5 റണ്‍സും 2 വിക്കറ്റും,രണ്ടാം ടെസ്റ്റില്‍ ശാര്‍ദുല്‍ പുറത്ത്?; ബുംറയും കളിച്ചേക്കില്ല,റിപ്പോര്‍ട്ട്

6 months ago 6

26 June 2025, 06:59 PM IST

indian players

ഇന്ത്യൻ താരങ്ങൾ | AFP

ലീഡ്‌സ്: തോല്‍വിയോടെയായിരുന്നു അഞ്ചുമത്സരങ്ങളടങ്ങിയ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയുടെ തുടക്കം. ലീഡ്‌സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അഞ്ചുവിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ തന്നെ ശുഭ്മാന്‍ ഗില്‍ പരാജയപ്പെട്ടു. ഇന്ത്യന്‍ പേസ് നിരയ്ക്ക്‌ മത്സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തതും വാലറ്റം ബാറ്റിങ്ങില്‍ പരാജയപ്പെട്ടതുമാണ് തിരിച്ചടിയായത്. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി ഇന്ത്യന്‍ താരങ്ങള്‍ അഞ്ച് സെഞ്ചുറികള്‍ നേടിയിട്ടും മത്സരത്തില്‍ പരാജയപ്പെട്ടത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. അതേസമയം രണ്ടാം മത്സരത്തില്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ശാര്‍ദുല്‍ താക്കൂര്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നീ താരങ്ങള്‍ രണ്ടാം ടെസ്റ്റില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ 2-ന് ബര്‍മിങ്ങാമിലാണ് ടെസ്റ്റ് നടക്കുന്നത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ദയനീയമായിരുന്നു ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂറിന്റെ പ്രകടനം. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി അഞ്ച് റണ്‍സ് മാത്രമാണ് താരം നേടിയത്. നേടിയതാകട്ടെ രണ്ടുവിക്കറ്റുകള്‍ മാത്രം. മത്സരത്തില്‍ ആകെ 16 ഓവര്‍ മാത്രമാണ് എറിഞ്ഞത്. നായകന്‍ ഗില്‍ താരത്തില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നില്ലെന്നതിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു.

ലീഡ്‌സ് ടെസ്റ്റില്‍ രവീന്ദ്ര ജഡേജയുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 11 റണ്‍സും രണ്ടാമിന്നിങ്‌സില്‍ 25 റണ്‍സുമാണ് താരത്തിന്റെ സമ്പാദ്യം. ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. ബര്‍മിങ്ങാമില്‍ മറ്റുഓള്‍റൗണ്ടര്‍മാരെ പരിഗണിച്ചേക്കുമെന്നാണ് വിവരം.

അതേസമയം മിന്നും ഫോമിലാണെങ്കിലും ജോലി ഭാരം പരിഗണിച്ച് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ താരം ഇന്ത്യന്‍ ബൗളിങ്ങിന്റെ നട്ടെല്ലാണ്. എന്നാല്‍ ഇനി മൂന്നാം മത്സരത്തില്‍ താരത്തെ കളിപ്പിക്കാനാണ് മാനേജ്‌മെന്റിന്റെ നീക്കം. രണ്ടാം ടെസ്റ്റിന് ശേഷം മൂന്നുദിവസം മാത്രമാണ് ഇടവേളയുള്ളത്. അതിനാല്‍ ജോലിഭാരം കണക്കിലെടുത്ത് ബര്‍മിങ്ങാം ടെസ്റ്റില്‍ കളിപ്പിക്കാതെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ കളിപ്പിക്കാനാണ് തീരുമാനം.

Content Highlights: Three Indian Players Who Could Be Dropped For Second Test vs England

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article