5 മാസം, റിലീസായത് 91 സിനിമകള്‍! അതില്‍ സൂപ്പര്‍ഹിറ്റായ സിനിമകളും, വൻ നിരാശ തന്ന സിനിമകളും ഏതൊക്കെ?

3 days ago 2
മലയാള സിനിമ ലോക സിനിമയില്‍ തന്നെ ഇടം പിടിച്ചുകൊണ്ടിരിയ്ക്കുന്ന കാലമാണിത്. മലയാളത്തില്‍ സംഭവിക്കുന്ന സിനിമകള്‍ അന്യഭാഷക്കാരും കാത്തിരിയ്ക്കുന്നു. ഫസ്റ്റ് ഹാഫിന്റെ ഇന്റര്‍വെല്‍ പഞ്ചിലേക്ക് അടുക്കുന്നതിന് മുന്‍പ്, കഴിഞ്ഞ അഞ്ച് മാസം എത്ര സിനിമകള്‍ മലയാളത്തില്‍ സംഭവിച്ചു എന്നും അതില്‍ ഏതൊക്കെ വലിയ വിജയം നേടി എന്നും നോക്കാം.

ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത അപ്പുറം എന്ന സിനിമയോടുകൂടെയാണ് ഈ വര്‍ഷം ആരംഭിച്ചത്. പത്തൊന്‍പത് സിനിമകള്‍ ജനുവരിയില്‍ മാത്രം റിലീസ് ചെയ്തു. അതില്‍ ഒരു വാണിജ്യ സിനിമ എന്ന നിലയില്‍ ആദ്യം ശ്രദ്ധ നേടിയത് പെണ്ണ്‌കേസ് എന്ന ചിത്രമായിരുന്നു. ചത്തപച്ച, മാജിക് മഷ്‌റൂം, ബേബി ഗേള്‍, ശേഷിപ്പ്, വലതുവശത്തെ കള്ളന്‍, പ്രകംഭനം പോലുള്ള സിനിമകള്‍ വലിയ ഹൈപ്പോടു കൂടെ വന്നുവെങ്കിലും ഒരു സൂപ്പര്‍ ഹിറ്റ് വിജയത്തിലേക്ക് എത്താന്‍ സാധിച്ചില്ല. എന്നാല്‍ ചത്ത പച്ച, പ്രകംഭനം പോലുള്ള സിനിമകള്‍ നല്ല കലക്ഷന്‍ നേടി. ചത്ത പച്ച 35.51 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി ഏഴാം സ്ഥാനത്തും പ്രകംഭനം 23 കോടി നേടി എട്ടാം സ്ഥാനത്തും നില്‍ക്കുന്നു. ചെറിയ ബജറ്റില്‍ ചെയ്ത സിനിമ എന്ന നിലയില്‍ അത് വലിയ വിജയം തന്നെയാണ്.

ഇന്ദ്രന്‍സിന്റെ ആശാനൊപ്പമാണ് ഫെബ്രുവരി ആരംഭിച്ചത്. ഭാവനയുടെ അനോമിയും വലിയ പ്രമോഷനോടെ വന്ന സിനിമയാണ്. ജയറാമും കാളിദാസും ഒന്നിച്ച ആശകള്‍ ആയിരം എന്ന സിനിമയും ഒരു ശരാശരി വിജയത്തിലൊതുങ്ങി. മസ്തിഷ്‌ക മരണം എന്ന രജിഷ വിജയന്‍ ചിത്രമുള്‍പ്പടെ 26 സിനിമകള്‍ ഫെബ്രുവരിയില്‍ റിലീസായി എങ്കിലും ഒന്നും ക്ലിക്കായില്ല എന്നു തന്നെ പറയാം.

Also Read: നന്നായി ഡ്രസ്സ് ധരിച്ച് നടക്കാനുള്ള താത്പര്യമൊക്കെ പോയി, അതിനൊരു കാരണമുണ്ട് എന്ന് സമീറ റെഡ്ഡി

സംഭവം ആദ്യം ഒന്ന് എന്ന ചിത്രമാണ് മാര്‍ച്ചില്‍ ആദ്യം റിലീസായത്. ചിത്രം തിയേറ്ററില്‍ ക്ലിക്കായില്ല എങ്കിലും, ഓടിടിയില്‍ ചെറിയ രീതിയിലെങ്കിലും സ്വീകരണം ലഭിച്ചു. ഈ വര്‍ഷത്തെ ആദ്യത്തെ ഹിറ്റ് അടിച്ചത് ആട് 3 യാണ്. പരീക്ഷാ ചൂടൊക്കെ കഴിഞ്ഞ് എല്ലാവരും കുടുംബ സമേതം തിയേറ്ററിലേക്കെത്തുന്നത് കണക്കിലെടുത്ത് മാസം അവസാനത്തോടെയാണ് ആടിന്റെയൊക്കെ റിലീസ് തീരുമാനിച്ചത്. വലിയ പ്രതീക്ഷയോടെ വന്ന ആടിന് സമ്മിശ്ര പ്രതികരണം ആയിരുന്നുവെങ്കിലും കലക്ഷന്റെ കാര്യത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച കലക്ഷന്‍ നേടിയ സിനിമകളില്‍ മൂന്നാം സ്ഥാനത്താണ്. 120 കോടിയാണ് ആട് 3 യുടെ ആകെ കലക്ഷന്‍. നിവിന്‍ പോളി - ബാലചന്ദ്ര മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബി ഉണ്ണി കൃഷ്ണന്‍ സംവിധാനം ചെയ്ത പ്രതിഛായയും മാര്‍ച്ചിലാണ് തിയേറ്ററുകളിലെത്തിയത്. ഈ സിനിമയ്ക്കും മികച്ച സ്വീകരണം ലഭിച്ചിരുന്നു. മാര്‍ച്ചില്‍ ആകെ 16 സിനിമകള്‍ റിലീസ് ചെയ്തു.

