നാടക രംഗത്തുനിന്നും സിനിമയിലെത്തി സ്വഭാവ വേഷങ്ങളിലൂടെ മലയാള ചലച്ചിത്ര ലോകത്തെ അവിഭാജ്യ ഘടകമായി മാറിയ നടന്‍ വിജയരാഘവനെ തേടി ഒടുവിൽ ആ അംഗീകാരം എത്തി. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പൂക്കാലം എന്ന ചിത്രത്തിലൂടെ മികച്ച സഹനടൻ. അഭിനയജീവിതത്തില്‍ അമ്പതുവര്‍ഷം പിന്നിടുന്ന അദ്ദേഹത്തിന് അർഹിച്ച അംഗീകാരം. മലയാളി മറക്കാത്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ച പ്രിയ നടന് വൈകി ലഭിച്ച അംഗീകാരമാണങ്കിലും അഭിമാനത്തിന്റെ നിമിഷം.

നാരായണപിള്ള വിജയരാഘവൻ
നാരായണപിള്ള വിജയരാഘവൻ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. നാടകാചാര്യനും മുതിർന്ന നടനുമായിരുന്ന എന്‍.എന്‍ പിള്ളയുടെയും ചിന്നമ്മയുടെയും മകനായി 1951 ഡിസംബർ 20-ന് മലേഷ്യയിലെ ക്വാലാലംപുരിലാണ് ജനനം. അച്ഛൻ എന്‍.എന്‍ പിള്ള എസ്റ്റേറ്റ് മാനേജരായി ജോലി ചെയ്തിരുന്നത് മലയൻ ഫെഡറേഷന്റെ തലസ്ഥാനമായ ക്വാലാലംപൂരിലായിരുന്നു. സുലോചന, രേണുക എന്നിവർ രണ്ട് സഹോദരിമാരാണ്. അനിതയാണ് ജീവിത പങ്കാളി. ജിനദേവൻ, ദേവദേവൻ എന്നിവർ മക്കളാണ്.
കുടമാളൂർ ഗവൺമെന്റ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം ബസേലിയസ് കോളേജിലായിരുന്നു ബിരുദ പഠനം. അച്ഛൻ എൻ.എൻ.പിള്ളയുടെ കൂടെ നാടകങ്ങളുമായി നടക്കുന്ന കാലംമായിരുന്നു അത്. അവസാന വർഷ പരീക്ഷ എഴുതാത്തത് കാരണം ബിരുദധാരിയല്ലെന്നും എങ്കിലും ജീവിതത്തിന് ഉൾക്കാഴ്ച ലഭിച്ചെന്നും അദ്ദേഹം പിന്നീട് പറയുകയുണ്ടായി. പഠിപ്പിച്ചതൊന്നും പഠിക്കാൻ പറ്റിയില്ലെങ്കിലും മറ്റെന്തൊക്കെയോ ഞാൻ പഠിച്ചു. എന്റെ ഭയം മാറി. മറ്റുള്ളവരെ ശ്രദ്ധയോടെ കാണാൻ തുടങ്ങിയതും കോളേജിൽ പഠിച്ച കാലത്താണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഒരിക്കൽ പറഞ്ഞിരുന്നു.
.jpg?$p=fc20cf2&w=852&q=0.8)
അരനൂറ്റാണ്ടുകാലത്തെ 'വിജയ' ജീവിതം
ബാലതാരമായിട്ടായിരുന്നു സിനിമാരംഗത്തേക്കുള്ള പ്രവേശനം. 1973-ൽ 'കാപാലിക' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. എന്നാൽ 1987-ലെ പൊളിറ്റിക്കൽ ത്രില്ലറായ 'ന്യൂ ഡൽഹി'യാണ് വിജയരാഘവന് അംഗീകാരം നേടിക്കൊടുത്തതും അദ്ദേഹത്തെ തിരക്കുള്ള നടനാക്കി മാറ്റിയതും. പ്രധാനമായും വില്ലൻ വേഷങ്ങളിലൂടെയാണ് അറിയപ്പെടുന്നതെങ്കിലും, 1921 (1988), റാംജി റാവു സ്പീക്കിങ് (1989), സാമ്രാജ്യം (1990), കുറ്റപത്രം (1991), വിയറ്റ്നാം കോളനി (1993), ധ്രുവം (1993), മാന്നാർ മത്തായി സ്പീക്കിങ് (1995), ദേശാടനം (1997), രാവണപ്രഭു (2001), സി.ഐ.ഡി. മൂസ (2003), വിനോദയാത്ര (2007), ഛോട്ടാ മുംബൈ (2007), ബിഗ് ബി (2007), ഡാഡി കൂൾ (2009), പുതിയ മുഖം (2009) തുടങ്ങിയ നിരൂപക പ്രശംസ നേടിയതും വാണിജ്യപരമായി വിജയിച്ചതുമായ നിരവധി സിനിമകളിൽ വിജയരാഘവൻ അഭിനയിച്ചിട്ടുണ്ട്.
