Published: December 02, 2025 08:50 PM IST
1 minute Read
ലക്നൗ∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ മുംബൈയ്ക്കായി സെഞ്ചറി തികച്ച് ഇന്ത്യൻ യുവതാരം സർഫറാസ് ഖാൻ. ചൊവ്വാഴ്ച ലക്നൗവിൽ നടന്ന അസമിനെതിരായ പോരാട്ടത്തിലാണ് സർഫറാസ് ഖാൻ ട്വന്റി20 കരിയറിലെ ആദ്യ സെഞ്ചറി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിനു പിന്നാലെ സർഫറാസിനെ ടീമിലുൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണു താരത്തിന്റെ ഗംഭീര പ്രകടനം. കഠിനപരിശീലനത്തിലൂടെ ഭാരം കുറച്ച സർഫറാസ് രണ്ടു വര്‍ഷത്തിനിടെ കളിക്കുന്ന ആദ്യ ട്വന്റി20 മത്സരമാണിത്.
മുംബൈ ഇന്നിങ്സിന്റെ അവസാന പന്തിലായിരുന്നു സർഫറാസ് സെഞ്ചറി തികച്ചത്. 47 പന്തിൽ 100 റണ്‍സ് നേടിയ താരം ഏഴു സിക്സുകളും എട്ടു ഫോറുകളും ബൗണ്ടറി കടത്തി പുറത്താകാതെനിന്നു. സെഞ്ചറി നേടിയതിനു പിന്നാലെ വൈകാരികമായാണ് സര്‍ഫറാസ് ഗ്രൗണ്ടിൽ പ്രതികരിച്ചത്. ആഘോഷങ്ങൾക്കിടെ നോണ്‍സ്ട്രൈക്കറായിരുന്ന ബാറ്റർ സർഫറാസിനെ നിയന്ത്രിച്ചു നിർത്തുന്നതും വിഡിയോയിലുണ്ട്.
മത്സരത്തിൽ 98 റൺസ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു. സർഫറാസിനു പുറമേ, അജിൻക്യ രഹാനെ (33 പന്തില്‍ 42), സായ്‍രാജ് ബി. പാട്ടീൽ (ഒൻപതു പന്തിൽ 25), ആയുഷ് മാത്രെ (15 പന്തിൽ 21), സൂര്യകുമാർ യാദവ് (12 പന്തിൽ 20) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി.
മറുപടി ബാറ്റിങ്ങിൽ തകർന്നടിഞ്ഞ അസം 19.1 ഓവറിൽ 122 റൺസെടുത്തു പുറത്തായി. 33 പന്തിൽ 41 റൺസടിച്ച മധ്യനിര താരം ശിബ്ശങ്കർ റോയി മാത്രമാണ് അസമിനായി തിളങ്ങിയത്. രണ്ടു പന്തുകൾ നേരിട്ട ക്യാപ്റ്റൻ റിയാൻ പരാഗ് പൂജ്യത്തിനു പുറത്തായി. മൂന്നോവറുകൾ പന്തെറിഞ്ഞ പേസർ ഷാർദൂൽ ഠാക്കൂർ 23 റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കി.
English Summary:








English (US) ·