
Photo: x.com/Resenhadb, x.com/FluminenseFC/
ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച മുന്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടന്റെ റെക്കോഡിനൊപ്പമെത്തി ബ്രസീല്‍ ക്ലബ്ബ് ഫ്‌ളുമിനെന്‍സ് ഗോള്‍കീപ്പര്‍ ഫാബിയോ. ബ്രസീലിയന്‍ ഫുട്‌ബോള്‍ ലീഗ് സീരി എയില്‍ ഫോര്‍ട്ടാലസയ്‌ക്കെതിരേ കഴിഞ്ഞ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ ഫാബിയോ കരിയറില്‍ 1,390 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.
44 വയസുകാരനാണ് ഫാബിയോ. പ്രൊഫഷണല്‍ കരിയറില്‍ ഇത് താരത്തിന്റെ 28-ാം വര്‍ഷമാണ്. കരിയറില്‍ യൂണിയോ ബാന്‍ഡെയ്‌റാന്റെ (30 മത്സരങ്ങള്‍), വാസ്‌കോഡ ഗാമ (150), ക്രുസെയ്‌റോ (976), ഫ്‌ളുമിനെന്‍സ് (234) എന്നീ ക്ലബ്ബുകള്‍ക്കായാണ് താരം കളിച്ചത്. ക്രുസെയ്‌റോയില്‍ 16 വര്‍ഷക്കാലമാണ് ഫാബിയോ കളിച്ചത്. ക്ലബ്ബിനൊപ്പം രണ്ട് ബ്രസീലിയന്‍ ചാമ്പ്യന്‍ഷിപ്പുകളും രണ്ട് കോപ്പ ഡോ ബ്രസീല്‍ കിരീടങ്ങളും നേടി. 2022-ലാണ് ഫ്‌ളുമിനെന്‍സിലെത്തുന്നത്. കോപ്പ ലിബര്‍ട്ടഡോറസ്, റെക്കോപ്പ സുഡാമെറിക്കാന കിരീട നേട്ടങ്ങളില്‍ ഫ്‌ളുമിനെന്‍സിനൊപ്പം പങ്കാളിയായി.
1,390 മത്സരങ്ങള്‍ കളിച്ച പീറ്റര്‍ ഷില്‍ട്ടന്റെ നേട്ടം ഗിന്നസ് റെക്കോഡും ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി & സ്റ്റാറ്റിസ്റ്റിക്‌സും രേഖപ്പെടുത്തിയിട്ടുണ്ട്. 1966-ല്‍ കരിയര്‍ ആരംഭിച്ച ഷില്‍ട്ടണ്‍ 1997-ലാണ് വിരമിക്കുന്നത്.
ഷില്‍ട്ടണും ഫാബിയോക്കും ശേഷം ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 1283 മത്സരങ്ങളാണ് റോണോയുടെ അക്കൗണ്ടിലുള്ളത്. റോഗ്രിയോ സെനി (1,265), ഫ്രാന്റിസെക് പ്ലാനിക്ക (1,187) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.
അതേസമയം ചൊവ്വാഴ്ച ഫ്‌ളുമിനെന്‍സ് കൊളംബിയന്‍ ടീമായ അമേരിക്ക ഡി കാലിയെ നേരിടും. ഈ മത്സരത്തില്‍ ഷില്‍ട്ടന്റെ റെക്കോഡ് മറികടക്കാന്‍ ഫാബിയോക്ക് സാധിക്കും.
Content Highlights: Brazilian goalkeeper Fabio has equaled Peter Shilton`s grounds for astir shot matches played








English (US) ·