എൽസമ്മ എന്ന ആൺകുട്ടി (2010), മേരിക്കുണ്ടൊരു കുഞ്ഞാട് (2010), സോൾട്ട് എൻ പെപ്പർ (2011), മായാമോഹിനി (2012), റൺ ബേബി റൺ (2012), ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് (2013), മെമ്മറീസ് (2013), ഓം ശാന്തി ഓശാന (2014), ബാംഗ്ലൂർ ഡെയ്സ് (2014), ഒരു വടക്കൻ സെൽഫി (2015), ടു കൺട്രീസ് (2015), ജെയിംസ് ആൻഡ് ആലീസ് (2016), എസ്ര (2017), രക്ഷാധികാരി ബൈജു ഒപ്പ് (2017), രാമലീല (2017), ക്വീൻ (2018), പൊറിഞ്ചു മറിയം ജോസ് (2019), കണ്ണൂർ സ്ക്വാഡ് (2023), റൈഫിൾ ക്ലബ് (2024), കിഷ്കിന്ധാകാണ്ഡം( 2024) ഔസേപ്പിന്റെ ഒസ്സിയത്ത് (2025) എന്നിവ വിജയരാഘവന്റെ സമീപകാല സിനിമകളിൽ ചിലത് മാത്രമാണ്.
.png?$p=0f6b5d9&w=852&q=0.8)
മറക്കാനാകാത്ത 'പൂക്കാലം'
'പൂക്കാലം' സിനിമയിലെ നൂറുവയസ്സുകാരന്‍ അപ്പൂപ്പന്റെ രൂപം മലയാളികൾക്ക് മറക്കാനാകില്ല. അഭിനയജീവിതത്തില്‍ അമ്പതുവര്‍ഷം പൂര്‍ത്തിയാക്കുന്ന സമയത്താണ് വിജയരാഘവന്‍ വീണ്ടും പ്രേക്ഷകരെ വിസ്മയിച്ചത്. അഭിനേതാവ് എന്ന നിലയില്‍, അഭിമാനവും ആഹ്ലാദവും നല്‍കുന്ന വേഷമാണ് പൂക്കാലത്തിലെ അപ്പൂപ്പന്‍ എന്ന് അദ്ദേഹം മാതൃഭൂമി ഡോട് കോമിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അഭിനയജീവിതത്തില്‍ വല്ലപ്പോഴും മാത്രം ലഭിക്കുന്ന ചില ഭാഗ്യങ്ങളാണ് ഇവയെല്ലാം. ഏറെ സന്തോഷത്തോടെയാണ് പൂക്കാലം സിനിമയിലെ അപ്പൂപ്പന്‍വേഷം സ്വീകരിച്ചത്.
