Published: July 05 , 2025 05:09 PM IST Updated: July 05, 2025 11:16 PM IST
2 minute Read
ബർമിങ്ങാം∙ ഒരു ദിവസത്തെ കളി മാത്രം ബാക്കിയുള്ളപ്പോൾ രണ്ടാം ടെസ്റ്റ് ജയിക്കാൻ ഇംഗ്ലണ്ടിന് വേണ്ടത് 536 റൺസ്, കയ്യിലുള്ളത് ഏഴു വിക്കറ്റുകൾ. നാലാം ദിവസം കളി നിർത്തുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 72 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ടുള്ളത്. ഒലി പോപ്പും (44 പന്തിൽ 24), ഹാരി ബ്രൂക്കുമാണു (15 പന്തിൽ 15) ക്രീസിൽ. മികച്ച ഫോമിലുള്ള ഇന്ത്യൻ പേസർമാരെ നേരിട്ട് വലിയ സ്കോറിലേക്ക് എത്തണമെങ്കിൽ ഇംഗ്ലണ്ട് ബാറ്റർമാർ ‘ബാസ് ബോളിന്റെ’ കൂടിയ വേർഷൻ തന്നെ പുറത്തെടുക്കേണ്ടിവരും. രണ്ടാം ഇന്നിങ്സിൽ 50 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ മൂന്നു വിക്കറ്റുകൾ പോയി. സാക് ക്രൗലി (പൂജ്യം), ബെൻ ഡക്കറ്റ് (15 പന്തിൽ 25), ജോ റൂട്ട് (16 പന്തില്‍ ആറ്) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ പുറത്തായ ഇംഗ്ലിഷ് ബാറ്റർമാർ. ആകാശ്ദീപ് രണ്ടു വിക്കറ്റുകളും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 427 റൺസെടുത്ത് ഡിക്ലയർ ചെയ്തു. സെഞ്ചറി നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 162 പന്തിൽ 161 റൺസെടുത്തു പുറത്തായി. എട്ട് സിക്സുകളും 13 ഫോറുകളുമാണു ഗിൽ ബൗണ്ടറി കടത്തിയത്. ഇംഗ്ലണ്ട് സ്പിന്നർ ശുഐബ് ബഷീർ സ്വന്തം പന്തിൽ ക്യാച്ചെടുത്താണു ഗില്ലിനെ പുറത്താക്കിയത്. അർധ സെഞ്ചറി നേടിയ രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു. 118 പന്തുകൾ നേരിട്ട ജഡേജ 69 റൺസാണു സ്കോർ ചെയ്തത്.
129 പന്തുകളിൽ നിന്നാണ് ഗിൽ സെഞ്ചറി തികച്ചത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ ഡബിൾ സെഞ്ചറിയുമായി ടീമിനെ മുന്നിൽ നിന്നു നയിച്ചിരുന്നു. 387 പന്തുകൾ നേരിട്ട ഗിൽ 269 റൺസാണ് ഒന്നാം ഇന്നിങ്സിൽ അടിച്ചുകൂട്ടിയത്. അർധ സെഞ്ചറി നേടിയ ഋഷഭ് പന്ത് 58 പന്തിൽ 65 റൺസടിച്ചു പുറത്തായി. കെ.എൽ. രാഹുലും അർധ സെഞ്ചറി (84 പന്തിൽ 55) നേടി പുറത്തായി. മലയാളി താരം കരുണ്‍ നായർ 26 റൺസെടുത്തു. ഗില്ലിന്റെ പുറത്താകലിനു പിന്നാലെ, ലീഡ് 600 കടന്നതോടെയാണ് ഇന്ത്യ ഡിക്ലയർ ചെയ്യാൻ തീരുമാനിച്ചത്.
ഇംഗ്ലണ്ട് 407ന് പുറത്ത്, ഇന്ത്യയ്ക്ക് 180 റൺസ് ലീഡ്
ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 89.3 ഓവറിൽ 407 റൺസെടുത്തു പുറത്തായിരുന്നു. 180 റൺസിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പർ ബാറ്റർ ജെയ്മി സ്മിത്ത് സെഞ്ചറി നേടി പുറത്താകാതെ നിന്നു. 207 പന്തുകളിൽ നാല് സിക്സും 21 ഫോറുകളും നേടിയ ജെയ്മി 184 റൺസടിച്ചു. ഹാരി ബ്രൂക്കും സെഞ്ചറി തികച്ചു. 19.3 ഓവറുകൾ പന്തെറിഞ്ഞ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് 70 റൺസ് വഴങ്ങി ആറു വിക്കറ്റുകൾ വീഴ്ത്തി. ആകാശ്ദീപ് നാലു വിക്കറ്റുകളും സ്വന്തമാക്കി.
303 റൺസിന്റെ കൂട്ടുകെട്ടാണ് ജെയ്മി സ്മിത്തും ഹാരി ബ്രൂക്കും ചേര്‍ന്ന് പടുത്തുയർത്തിയത്. പക്ഷേ മധ്യനിരയിൽ മറ്റാരും തിളങ്ങാതെ പോയതോടെ ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്സ് ലീഡിലേക്കെത്താൻ സാധിച്ചില്ല. 234 പന്തുകൾ നേരിട്ട ബ്രൂക്ക് 158 റൺസെടുത്താണു പുറത്തായത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി മികച്ച രണ്ടാമത്തെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് സ്മിത്തും ബ്രൂക്കും ചേർന്ന് ബർമിങ്ങാമിൽ അടിച്ചെടുത്തത്.
ഇംഗ്ലണ്ടിന്റെ ബാസ് ബോൾ ശൈലിയിൽ ബാറ്റു വീശിയ സ്മിത്ത് ബർമിങ്ങാമിൽ 80 പന്തുകളിൽനിന്നാണ് സെഞ്ചറി പൂർത്തിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇംഗ്ലണ്ട് താരത്തിന്റെ മൂന്നാമത്തെ വേഗതയേറിയ സെഞ്ചറിയാണ് ജെയ്മി സ്മിത്ത് രണ്ടാം ടെസ്റ്റിൽ നേടിയത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587 റൺസെടുത്തു പുറത്തായി. റെക്കോർഡുകൾ തകർത്തെറിഞ്ഞ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ ഇന്നിങ്സാണ് രണ്ടാം ദിനം ഇന്ത്യയ്ക്കു മികച്ച സ്കോർ സമ്മാനിച്ചത്. മത്സരത്തിൽ 387 പന്തുകൾ നേരിട്ട ഗിൽ 269 റണ്‍സെടുത്തു.
English Summary:








English (US) ·