31 August 2025, 07:32 AM IST

സംവിധായകനും നടനുമായ ജെ.പി. തുമിനാട്, 'സു ഫ്രം സോ'യുടെ പോസ്റ്റർ | ഫോട്ടോ: www.instagram.com/jp_thuminad/
മഞ്ചേശ്വരം: കന്നി ചിത്രമായ ‘സു ഫ്രം സോ’ (സുലോചന ഫ്രം സോമേശ്വര) യിലൂടെ കന്നഡ സിനിമാലോകത്തേക്കുള്ള വരവറിയിച്ചിരിക്കുകയാണ് നവാഗത സംവിധായകൻ ജെപി തുമിനാട്. ജൂലായ് 25-ന് റിലീസ് ചെയ്ത സിനിമ ആസ്വാദകഹൃദയം കവർന്ന് മുന്നേറ്റം തുടരുകയാണ്. സമീപകാല കന്നഡ സൂപ്പർഹിറ്റ് സിനിമകളുടെ ശ്രേണിയിൽ ‘സു ഫ്രം സോ’യും ഇടം കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും അഭിനേതാവുമായ ജെ.പി. തുമിനാട് എന്ന ജയപ്രകാശ് തുമിനാട്. മഞ്ചേശ്വരം തുമിനാട് സ്വദേശിയാണ്.
മഞ്ചേശ്വരത്തെ നാടകസംഘമായ ശാരദാ ആർട്സിലൂടെയാണ് കലാരംഗത്തേക്കുള്ള ജെപിയുടെ അരങ്ങേറ്റം. ചെറുപ്പത്തിൽ തന്നെ തുളു, കന്നഡ നാടകങ്ങളോട് വലിയ താത്പര്യമുണ്ടായിരുന്നു. 2018-ലാണ് സിനിമാലോകത്ത് എത്തുന്നത്. 'കട്ടപ്പാടി കുട്ടപ്പ' എന്ന തുളു സിനിമയാണ് ആദ്യമായി സംവിധാനം ചെയ്തത്. ഏഴുവർഷത്തിന് ശേഷമാണ് ‘സു ഫ്രം സോ’യിലേക്ക് എത്തുന്നത്. ഇതിനോടകം എട്ട് സിനിമകളിൽ അഭിനയിച്ചു.
കന്നഡ സിനിമയിൽ സമീപകാല ഹിറ്റുകളൊരുക്കിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ നിർദേശമാണ് ഇത്തരത്തിൽ ഒരു സിനിമയ്ക്ക് പ്രചോദനമായതെന്ന് ജെ.പി. തുമിനാട് പറയുന്നു.
ആദ്യവസാനം ആസ്വാദകരെ ചിരിപ്പിക്കുന്ന മുഴുനീള ഹൊറർ കോമഡി സിനിമയാണ് ‘സു ഫ്രം സോ’. സിനിമയിൽ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ജെ.പി.യാണ്.

നൂറുകോടി ക്ലബിൽ
ശനീൽ ഗൗതം, ദീപക് രാജ്പണാജെ, പ്രകാശ് തുമിനാട്, സന്ധ്യാ അരേകേരേ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതനായ കെ. സുമേത് സംഗീതസംവിധാനവും മലയാളിയായ സന്ദീപ് തുളസീദാസ് പശ്ചാത്തലസംഗീതവും നൽകിയിരിക്കുന്ന ചിത്രം രാജ് ബി. ഷെട്ടിയുടെ ലെറ്റർ ബുദ്ധ ഫിലിംസ് ആണ് നിർമിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രത്തിന്റെ ചിത്രം മൊഴിമാറ്റം നടത്തി പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. അഞ്ചുകോടി നിർമാണച്ചെലവുള്ള ചിത്രം ബോക്സ് ഓഫിസിൽ 100 കോടിയും പിന്നിട്ട് കുതിപ്പ് തുടരുകയാണ്.
Content Highlights: JP Tuminad's 'Su From So' Achieves Kannada Cinema Success
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·