Published: June 26 , 2025 08:55 AM IST
1 minute Read
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ 5 വിക്കറ്റ് തോൽവിയിൽ പ്രധാന വില്ലൻ അലക്ഷ്യമായ ഫീൽഡിങ്ങായിരുന്നു. 2 ഇന്നിങ്സുകളിലുമായി ഇന്ത്യൻ ഫീൽഡർമാരുടെ കൈകളിൽനിന്ന് ചോർന്നത് 7 നിർണായക ക്യാച്ചുകൾ. ബെൻ ഡക്കറ്റ്, ഒലീ പോപ്പ്, സാക് ക്രൗലി, ഹാരി ബ്രൂക്ക് എന്നിങ്ങനെ, ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന്റെ നെടുംതൂണായവരെയെല്ലാം ഇന്ത്യൻ ഫീൽഡർമാർ ‘കൈയയച്ച്’ സഹായിച്ചു.
2 ഇന്നിങ്സിലുമായി 4 ക്യാച്ചുകൾ കൈവിട്ട് യശസ്വി ജയ്സ്വാൾ, ഫീൽഡിൽ ഏകാഗ്രത നഷ്ടമായ ഇന്ത്യൻ ടീമിന്റെ ദയനീയ മുഖമായി മാറി. 52.9 ശതമാനം മാത്രമായിരുന്നു മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ ക്യാച്ചിങ് മികവ്.
∙ ‘കൈവിട്ട’ അവസരങ്ങൾ
∙ ഒന്നാം ഇന്നിങ്സ്:
1. അഞ്ചാം ഓവർ. ജസ്പ്രീത് ബുമ്രയുടെ പന്തിൽ ബെൻ ഡക്കറ്റിന്റെ ക്യാച്ച് സ്ലിപ്പിൽ ജയ്സ്വാളിനു പിടിക്കാനായില്ല. വെറും 15 റൺസുമായി ക്രീസിൽ നിലയുറപ്പിക്കുന്ന സമയത്ത് ‘ജീവൻ’ തിരിച്ചുകിട്ടിയ ഡക്കറ്റ് ഇന്നിങ്സിൽ അർധ സെഞ്ചറി നേടി (62)
2. രണ്ട് ഓവറുകൾക്കുശേഷം ബുമ്രയുടെ പന്തിൽ ഡക്കറ്റിനു വീണ്ടും ലൈഫ്. ഡക്കറ്റിന്റെ അനായാസ ക്യാച്ച് ബാക്‌വേഡ‍് പോയിന്റിൽ രവീന്ദ്ര ജഡേജ കൈവിട്ടു. അപ്പോഴും ഡക്കറ്റിന്റെ സമ്പാദ്യം 15 റൺസ് മാത്രം.
3. അർധ സെഞ്ചറി പിന്നിട്ട ഒലീ പോപ്പിനെ പുറത്താക്കാനുള്ള സുവർണാവസരം നഷ്ടമായി. ബാറ്റിന്റെ എഡ്ജിലുരസിയെത്തിയ പന്ത് തേഡ് സ്ലിപ്പിൽ ജയ്സ്വാളിന്റെ കൈകളിൽത്തട്ടി നിലത്തേക്ക്. അപ്പോൾ 62 റൺസ് നേടി ഒലീ പോപ്പ് പിന്നീട് സെഞ്ചറിയുമായി ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് ടോപ് സ്കോററായി (106)
4. മധ്യനിര ബാറ്റിങ്ങിൽ ഇംഗ്ലണ്ടിനെ തകർച്ചയിൽനിന്നു കരകയറ്റിയ ഹാരി ബ്രൂക്കിന് (99 റൺസ്) ഇന്ത്യൻ ഫീൽഡർമാർ ലൈഫ് നൽകിയത് 2 തവണ. വ്യക്തിഗത സ്കോർ 46ൽ നിൽക്കെ രവീന്ദ്ര ജഡേജയുടെ ഓവറിൽ ബ്രൂക്കിന്റെ ബാറ്റിലുരസിയ പന്ത് പിടിച്ചെടുക്കാൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനായില്ല.
5. വ്യക്തിഗത സ്കോർ 82ൽ നിൽക്കെ ബ്രൂക്ക് വീണ്ടും രക്ഷപ്പെട്ടു. ഇത്തവണയും വിക്കറ്റ് നഷ്ടമായത് ബുമ്രയ്ക്ക്. ഗള്ളിയിൽ ക്യാച്ച് കൈവിട്ടത് ജയ്സ്വാൾ തന്നെ. ഇന്നിങ്സിൽ ജയ്സ്വാൾ നഷ്ടമാക്കിയ മൂന്നാമത്തെ ക്യാച്ച്.
∙ രണ്ടാം ഇന്നിങ്സ്:
6. രണ്ടാം ഇന്നിങ്സിലും പിഴവുകൾ ആവർത്തിച്ച് ഇന്ത്യ. ബെൻ ഡക്കറ്റ്– സാക് ക്രൗലി ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാനുള്ള സുവർണാവസരം 29–ാം ഓവറിൽ ബോളർ ജസ്പ്രീത് ബുമ്ര തന്നെ പാഴാക്കി. ക്രൗലിയുടെ റിട്ടേൺ ക്യാച്ച് ഇടംകയ്യിലൊതുക്കാനുള്ള ബുമ്രയുടെ ശ്രമം വിജയിച്ചില്ല. ആ സമയം 42 റൺസുള്ള ക്രൗലി തുടർന്ന് 14 ഓവറുകൾ കൂടി ക്രീസിൽ നിന്നു.
7. ഫീൽഡിൽ വീണ്ടും വില്ലനായി ജയ്സ്വാൾ. 39–ാം ഓവറിൽ മുഹമ്മദ് സിറാജിന്റെ പന്തിൽ ഡക്കറ്റിന്റെ പുൾഷോട്ട് പിഴച്ചു. ബൗണ്ടറി ലൈനിൽനിന്ന് ഓടിയെത്തിയ ജയ്സ്വാൾ മുന്നോട്ട് ഡൈവ് ചെയ്തെങ്കിലും ക്യാച്ച് കയ്യിൽനിന്നു ചോർന്നു. അപ്പോൾ 97 റൺസുണ്ടായിരുന്ന ഡക്കറ്റ് അതിനുശേഷം 52 റൺസ് കൂടി നേടി.
English Summary:








English (US) ·