
ഹോംബൗണ്ട്, ഷോലെ എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകൾ | ഫോട്ടോ: അറേഞ്ച്ഡ്
ടൊറൊന്‍റോ രാജ്യാന്തരചലച്ചിത്രമേളയുടെ അമ്പതാം പിറന്നാളാഘോഷിക്കപ്പെടുന്ന ഈ സെപ്റ്റംബറിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 74 പ്രധാനചിത്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള മൂന്നു ചിത്രങ്ങളാണ് ഇതുവരെ ഇടം പിടിച്ചിട്ടുള്ളത്. കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട നീരജ് ഗയാവാന്‍റെ 'ഹോംബൗണ്ട്', അനുരാഗ് കാശ്യപിന്‍റെ 'മങ്കി ഇന്‍ എ കെയ്‌ജ്', രമേഷ് സിപ്പിയുടെ 'ഷോലെ' (പുതിയ പതിപ്പിന്‍റെ പ്രദര്‍ശനം) എന്നിവയാണവ. ബാക്കിനില്‍ക്കുന്ന മുന്നൂറിലധികം ചിത്രങ്ങളുടെ പേരുകള്‍ വരുന്ന ആഴ്ചകളിലായി പുറത്തുവരുന്നുണ്ട്. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി തെന്നിന്ത്യന്‍ ചിത്രങ്ങളുടെ അഭാവം ചലച്ചിത്രമേളയില്‍ പ്രകടമായിരുന്നു.
ഇഷാന്‍ ഖട്ടര്‍, വിശാല്‍ ജെത്വ, ജാൻവി കപൂര്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ വരുന്ന ഹോംബൗണ്ടിന്‍റെ സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്, നീരജ് ഗയാവാനാണ്. രണ്ടു ബാല്യകാലസുഹൃത്തുക്കളുടെ കഥപറയുന്ന ഈ ചിത്രം നീരജ് ഗയാവാന്‍റെ രണ്ടാമത്തെ കഥാചിത്രമാണ്. വിക്കി കൗശലും റിച്ചാ ഛദ്ദയും അഭിനയിച്ച, ആദ്യചിത്രമായ 'മസാന്‍' 2015 ലെ കാന്‍ ചലച്ചിത്രമേളയില്‍ ഫിപ്രസി ഉള്‍പ്പടെ രണ്ട് പുരസ്ക്കാരങ്ങള്‍ നേടിയിരുന്നു. ടൊറോന്‍റോയില്‍ ആദ്യമായാണ് ഗയാവാന്‍റെ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇവിടുത്തെ ഇന്ത്യന്‍ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാണാന്‍ കാത്തിരിക്കുന്ന ചിത്രമാണിത്. നടനും സംവിധായകനുമായ അനുരാഗ് കാശ്യപിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'മങ്കി ഇന്‍ എ കെയ്‌ജ്' ന്‍റെ ആഗോളപ്രദര്‍ശനോദ്ഘാടനം ടൊറോന്‍റോ മേളയിലായിരിക്കും. ഇന്ത്യയില്‍ അമ്പതാം വാര്‍ഷികമാഘോഷിക്കുന്ന രമേഷ് സിപ്പിയുടെ 'ഷോലെ' യ്ക്ക് ആദരമെന്നോണം ആ ചിത്രത്തിന്‍റെ പുതിയ ഡിജിറ്റല്‍ പ്രിന്‍റാണ് ടൊറോന്‍റോ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്. വരുന്ന ദിവസങ്ങളില്‍ മറ്റ് ഇന്ത്യന്‍ ഭാഷാചിത്രങ്ങളുടെ പേരുകളില്‍ ചിലതുകൂടി പുറത്തുവരുമെന്നുള്ള പ്രതീക്ഷയിലാണ് കാനഡയിലെ ഇന്ത്യക്കാര്‍.
തിരഞ്ഞെടുക്കപ്പെട്ട പ്രധാനചിത്രങ്ങളുടെ പേരുകളില്‍ അലെക്സ് വിന്‍ററിന്‍റെ 'അഡല്‍റ്റ്ഹുഡ്', സ്കാര്‍ലെറ്റ് യോഹാന്‍സന്‍റെ 'എലിനോര്‍ ദി ഗ്രേറ്റ്', അസീസ് അന്‍സാരിയുടെ 'ഗുഡ് ഫോര്‍ച്യുണ്‍', ജെയിംസ് വാന്‍ഡെര്‍ബില്‍റ്റിന്‍റെ 'ന്യൂറെന്‍ബെര്‍ഗ്', ആലിസ് വിനോകോറിന്‍റെ 'കൗച്ചര്‍', ഗ്വിലേര്‍മോ ഡെല്‍ടോറോയുടെ 'ഫ്രാങ്കന്‍സ്റ്റീന്‍', ജാഫര്‍ പനാഹിയുടെ 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്‍റ്', മാര്‍ക് ജെന്‍കിന്‍റെ 'റോസ് ഓഫ് നെവാദ', മാമോറു ഹൊസോദയുടെ 'സ്‌കാര്‍ലെറ്റ്', സ്റ്റീവെന്‍ സോഡെര്‍ബെര്‍ഗിന്‍റെ 'ദി ക്രിസ്റ്റഫേഴ്സ്' എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്.
കാനഡയിലെ 'ഉത്സവങ്ങളുടെ ഉത്സവ'മായാണ് ടൊറൊന്‍റോ രാജ്യാന്തരചലച്ചിത്രോത്സവം അറിയപ്പെടുന്നത്. നഗരത്തിലെ മുപ്പതിലധികം വേദികളിലായി പ്രദര്‍ശിപ്പിക്കപ്പെടുന്ന നാനൂറില്‍ താഴെ വരുന്ന ചിത്രങ്ങള്‍ കാണാനായി ലോകത്തിന്‍റെ പലഭാഗത്തുനിന്നുമായി എത്തിച്ചേരുന്നത് പ്രതിവര്‍ഷം അഞ്ചുലക്ഷത്തോളം പേരാണ്. രണ്ടായിരത്തോളം മാധ്യമപ്രതിനിധികളാണ് ഇതിനായി ഇവിടേയ്‌ക്കെത്തുന്നത്. രണ്ടായിരത്തഞ്ഞൂറോളം വോളന്‍റിയര്‍മാരും മേളയുടെ സുഗമമായ നടത്തിപ്പിനായി വേദികളിലുണ്ടാവും.
വരുന്ന സെപ്റ്റംബര്‍ 4 മുതല്‍ 14 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ഇവിടെനിന്നു തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളാണ് സാധാരണയായി ഓസ്കര്‍ വേദികളിലും എല്ലാവര്‍ഷവും തിളങ്ങിനില്‍ക്കാറുള്ളത്.
Content Highlights: Homebound, Monkey successful a Cage, and Sholay (new print) selected for TIFF`s 50th anniversary
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·