431 റണ്‍സ് അടിച്ചെടുത്തു, ദക്ഷിണാഫ്രിക്കയെ 155-ന് എറിഞ്ഞിട്ടു; കൂറ്റന്‍ ജയവുമായി ഓസീസ് 

4 months ago 6

ക്വീന്‍സ്ലാന്‍ഡ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ കൂറ്റന്‍ ജയവുമായി ഓസ്‌ട്രേലിയ. 276 റണ്‍സിനാണ് ഓസീസിന്റെ ജയം. ഓസീസ് ഉയര്‍ത്തിയ 432 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 155 റണ്‍സിന് പുറത്തായി. ഓസീസിനായി കൂപ്പര്‍ കൊണോലി അഞ്ച് വിക്കറ്റെടുത്തു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.

432 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തകര്‍ച്ചയോടെയാണ് തുടങ്ങിയത്. എയ്ഡന്‍ മാര്‍ക്രം(2), റിയാന്‍ റിക്കെല്‍ട്ടണ്‍(11) തെംബ ബാവുമ(19), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (1) എന്നിവരേ വേഗം നഷ്ടമായി. അതോടെ ടീം 50-4 എന്ന നിലയിലായി. ടോണി ഡി സോര്‍സി, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരാണ് അല്‍പ്പമെങ്കിലും പൊരുതിയത്. സോര്‍സി 33 റണ്‍സും ബ്രെവിസ് 49 റണ്‍സുമെടുത്ത് പുറത്തായി. പിന്നാലെ വന്നവര്‍ക്കാര്‍ക്കും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. വിയാന്‍ മുള്‍ഡര്‍(5), കോര്‍ബിന്‍ ബോഷ്(17), കേശവ് മഹാരാജ് എന്നിവരും വേഗം കൂടാരം കയറി. അതോടെ ടീം 155 റണ്‍സിന് പുറത്തായി.

ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ സെഞ്ചുറിയും അലക്‌സ് കാരിയുടെ അര്‍ധസെഞ്ചുറിയുമാണ് ഓസീസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഓപ്പണര്‍മാരായ ഹെഡും മിച്ചല്‍ മാര്‍ഷും ഉജ്വല തുടക്കമാണ് ഓസീസിന് സമ്മാനിച്ചത്. ഇരുവരും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ഓസീസ് സ്‌കോര്‍ കുതിച്ചു. 250 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടാണ് ഹെഡും ഓസീസ് നായകന്‍ മാര്‍ഷും പടുത്തുയര്‍ത്തിയത്. 103 പന്തില്‍ നിന്ന് 142 റണ്‍സെടുത്ത ഹെഡിന്റെ വിക്കറ്റ് ആദ്യം ഓസീസിന് നഷ്ടമായി. 17 ഫോറും അഞ്ച് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് ഹെഡ് 142 റണ്‍സെടുത്തത്.

ടീം സ്‌കോര്‍ 267-ല്‍ നില്‍ക്കേ മാര്‍ഷും പുറത്തായി. 106 പന്തില്‍ നിന്ന് മാര്‍ഷ് 100 റണ്‍സെടുത്തു. ആറുഫോറുകളും അഞ്ച് സിക്‌സറുകളും അടക്കമാണ് മാര്‍ഷ് സെഞ്ചുറി തികച്ചത്. പിന്നീട് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച കാമറൂണ്‍ ഗ്രീനും അലക്‌സ് കാരിയും സ്‌കോര്‍ വീണ്ടും ഉയര്‍ത്തി. ഗ്രീന്‍ വെടിക്കെട്ട് പുറത്തെടുത്തതോടെ പ്രോട്ടീസ് പ്രതിരോധത്തിലായി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും ഗ്രീന്‍ പ്രഹരിച്ചു. അതോടെ ഓസീസ് സ്‌കോര്‍ 400-കടന്നു. ഒടുവില്‍ നിശ്ചിത 50 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ 431 റണ്‍സെടുത്തു. 55 പന്തില്‍ ആറുഫോറുകളും എട്ട് സിക്‌സറുകളും അടക്കം ഗ്രീന്‍ 118 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. അലക്‌സ് കാരി 37 പന്തില്‍ നിന്ന് 50 റണ്‍സെടുത്തു.

Content Highlights: Australia bushed South Africa odi match

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article