45 പന്തിൽ സെഞ്ചറിയടിച്ച്് ക്യാപ്്റ്റൻ ഇഷാൻ കിഷൻ (10 സിക്സ്, 6 ഫോർ), അഭിഷേകിന്റെ റെക്കോർഡിനൊപ്പം; ജാർഖണ്ഡ് മുഷ്താഖ് അലി ട്രോഫി ചാംപ്യന്മാർ

1 month ago 2

ഓൺലൈൻ ഡെസ്‌ക്

Published: December 18, 2025 09:10 PM IST Updated: December 18, 2025 09:35 PM IST

1 minute Read

X
സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിൽ ഹരിയാനയ്ക്കെതിരെ സെഞ്ചറി നേടിയ ജാർഖണ്ഡ്് ക്യാപ്റ്റൻ ഇഷാൻ കിഷൻ. ചിത്രം:X

പുണെ∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ചാംപ്യന്മാരായി ജാർഖണ്ഡ്. പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഹരിയാനയെ 69 റൺസിനു തോൽപ്പിച്ചാണ് ജാർഖണ്ഡ് കിരീടം ചൂടിയത്. സെഞ്ചറിയുമായി മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ ഇഷാൻ കിഷനാണ് (49 പന്തിൽ 101) ആണ് ജാർഖണ്ഡിന്റെ വിജയശിൽപി. ആദ്യം ബാറ്റു ചെയ്ത ജാർഖണ്ഡ് ഉയർത്തിയ 263 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഹരിയാന, 18.3 ഓവറിൽ 193 റൺസിന് ഓൾഔട്ടാകുകായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടുന്ന 12–ാം സംസ്ഥാനമാണ് ജാർഖണ്ഡ്.

ടോസ് നേടിയ ഹരിയാന ക്യാപ്റ്റൻ അങ്കിത് കുമാർ, ജാർഖണ്ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർ വിരാട് സിങ്ങിനെ (2) ആദ്യ ഓവറിൽ തന്നെ നഷ്ടമായെങ്കിലും ക്യാപ്റ്റൻ ഇഷാൻ കിഷനും മൂന്നാമനായി ഇറങ്ങിയ കുമാർ കുശാഗ്രയും (38 പന്തിൽ 81) ചേർന്ന് ജാർഖണ്ഡിനെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച്, ഒരേപോലെ അടിച്ചുകളിച്ചതോടെ ജാർഖണ്ഡ് സ്കോർ കുതിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 177 റൺസാണ് കൂട്ടിച്ചേർത്തത്. 45 പന്തിലാണ് ട്വന്റി20യിലെ തന്റെ ആറാം സെഞ്ചറി ഇഷാൻ കുറിച്ചത്. സയ്യിദ് മുഷ്താഖ്് അലി ട്രോഫിയിൽ ഇഷാന്റെ അഞ്ചാമത്തെ സെഞ്ചറിയാണിത്. ഇതോടെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സെഞ്ചറി നേടിയവരിൽ അഭിഷേക് ശർമയ്ക്കൊപ്പമെത്തി താരം. ഈ സീസണിൽ ഇഷാന്റെ രണ്ടാം സെഞ്ചറിയുമാണിത്.

ഫൈനലിൽ 10 സിക്സും ആറു ഫോറുമാണ് ഇഷാൻ അടിച്ചത്. ഇതോടെ ഏതെങ്കിലുമൊരു ട്വന്റി20 ടൂർണമെന്റ് സീസണിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ വിക്കറ്റ് കീപ്പർ– ക്യാപ്റ്റന്മാരിൽ എം.എസ്.ധോണിയെയും ഇഷാൻ മറികടന്നു. 2018 ഐപിഎൽ സീസണിൽ 30 സിക്സാണ് ധോണി നേടിയത്. ഇഷാൻ ഈ ടൂർണമെന്റിൽ 33 സിക്സടിച്ചു. സെഞ്ചറിക്കു പിന്നാലെ ഇന്നിങ്സിന്റെ 15–ാം ഓവറിൽ സുമിത് കുമാറാണ് ഇഷാനെ പുറത്താക്കിയത്. അധികം വൈകാതെ കുശാഗ്രയും പുറത്തായെങ്കിലും അനുകുൽ റോയ് (20 പന്തിൽ 40*), റോബിൻ മിൻസ് (14 പന്തിൽ 31*) എന്നിവർ ചേർന്ന് ജാർഖണ്ഡിനെ കൂറ്റൻ ടോട്ടലിലെത്തിക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ, ആദ്യ ഓവറിൽ തന്നെ ഹരിയാനയുടെ രണ്ടു വിക്കറ്റുകൾ വീണു. പിന്നീട് യശ്വർദ്ധൻ ദലാൽ (22 പന്തിൽ 53), നിശാന്ത് സിന്ധു (15 പന്തിൽ 31), സാമന്ത് ജാഖർ (17 പന്തിൽ 38) എന്നിവരുടെ ബാറ്റിങ്ങാണ് ഹരിയാനയെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്. എങ്കിലും വിജയത്തിലെത്താൻ‌ അതു പര്യാപ്തമായിരുന്നില്ല. ജാർഖണ്ഡിനായി സുശാന്ത് മിശ്ര, ബാൽ കൃഷ്ണ എന്നിവർ മൂന്നു വിക്കറ്റ് വീതം നേടിയപ്പോൾ വികാസ് സിങ്, അനുകുൽ റോയ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.

English Summary:

Syed Mushtaq Ali Trophy witnessed Jharkhand's triumph implicit Haryana successful the final. Ishan Kishan's period led Jharkhand to a monolithic total, securing their title triumph successful the tournament.

Read Entire Article