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്. 42 പന്തുകൾ നേരിട്ട ഷെഫാലി മൂന്നു സിക്സുകളും 11 ഫോറുകളുമുൾപ്പടെയാണ് 79 റൺസ് അടിച്ചെടുത്തത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 18 പന്തിൽ 21 റൺസടിച്ചു പുറത്താകാതെ നിന്നു.
വമ്പന്‍ വിജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3–0ന് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ ഒരു ഭാഗത്ത് ഓപ്പണർ ഷെഫാലി വർമ തകർത്തടിച്ചപ്പോഴും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയ്ക്കു താളം കണ്ടെത്താൻ സാധിച്ചില്ല. ഒരു റൺസെടുത്ത സ്മൃതി, ഇന്ത്യൻ സ്കോർ 27ൽ നിൽക്കെ പുറത്തായി. കവിഷ ദിൽഹരിക്കാണു വിക്കറ്റ്. പവർപ്ലേ ഓവറുകളിൽ തന്നെ ഇന്ത്യ 50 പിന്നിട്ടിരുന്നു. പിന്നാലെയെത്തിയ ജെമീമ റോഡ്രിഗസിനെയും (ഒന്‍പത്) കവിഷ പുറത്താക്കി. 24 പന്തുകളിൽനിന്നാണ് ഷെഫാലി അർധ സെഞ്ചറി കടന്നത്. ഷെഫാലിക്കു മികച്ച പിന്തുണയുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പുറത്താകാതെനിന്നതോടെ 13.2 ഓവറിൽ ഇന്ത്യ വിജയത്തിലെത്തി.
IND Women won by 8 wickets (with 40 balls remaining)
![]()
SL
112-7 20/20
![]()
IND
115-2 13.2/20
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുത്തു. രേണുക സിങ് ഇന്ത്യയ്ക്കായി നാലു വിക്കറ്റുകളും ദീപ്തി ശർമ മൂന്നു വിക്കറ്റുകളും വീഴ്ത്തി. 32 പന്തില്‍ 27 റൺസെടുത്ത ഇമേഷ ദുലാനിയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഹാസിനി പെരേര (18 പന്തിൽ 25), കവിഷ ദിൽഹരി (13 പന്തിൽ 20), കൗശിനി നുത്യാംഗന (16 പന്തില്‍ 19) എന്നിവരാണ് ശ്രീലങ്കൻ നിരയിലെ മറ്റു പ്രധാന സ്കോറർമാർ.
ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ശ്രീലങ്കയ്ക്ക് 32 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു. ഓപ്പണർമാരായ ഹാസിനി പെരേര (18 പന്തിൽ 25), ക്യാപ്റ്റൻ ചമരി അട്ടപ്പട്ടു (12 പന്തിൽ മൂന്ന്), ഹർഷിത സമരവിക്രമ (നാലു പന്തിൽ രണ്ട്) എന്നീ മുൻനിര വിക്കറ്റുകളാണു ശ്രീലങ്കയ്ക്കു പവര്‍പ്ലേ ഓവറുകളിൽ നഷ്ടമായത്. ആദ്യ നാലോവറുകളിൽ വിക്കറ്റു പോകാതെ ശ്രീലങ്ക പിടിച്ചുനിന്നെങ്കിലും അഞ്ചാം ഓവറിൽ ദീപ്തി ശർമ ലങ്കൻ ക്യാപ്റ്റനെ വീഴ്ത്തി. മിഡ് ഓണിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് അട്ടപ്പട്ടുവിനെ ക്യാച്ച് എടുത്തത്.
സ്കോർ 31ൽ നിൽക്കെ ആറാം ഓവറിലെ മുന്നാം പന്തിൽ ഹാസിനിയെയും ആറാം പന്തില്‍ ഹർഷിതയെയും രേണുക സിങ് വീഴ്ത്തിയതോടെ ശ്രീലങ്ക പ്രതിരോധത്തിലായി. പിന്നാലെയെത്തിയ ഇമേഷ ദുലാനിയും കവിഷ ദിൽഹരിയും കൗശിനിയും പ്രതിരോധിച്ചു നിന്നതോടെയാണ് ശ്രീലങ്ക 100 പിന്നിട്ടത്. ടോസ് വിജയിച്ച ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ശ്രീലങ്കയെ ബാറ്റിങ്ങിനു വിടുകയായിരുന്നു.
ഇന്ത്യ പ്ലേയിങ് ഇലവൻ– സ്മൃതി മന്ഥന, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശര്‍മ, അമൻജ്യോത് കൗർ, ക്രാന്തി ഗൗഡ്, വൈഷ്ണവി ശർമ, ശ്രീചരണി, രേണുക സിങ്.
ശ്രീലങ്ക പ്ലേയിങ് ഇലവൻ– ഹാസിനി പെരേര, ചമരി അട്ടപ്പട്ടു (ക്യാപ്റ്റൻ), ഹർഷിത സമരവിക്രമ, ഇമേഷ ദുലാനി, നിലക്ഷിക സിൽവ, കവിഷ ദിൽഹരി, കൗശിനി നുത്യാംഗന, മൽഷ ഷെഹാനി, ഇനോക രണവീര, മാൽകി മദാര, നിമാഷ മീപാഗെ.
English Summary:








English (US) ·