Published: July 07 , 2025 11:41 AM IST
1 minute Read
ബർമിങ്ങാം∙ എജ്ബാസ്റ്റൻ ടെസ്റ്റിലെ തകർപ്പൻ ബോളിങ് പ്രകടനത്തിലൂടെ ജസ്പ്രീത് ബുമ്രയ്ക്കു പോലുമില്ലാത്ത റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പേസർ ആകാശ്ദീപ്. 49 വർഷത്തിനിടെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലെ ആദ്യ അഞ്ചു ബാറ്റർമാരിൽ നാലു പേരുടെയും വിക്കറ്റ് ഒരു ഇന്നിങ്സിൽ നേടുന്ന ബോളറെന്ന റെക്കോർഡാണ് ആകാശ്ദീപിനെ തേടിയെത്തിയത്. ബർമിങ്ങാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ബെൻ ഡക്കറ്റ് (15 പന്തിൽ 25), ഒലി പോപ് (50 പന്തിൽ 24), ജോ റൂട്ട് (16 പന്തിൽ ആറ്), ഹാരി ബ്രൂക്ക് (31 പന്തിൽ 23) എന്നീ താരങ്ങളെയാണ് ആകാശ്ദീപ് പുറത്താക്കിയത്.
‘ടോപ് ഫൈവിൽ’ സാക് ക്രൗലിയുടെ വിക്കറ്റു മാത്രം മുഹമ്മദ് സിറാജ് സ്വന്തമാക്കി. 1976ൽ വിൻഡീസ് ഇതിഹാസ താരം മൈക്കൽ ഹോൾഡിങ്ങിനു ശേഷം ഈ റെക്കോർഡ് സ്വന്തമാക്കുന്ന താരമാണ് ആകാശ്ദീപ്. ആദ്യ ഇന്നിങ്സില്‍ നാലും രണ്ടാം ഇന്നിങ്സിൽ ആറും വിക്കറ്റുകൾ നേടിയ ആകാശ്ദീപ് പത്ത് വിക്കറ്റുകൾ ആകെ വീഴ്ത്തി. പേസ് ബോളര്‍ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ് ആകാശ്ദീപിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചത്.
ഇന്ത്യ തോറ്റ ആദ്യ മത്സരത്തിൽ ആകാശ്ദീപ് കളിച്ചിരുന്നില്ല. ലോര്‍ഡ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ബുമ്ര ടീമിലേക്കു തിരിച്ചെത്തുമ്പോൾ ആകാശ്ദീപ് ടീമിൽ തുടരുമോയെന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. വിക്കറ്റു വീഴ്ത്താൻ ബുദ്ധിമുട്ടുന്ന പ്രസിദ്ധ് കൃഷ്ണയെ പുറത്തിരുത്തി ബുമ്രയെയും ആകാശ്ദീപിനെയും ഒരുമിച്ചു കളിപ്പിക്കാനും സാധ്യതയുണ്ട്. ജൂലൈ പത്തിനാണ് മൂന്നാം ടെസ്റ്റിന് തുടക്കമാകുന്നത്.
Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് X@BCCI എന്ന അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
English Summary:








English (US) ·