01 May 2025, 07:07 PM IST

Photo: x.com/FCBarcelona
ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയും ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനും തമ്മില്‍ നടന്ന ആദ്യ പാദ സെമി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഒരു കളിവിരുന്നായിരുന്നു. ഇഞ്ചോടിഞ്ച് മത്സരിച്ച ഇരു ടീമുകളും മൂന്നു ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. അടുത്തയാഴ്ച ഇന്ററിന്റെ മൈതാനമായ സാന്‍സിറോയിലെ വിജയികള്‍ ഫൈനലിലേക്ക് മുന്നേറും.
രണ്ടു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുയും ചെയ്ത ഡെന്‍സെല്‍ ഡംഫ്രീസാണ് കളിയിലെ താരമായതെങ്കിലും 17-കാരന്‍ ബാഴ്‌സ താരം ലമിന്‍ യമാലാണ് തങ്ങളുടെ മനംനിറച്ചതെന്നാണ് ആരാധകരുടെ പക്ഷം. മത്സര ശേഷം അസാധാരണ പ്രതിഭയെന്നാണ് പലരും യമാലിനെ വിശേഷിപ്പിച്ചത്. ബാഴ്‌സ ജേഴ്‌സിയില്‍ താരത്തിന്റെ 100-ാം മത്സരമായിരുന്നു അത്. ക്ലബ്ബിനായി 100 മത്സരങ്ങള്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഇതോടെ യമാല്‍ സ്വന്തമാക്കി. ബാഴ്‌സയ്ക്കായി 22-ാമത്തെ ഗോളും യമാല്‍ ഈ മത്സരത്തില്‍ നേടി. കളിയാരംഭിച്ച് 30-ാം സെക്കന്‍ഡില്‍ തന്നെ ബാഴ്‌സയെ ഞെട്ടിച്ച് മാര്‍ക്കസ് തുറാം സ്‌കോര്‍ ചെയ്തിരുന്നു. ഡംഫ്രീസിന്റെ ക്രോസില്‍ ബാക്ക് ഹീല്‍ ഉപയോഗിച്ച് തുറാം പന്ത് വലയിലാക്കി. പിന്നാലെ 21-ാം മിനിറ്റില്‍ പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്ന് ഒരു ഓവര്‍ ഹെഡ് കിക്കിലൂടെ ഡംഫ്രീസ് ഇന്ററിന്റെ ലീഡ് രണ്ടാക്കി. എന്നാല്‍ വലതുവിങ്ങിലൂടെ നിരന്തരം ഇന്റര്‍ പ്രതിരോധത്തെ ബുദ്ധിമുട്ടിച്ച ബാഴ്‌സയുടെ 17-കാരന്‍ പയ്യന്‍ 24-ാം മിനിറ്റില്‍ വലകുലുക്കിയത് അവിശ്വസനീയതയോടെയാണ് ഫുട്‌ബോള്‍ ലോകം കണ്ടത്.
എതിര്‍നിരയുടെ വലതുവിങ്ങില്‍ നൃത്തം ചവിട്ടുന്ന പോലെയാണ് യമാല്‍ ചാട്ടുളി പോലെ പന്തുമായി ബോക്‌സിലേക്ക് തുളഞ്ഞുകയറുന്നത്. രണ്ടു തവണയാണ് യമാലിന്റെ ഗോളെന്നുറച്ച ഷോട്ടുകള്‍ ബാറില്‍ തട്ടിപ്പോയത്. 50 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന പ്രതിഭയാണ് യമാല്‍ എന്നായിരുന്നു മത്സര ശേഷം ഇന്റര്‍ കോച്ച് സിമോണ്‍ ഇന്‍സാഗിയുടെ പ്രതികരണം. യമാല്‍ വലിയ പ്രശ്‌നങ്ങളാണ് മത്സരത്തില്‍ തങ്ങള്‍ക്ക് സൃഷ്ടിച്ചതെന്നും അതിനാല്‍തന്നെ താരത്തെ തടയാന്‍ മൂന്നാളെ വരെ നിയോഗിക്കേണ്ടി വന്നുവെന്നും ഇന്‍സാഗി പറഞ്ഞതിലുണ്ട് യമാലിന്റെ മികവ്.
പ്രത്യേകതകള്‍ ഏറെയുള്ള പ്രതിഭയാണ് യമാലെന്നായിരുന്നു ബാഴ്‌സ പരിശീലകന്‍ ഹാന്‍സി ഫ്‌ളിക്കിന്റെ പ്രതികരണം. കളിക്കു മുമ്പ് യമാലിന് പരിക്കേറ്റെന്നും കളിക്കില്ലെന്നുമുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ ബാഴ്‌സ നിരയ്‌ക്കൊപ്പം പൊരുതാന്‍ യമാല്‍ ഇറങ്ങി. പരിക്കിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ബാഴ്‌സ ആദ്യ രണ്ട് ഗോളുകള്‍ വഴങ്ങിയ ശേഷം മൈതാനത്ത് പിന്നീട് യമാലിന്റെ മുന്നേറ്റങ്ങളായിരുന്നു. നിരവധി തവണയാണ് യമാല്‍, ഇന്റര്‍ ഗോളി യാന്‍ സോമറിനെ പരീക്ഷിച്ചത്.
Content Highlights: 17-year-old Lamine Yamal`s unthinkable show successful Barcelona`s Champions League clash against Inte








English (US) ·