5.25 ലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യം 2026 ഫുട്ബോൾ ലോകകപ്പിന്; കെയ്പ് വെർഡി അത്ര ചെറിയ രാജ്യമല്ല!

3 months ago 3

മനോരമ ലേഖകൻ

Published: October 15, 2025 07:28 AM IST Updated: October 15, 2025 07:43 AM IST

1 minute Read

ലോകകപ്പ് ഫുട്ബോളിന് യോഗ്യതയുറപ്പിച്ച കെയ്പ് വെർഡി ടീമംഗങ്ങൾ ദേശീയ പതാകയുമായി 
ആഹ്ലാദത്തിൽ.
ലോകകപ്പ് ഫുട്ബോളിന് യോഗ്യതയുറപ്പിച്ച കെയ്പ് വെർഡി ടീമംഗങ്ങൾ ദേശീയ പതാകയുമായി ആഹ്ലാദത്തിൽ.

പ്രായ (കെയ്പ് വെർഡി) ∙ ലോക ഫുട്ബോളിന്റെ ഭൂപടത്തിൽ കെയ്പ് വെർഡി ഇനിയൊരു ചെറിയ രാജ്യമല്ല. കേരളത്തിന്റെ ഭൂപടത്തിലെ കൊല്ലം കോർപറേഷന്റെ ജനസംഖ്യ മാത്രമുള്ള ഒരു രാജ്യമായിട്ടും, കെയ്പ് വെർഡി അടുത്ത വർഷത്തെ ഫുട്ബോൾ ലോകകപ്പിനു യോഗ്യത നേടി.

വെറും 5.25 ലക്ഷം മാത്രം ജനസംഖ്യയുള്ള ആഫ്രിക്കൻ ദ്വീപ് രാജ്യമായ കെയ്പ് വെർഡി യുഎസിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന അടുത്ത വർഷത്തെ ഫിഫ ലോകകപ്പിൽ മത്സരിക്കാനെത്തുമ്പോൾ അതു ചരിത്രമാവുകയാണ്.

ലോകകപ്പിന് യോഗ്യത നേടുന്ന, ഏറ്റവും കുറച്ചു ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് കെയ്പ് വെർഡി. 2018 റഷ്യ ലോകകപ്പിനു യോഗ്യത നേടിയ, മൂന്നരലക്ഷം മാത്രം ജനസംഖ്യയുള്ള ഐസ്‌ലൻഡാണ് ഈ കണക്കിൽ ഒന്നാമത്. 2026 ലോകകപ്പിന് ഇതുവരെ യോഗ്യത നേടിയ ടീമുകളിൽ ഏറ്റവും ‘കുഞ്ഞൻ’ രാജ്യവും ഫിഫ റാങ്കിങ്ങിൽ 70–ാം സ്ഥാനത്തുള്ള കെയ്പ് വെർഡിയാണ്. ‌

ആഫ്രിക്കൻ മേഖലാ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ഡിയിൽ എസ്വറ്റീനിയെ 3–0ന് തോൽപിച്ചതോടെയാണ് കെയ്പ് വെർഡിയുടെ ഭാഗ്യം തെളിഞ്ഞത്. മത്സരം ജയിച്ചതോടെ ഗ്രൂപ്പ് ചാംപ്യന്മാരായി കെയ്പ് വെർഡി യോഗ്യതാ മാർക്ക് കടന്നു. ആഫ്രിക്കൻ യോഗ്യതാ റൗണ്ടിൽ 9 ഗ്രൂപ്പുകളിലെയും ആദ്യസ്ഥാനക്കാർക്കാണ് ലോകകപ്പിനു നേരിട്ടു യോഗ്യത ലഭിക്കുക. ടീമിന്റെ നിർണായക മത്സരം കാണാൻ കെയ്പ് വെർഡി സർക്കാർ രാജ്യത്ത് ഇന്നലെ പകുതി ദിനം അവധി പ്രഖ്യാപിച്ചിരുന്നു. 

പടിഞ്ഞാറൻ ആഫ്രിക്കയിൽ മധ്യ അറ്റ്ലാന്റിക് സമുദ്രത്തിലെ 10 ദ്വീപുകൾ ചേരുന്നതാണ് ലോക ഭൂപടത്തിൽ ഒരു പൊട്ടിന്റെ മാത്രം വലുപ്പമുള്ള കെയ്പ് വെർഡി. 15–ാം നൂറ്റാണ്ടുവരെ ജനവാസമില്ലാതിരുന്ന ഇവിടം പോർച്ചുഗീസ് നാവികരുടെ സമുദ്രപര്യവേക്ഷണത്തിലാണ് കണ്ടെത്തിയത്.

 പോർച്ചുഗീസ് കോളനിയായിരുന്ന ഇവിടം 1975ൽ സ്വതന്ത്രമായി. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഭേദപ്പെട്ട ജീവിതനിലവാരവും വിദ്യാഭ്യാസ സൗകര്യങ്ങളുമുള്ള രാജ്യങ്ങളിലൊന്നാണ് കെയ്പ് വെർഡി. മുൻപു 4 തവണ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ കളിച്ച കെയ്പ് വെർഡി ടീം 2 തവണ ക്വാർട്ടർ ഫൈനൽ വരെയെത്തുകയും ചെയ്തു.

English Summary:

Cape Verde Qualifies for 2026 FIFA World Cup: A Small Nation's Giant Leap

Read Entire Article