5 സിക്സ്, 29 ഫോർ; 156 പന്തിൽ 222 റൺസടിച്ച് പൃഥ്വി ഷാ; ഇന്ത്യക്കാരന്റെ വേഗമേറിയ മൂന്നാമത്തെ ഇരട്ടസെഞ്ചറി

2 months ago 4

ഓൺലൈൻ ഡെസ്‌ക്

Published: October 27, 2025 05:56 PM IST

1 minute Read

 X/@CricCrazyJohns)
പൃഥ്വി ഷാ (ഫയൽ ചിത്രം: X/@CricCrazyJohns)

മുംബൈ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ മഹാരാഷ്ട്ര താരം പൃഥ്വി ഷായ്ക്ക് ഇരട്ടസെഞ്ചറി. ചണ്ഡിഗഡിനെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ആണ് പൃഥ്വി ഷായുടെ തകർപ്പൻ ബാറ്റിങ്. വെറും 141 പന്തിലാണ് പൃഥ്വി, ഡബിൾ സെഞ്ചറി നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇന്ത്യക്കാരന്റെ മൂന്നാമത്തെ വേഗതയേറിയ ഇരട്ടസെഞ്ചറിയാണ് ഇത്. 119 പന്തിൽ നേട്ടം കൈവരിച്ച തന്‌മയ് അഗർവാളും 123 പന്തിൽ നേടിയ രവി ശാസ്ത്രിയുമാണ് പൃഥ്വിക്കു മുന്നിലുള്ളത്. പൃഥ്വിയുടെ സ്കോർ 156 പന്തിൽ 222 റൺസിൽ നിൽക്കെ മഹാരാഷ്ട്ര ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 464 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ചണ്ഡിഗഡ്, മൂന്നാം ദിനം കളി നിർത്തുമ്പോൾ 1ന് 129 എന്ന നിലയിലാണ്. ഒരു ദിവസവും 9 വിക്കറ്റും ബാക്കി നിൽക്കെ, വിജയത്തിലേക്കു ഇനി വേണ്ടത് 335 റൺസ് കൂടി.

വെറും 72 പന്തിൽ നിന്നാണ് പൃഥ്വി ഷാ സെഞ്ചറി തികച്ചത്. മഹാരാഷ്ട്രയ്ക്കു വേണ്ടി ആദ്യ സെഞ്ചറിയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പൃഥ്വിയുടെ 14-ാമത്തെ സെഞ്ചറിയുമായിരുന്നു. ആദ്യ ഇന്നിങ്സിൽ ഒമ്പത് പന്തിൽ നിന്ന് എട്ട് റൺസാണ് പൃഥ്വി നേടിയത്. 29 ഫോറും 5 സിക്സുമാണ് രണ്ടാം ഇന്നിങ്സിൽ പൃഥ്വി അടിച്ചുകൂട്ടിയത്. അർധസെഞ്ചറി തികച്ച സിദ്ധേഷ് വീർ (62), ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് (36) എന്നിവർ മികച്ച പിന്തുണ നൽകി. ഇതോടെ 3ന് 359 എന്ന നിലയിൽ മഹാരാഷ്ട്ര രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ (116) സെഞ്ചറിയുടെ കരുത്തിൽ മഹാരാഷ്ട്ര 313 റൺസ് നേടിയിരുന്നു. ചണ്ഡിഗഡ് 209 റൺസിനു പുറത്തായി. ഇതോടെ മഹാരാഷ്ട്രയ്ക്ക് ഒന്നാം ഇന്നിങ്സിൽ 104 റൺസ് ലീഡ് ലഭിച്ചു.

മുംബൈ താരമായിരുന്ന പൃഥ്വി ഷാ, ഈ സീസണിനു തൊട്ടുമുൻപാണ് മഹാരാഷ്ട്രയിലേക്കു മാറിയത്. കേരളത്തിനെതിരായ അരങ്ങേറ്റ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ‘ഡക്ക്’ ആയെങ്കിലും രണ്ടാം ഇന്നിങ്സിൽ 75 റൺസ് നേടി. 2021ൽ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് പൃഥ്വി ഷാ ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ കളിച്ചത്. 2016–17 സീസണിലാണ് പൃഥ്വി ഷാ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മുംബൈയ്ക്കു വേണ്ടി അരങ്ങേറുന്നത്.

2018ൽ രാജ്കോട്ടില്‍ നടന്ന ടെസ്റ്റിൽ വെസ്റ്റിൻഡീസിനെതിരെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറി. പിന്നാലെ ഏകദിന, ട്വന്റി20 ടീമുകളിലും ഇടം ലഭിച്ചെങ്കിലും വൈകാതെ പുറത്തായി. പുതിയ ആഭ്യന്തര സീസണിനു മുന്നോടിയായി കൂടുതൽ അവസരങ്ങൾ തേടിയാണ് പൃഥ്വി ഷാ മഹാരാഷ്ട്രയിൽ ചേർന്നത്‌.ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന പൃഥ്വി ഷായെ കഴിഞ്ഞ ഐപിഎൽ മെഗാലേലത്തിൽ ആരും വാങ്ങിയിരുന്നില്ല. രഞ്ജി ട്രോഫിയിലെ മിന്നും പ്രകടനം താരത്തിന് വീണ്ടും ഇന്ത്യൻ ടീമിലേക്കു വാതിൽ തുറക്കുമോ എന്നു കാത്തിരുന്നു കാണാം.

English Summary:

Prithvi Shaw shines with a treble period successful Ranji Trophy. He scored a blistering treble period against Chandigarh, starring Maharashtra to a beardown position.

Read Entire Article