Published: May 27 , 2025 05:40 PM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിൽ 427 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒരു ക്ലബ്ബ് 424 റൺസ് തോൽവി വഴങ്ങി!. മിഡിൽസെക്സ് കൗണ്ടി ക്രിക്കറ്റ് ലീഗ് ടൂർണമെന്റിൽ നോർത്ത് ലണ്ടന്‍ ഇലവനും റിച്ച്മോണ്ട് ക്രിക്കറ്റ് ക്ലബ്ബ് ഇലവനും തമ്മിലുള്ള മത്സരത്തിലാണു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവങ്ങൾ അരങ്ങേറിയത്. നോർത്ത് ലണ്ടൻ വമ്പൻ വിജയം നേടിയപ്പോൾ റിച്ച്മോണ്ട് നാണക്കേടിന്റെ പടുകുഴിയിലേക്കു വീണു.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത നോർത്ത് ലണ്ടൻ 45 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 426 റൺസെടുത്തു. 20 ഫോറുകളും നാലു സിക്സുകളും അടിച്ച് 140 റൺസെടുത്ത ഡാനിയൽ സിമ്മൺസാണ് നോർത്ത് ലണ്ടൻ ക്ലബ്ബിന്റെ ടോപ് സ്കോറർ. റിച്ച്മോണ്ട് ബോളർമാർ 16 നോബോളുകളും 65 വൈഡുകളും എറിഞ്ഞതോടെ നോർത്ത് ലണ്ടന്റെ സ്കോർ കുതിച്ചുയർന്നു.
മറുപടി ബാറ്റിങ്ങിൽ റിച്ച്മോണ്ട് ക്രിക്കറ്റ് ക്ലബ്ബ് 5.4 ഓവറിൽ രണ്ടു റൺസെടുത്ത് ഓൾഔട്ടായി. ടീമിലെ എട്ടു ബാറ്റർമാർ റണ്ണൊന്നും നേടാതെ പുറത്തായതാണ് റിച്ച്മോണ്ടിനെ വലിയ തോൽവിയിലേക്കു തള്ളിവിട്ടത്. ഒരു റണ്ണെടുത്തു പുറത്തായ ടോം പെട്രിഡ്സാണ് റിച്ച്മോണ്ടിന്റെ ടോപ് സ്കോറർ. ഒരു റൺ എക്സ്ട്രാസ് ആയും കിട്ടി. അങ്ങനെ രണ്ടു റൺസ് ആയി. നോർത്ത് ലണ്ടൻ ബോളറായ മാത്യു റോസൻ റണ്ണൊന്നും വഴങ്ങാതെ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. തുടർച്ചയായി വിക്കറ്റുകൾ വീണതോടെ 5.4 ഓവറിൽ റിച്ച്മോണ്ടിന്റെ ഇന്നിങ്സ് അവസാനിച്ചു.
ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആദം ഗിൽക്രിസ്റ്റ് കരിയറിന്റെ തുടക്കകാലത്ത് കളിച്ചിട്ടുള്ള ക്ലബ്ബാണ് റിച്ച്മോണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറുന്നതിനു മുൻപ് 17–ാം വയസ്സിലാണ് ആദം ഗിൽക്രിസ്റ്റ് റിച്ച്മോണ്ടിനു വേണ്ടി കളിച്ചത്. പ്രധാന താരങ്ങളെ ലഭിക്കാതിരുന്നതിനാൽ, താൽക്കാലികമായി തയാറാക്കിയ ടീമാണു കളിക്കാനിറങ്ങിയതെന്ന് ക്ലബ്ബിന്റെ ഡെപ്യൂട്ടി ചെയര്‍മാൻ സ്റ്റീവ് ഡീക്കിൻ പ്രതികരിച്ചു. ക്ലബ്ബ് കളിക്കാനിറക്കിയതില്‍ പലരും മുൻപരിചയം പോലുമില്ലാത്ത കൗമാരക്കാരാണെന്നും സ്റ്റീവ് വ്യക്തമാക്കി.
English Summary:








English (US) ·