ബെംഗളൂരു∙ രണ്ടു പതിറ്റാണ്ടു നീണ്ട കരിയറിനു വിരാമമിട്ട് പ്രഫഷനൽ ടെന്നിസിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ. പുരുഷ ഗ്രാൻസ്‌ലാമിലെ ഏതെങ്കിലും വിഭാഗത്തിൽ ചാംപ്യനാകുന്ന ഏറ്റവും പ്രായം കൂടിയ താരം, ഡബിൾസ് ടെന്നിസിൽ പ്രായം കൂടിയ ലോക ഒന്നാം നമ്പർ താരം എന്നീ റെക്കോർഡുകൾ സ്വന്തമാക്കിയശേഷമാണ് 45 വയസ്സുകാരൻ രോഹൻ ബൊപ്പണ്ണ ടെന്നിസ് കോർട്ടിനോടു വിടപറയുന്നത്.
‘‘നിങ്ങളുടെ ജീവിതത്തിന് അർഥം നൽകിയ ഒന്നിനോട് എങ്ങനെയാണ് വിടപറയുന്നത്? 20 അവിസ്മരണീയമായ വർഷത്തെ യാത്രയ്ക്കു ശേഷം, സമയമായി... ഞാൻ ഔദ്യോഗികമായി എന്റെ റാക്കറ്റ് താഴെവയ്ക്കുകയാണ്. ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. ഓരോ തവണയും കോർട്ടിൽ കാലുകുത്തുമ്പോൾ ആ പതാകയ്ക്കും, ആ വികാരത്തിനും, ആ അഭിമാനത്തിനും വേണ്ടിയാണ് ഞാൻ കളിച്ചത്.’’– " വികാരഭരിതമായ വിരമിക്കൽ പ്രഖ്യാപനത്തിൽ ബൊപ്പണ്ണ കുറിച്ചു.
കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് ചാംപ്യനായാണ് ബൊപ്പണ്ണ ചരിത്രം സൃഷ്ടിച്ചത്. ഓസ്ട്രേലിയൻ താരം മാത്യു എബ്ഡനൊപ്പം ചേർന്നായിരുന്നു ബൊപ്പണ്ണയുടെ കിരീടനേട്ടം. ഇതോടെ പുരുഷ ഗ്രാൻസ്‌ലാമിലെ ഏതെങ്കിലും വിഭാഗത്തിൽ ചാംപ്യനാകുന്ന ഏറ്റവും പ്രായം കൂടിയ താരമായി നാൽപ്പത്തിമൂന്നാം വയസ്സിൽ ബൊപ്പണ്ണ. കരിയറിൽ ബൊപ്പണ്ണയുടെ രണ്ടാം ഗ്രാൻസ്‌ലാം കിരീടമാണിത്. 2017ൽ കനേഡിയൻ താരം ഗബ്രിയേല ദബ്രോവ്സ്കിക്കൊപ്പം ചേർന്ന് ഫ്രഞ്ച് ഓപ്പൺ മിക്സ്ഡ് ഡബിൾസ് കിരീടം നേടിയിരുന്നു.
ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കൂടിയ പുരുഷതാരം എന്ന റെക്കോർഡും ബൊപ്പണ്ണയ്ക്കു സ്വന്തമായി. യുഎസ് താരം മൈക് ബ്രയാനെയാണ് (41 വയസ്സ്) ബൊപ്പണ്ണ മറികടന്നത്. ലിയാൻഡർ പെയ്സ്, മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവർക്കു ശേഷം ഡബിൾസ് ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഇന്ത്യൻ താരം കൂടിയാണ് ബൊപ്പണ്ണ. നാല് ഗ്രാൻസ്‌ലാം ഫൈനലുകളും ബൊപ്പണ്ണ കളിച്ചിട്ടുണ്ട് - രണ്ട് പുരുഷ ഡബിൾസിൽ (2020 യുഎസ് ഓപ്പണിൽ ഐസാം-ഉൽ-ഹഖ് ഖുറേഷിയും 2023 യുഎസ് ഓപ്പണിൽ എബ്ഡനൊപ്പം), രണ്ട് മിക്‌സഡ് ഡബിൾസിൽ (2018 ഓസ്‌ട്രേലിയൻ ഓപ്പണിൽ ടിമിയ ബാബോസും 2023 ഓസ്‌ട്രേലിയൻ ഓപ്പണിൽ സാനിയ മിർസയും ചേർന്ന്). പാരിസ് മാസ്റ്റേഴ്സ് 1000ത്തിലാണ് ബൊപ്പണ്ണ ഏറ്റവുമൊടുവിൽ കോർട്ടിലിറങ്ങിയത്.
കൂർഗിലെ കാപ്പിത്തോട്ടമുടമ എം.ജി.ബൊപ്പണ്ണയുടെ മകൻ രോഹൻ ബൊപ്പണ്ണ ടെന്നിസിനോടുള്ള സ്നേഹം മൂത്താണ് ബെംഗളൂരിലേക്ക് ചേക്കേറിയത്. പതിനൊന്നാം വയസിൽ കളിയുടെ തുടക്കം. ഇന്ത്യൻ ഡേവിസ് കപ്പ് ടീമിൽ 2002 ൽ എത്തിയ ബൊപ്പണ്ണ പിന്നീട് ലോകത്തെ മികച്ച ഡബിൾസ് കളിക്കാരനെന്ന നിലയിൽ ശ്രദ്ധേയനായി. പെയ്സും ഭൂപതിയും തലഉയർത്തി നിന്ന ഇന്ത്യൻ ടെന്നിസിൽ അവരുടെ നിഴലായി നിന്ന ബൊപ്പണ്ണ 2010 ഡേവിസ് കപ്പിൽ ബ്രസീലിനെ തോൽപ്പിച്ച് ഇന്ത്യയെ വീണ്ടും ലോകഗ്രൂപ്പിലെത്തിച്ച് ശ്രദ്ധേയനായി.
ബൊപ്പണ്ണയുടെ ഡബിൾസ് കരിയറിലെ നല്ല കാലം പാക്ക് താരം ഐസം ഖുറേഷിയുമായിച്ചേർന്നു കളിച്ചതായിരുന്നു. ഇരുവരും ഒരു തവണ വിമ്പിൾഡൻ ക്വാർട്ടർ ഫൈനലിലും 2010 ൽ യുഎസ് ഓപ്പൺ ഫൈനലിലും എത്തി. പാക്ക് –ഇന്ത്യൻ എക്സ്പ്രസ് എന്നറിയപ്പെട്ടിരുന്ന സഖ്യം യുഎസ് ഓപ്പൺ തോൽവിയോടെ വേർ പിരിഞ്ഞു. ഇന്ത്യൻ ടെന്നിസിലെ പടലപിണക്കങ്ങളുടെ നായകസ്ഥാനത്തും രോഹൻ എന്നും ഒന്നാം സീഡായിരുന്നു.ലിയാൻഡർ പെയ്സുമൊത്ത് ഡബിൾസ് കളിക്കാനാവില്ലെന്ന രോഹന്റെ നിലപാട് ഇന്ത്യൻ ടെന്നിസിനെ പലപ്പോഴും മുൾമുനയിൽ നിർത്തി.
English Summary:








English (US) ·