ഏപ്രില്‍ മാസമാണ് ശരിക്കും ആഘോഷമായത്. വാഴ 2 ന്റെ വരവോടെ തിയേറ്ററില്‍ ഒരു ഓളം തന്നെയുണ്ടായി. ഈ വര്‍ഷം ഇതുവരെ ഏറ്റവും അധികം ഗ്രോസ് കലക്ഷന്‍ നേടിയ മലയാള സിനിമ. സവിന്‍ സ സംവിധാനം ചെയ്ത സിനിമ തിയേറ്ററുകള്‍ തൂക്കി. കണക്കുകള്‍ പ്രകാരം 234.46 കോടിയാണ് ചിത്രത്തിന്റെ കലക്ഷന്‍ റിപ്പോര്‍ട്ട്. വാഴയ്ക്ക് പിന്നാലെ നല്ല സിനിമ എന്ന വിശേഷണം നേടി മോഹിനിയാട്ടവും എത്തി. ഭരതനാട്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടം മൗത്ത് പബ്ലിസിറ്റികൊണ്ടു തന്നെ വിജയം കണ്ടു. സൗജു കുറുപ്പ് നിര്‍മിച്ച ചിത്രം കലക്ഷന്റെ കാര്യത്തില്‍ ആറാം സ്ഥാനത്താണ്. 52 കോടിയാണ് ഈ ചെറിയ സിനിമ നേടിയെടുത്തത്.

ഏപ്രിലില്‍ വലിയ പ്രതീക്ഷ നല്‍കിയെത്തിയ ചിത്രമാണ് ടൊവിനോ തോമസിന്റെ പള്ളിച്ചട്ടമ്പി, പക്ഷേ സിനിമ പരാജയപ്പെട്ടു. കുഞ്ചാക്കോ ബോബന്റെ ഒരു ദുരൂഹ സാഹചര്യത്തില്‍, ഷറഫുദ്ദിന്റെ മധുവിധു തുടങ്ങിയ സിനിമകള്‍ ശരാശരിയില്‍ ഒതുങ്ങി. 13 സിനിമകളാണ് ഏപ്രിലില്‍ തിയേറ്ററുകളിലെത്തിയത്.


പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മഹേഷ് നാരായണന്റെ പാട്രിയേറ്റ്. മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച സിനിമ ഈ വര്‍ഷത്തെ ബ്ലോക്ബസ്റ്റര്‍ ഹിറ്റാവും എന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മെയ് 1 ന് തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് ആ പ്രതീക്ഷ യാഥാര്‍ത്യമാക്കാന്‍ സാധിച്ചില്ല. കലക്ഷന്റെ കാര്യത്തില്‍ പേട്രിയേറ്റ് നാലാം സ്ഥനത്തുണ്ട് എങ്കിലും, സിനിമ പ്രേക്ഷകരെ സംബന്ധിച്ച് നിരാശയായിരുന്നു. പേട്രിയേറ്റിന് ശേഷം പ്രേക്ഷകര്‍ ഏറ്റവും അധികം പ്രതീക്ഷിച്ച അടുത്ത ചിത്രം ടൊവിനോ തോമസ്- ബേസില്‍ ജോസഫ് ടീമിന്റെ അതിരടിയാണ്. അതും തിയേറ്ററില്‍ വന്‍ പരാജയം നേരിട്ടു. ആ പ്രതീക്ഷകൊണ്ടു തന്നെ ചിത്രം ഇതുവരെ 61 കോടി നേടി, ഇപ്പോഴും തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.

പേട്രിയേറ്റിനും അതിരടിയ്ക്കും ശേഷം മെയ് മാസത്തില്‍ പ്രേക്ഷകര്‍ ഏറ്റവും അധികം പ്രതീക്ഷിച്ച ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗമാണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് എങ്കിലും ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഒരു സാധാരണ സിനിമ എന്ന ജീത്തു ജോസഫിന്റെ ഭാഷ കടമെടുത്താല്‍, ദൃശ്യം നല്ലൊരു അനുഭവം തന്നെയാണ്. ഇതിനോടകം 200 കോടിക്ക് മുകളില്‍ കലക്ഷന്‍ നേടിയ സിനിമ ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. വാഴയുടെ കലക്ഷന്‍ റെക്കോഡ് ദൃശ്യം വീഴ്ത്താനുള്ള എല്ലാ സാധ്യതയുമുണ്ട്. 17 സിനിമകളാണ് മെയ് മാസത്തില്‍ തിയേറ്ററുകളിലെത്തിയത്.

Read Entire Article