കൊട്ടാരക്കര ശ്രീധരന്‍നായര്‍ മുന്‍പ് അരനാഴികനേരത്തിലെ തൊണ്ണൂറുവയസ്സുകാരന്റെ വേഷത്തില്‍ അഭിനയിച്ചത് മനസ്സിലുണ്ട്. പ്രായംചെന്നൊരു വേഷം ചെയ്യണമെന്നത് വളരെ കാലമായുള്ള ആഗ്രഹമായിരുന്നുവെന്നും അദ്ദേഹം അന്ന് വെളിപ്പെടുത്തി. പൂക്കാലത്തിനായി ശാരീരികമായ മാറ്റം ഉൾപ്പെടെ വെല്ലുവിളികൾ നിറഞ്ഞ തയ്യാറടുപ്പുകൾ നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
ആ വാക്കുകൾ:
'പ്രോസ്തറ്റിക് മേക്കപ്പായിരുന്നു അദ്യം കരുതിവെച്ചത്. എന്നാല്‍ എന്റെ കണ്ണിന്റെ ഭാഗങ്ങളും വായ്ഭാഗവുമെല്ലാം പൂര്‍ണമായി കൊട്ടിയടച്ചുകൊണ്ടുള്ള രൂപമാറ്റത്തിന് ഞാനൊരുക്കമായിരുന്നില്ല. തിരക്കഥ കേട്ടുകഴിഞ്ഞപ്പോള്‍തന്നെ കഥാപാത്രത്തിന്റെ ഏതാണ്ടൊരു രൂപം എന്റെ മനസ്സിലുണ്ടായിരുന്നു. ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളുടെ ഒട്ടുമിക്ക രൂപങ്ങളും ഞാന്‍കൂടി ചേര്‍ന്നിരുന്ന് ചര്‍ച്ചചെയ്താണ് ചിട്ടപ്പെടുത്തിയത്. റാംജിറാവുവിന്റെ വസ്ത്രധാരണവും ഹെയര്‍സ്‌റ്റൈലും ചേറാടി കറിയയുടെ മീശയും കൃതാവുമെല്ലാം നിശ്ചയിച്ചത് അങ്ങനെയായിരുന്നു. റോണക്സ് സേവ്യറിനൊപ്പം ചേര്‍ന്നാണ് പൂക്കാലത്തിലെ അപ്പൂപ്പന്റെ രൂപം ചിട്ടപ്പെടുത്തിയത്.
കഥാപാത്രത്തിനായി ശരീരഭാരം പത്തുകിലോ കുറച്ചു. അരി, ഗോതമ്പ് ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, മധുരം എല്ലാം ഒഴിവാക്കിയുള്ള നീക്കമായിരുന്നു അത്. മുടി വടിച്ചും പുരികം വെട്ടിക്കളഞ്ഞും, കൈകാലുകളിലെ നഖം നീട്ടിയും കഥാപാത്രത്തിനായി തയ്യാറെടുത്തു. പ്രായംചെന്നവരുടെ ശരീരത്തില്‍ കാണുന്ന ചുളിവുകള്‍ കലകള്‍ എന്നിവയെല്ലാം ശ്രദ്ധിച്ചുള്ള ഡീറ്റെയ്ലിങ്ങിലൂടെയാണ് മേക്കപ്പ് മുന്നോട്ടുപോയത്. അപ്പൂപ്പന്റെ വേഷത്തിലേക്ക് മാറാന്‍ മൂന്നാലുമണിക്കൂര്‍ മേക്കപ്മാന് മുന്നിലിരുന്നു'.

അച്ഛന്റെ സ്വാധീനത്തെ കുറിച്ചും അദ്ദേഹം എന്നും വാചാലനാകുമായിരുന്നു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് അച്ഛനാണ് (എന്‍.എന്‍. പിള്ള) എന്നും മാതൃഭൂമി ഡോട് കോമിനോട് ഒരിക്കൽ വിജയരാഘവൻ പറഞ്ഞിരുന്നു. 'സ്റ്റേജില്‍ എന്നെ അദ്ഭുതപ്പെടുത്തിയത് ചിറ്റയാണ് (അച്ഛന്റെ സഹോദരി - ജി. ഓമന). ചിറ്റ കഥാപാത്രമായിമാറുന്നത് അതിശയത്തോടെ നോക്കിനിന്നിട്ടുണ്ട്. സ്റ്റേജിലെ അവരുടെ പ്രകടനങ്ങള്‍ കണ്ട് ഒപ്പം അഭിനയിച്ചവര്‍ ഡയലോഗ് മറന്ന് നിന്നുപോയതിന് ഞാന്‍ സാക്ഷിയാണ്. കഥാപാത്രമാകുന്നതോടെ ചിറ്റയുടെ നടപ്പും ഭാവവും കണ്ണിന്റെ ഇമവെട്ടലുംവരെ മാറും.
നാടകരചനയില്‍ ഏര്‍പ്പെടുന്ന അച്ഛന്റെ ചിത്രം ഇന്നും മനസ്സിലുണ്ട്. പുതിയ നാടകത്തിന് അഡ്വാന്‍സ് വാങ്ങി, ദിവസം പ്രഖ്യാപിച്ചുകഴിഞ്ഞാലും എഴുത്ത് തുടങ്ങിയിട്ടുണ്ടാകില്ല, എഴുത്ത് തുടങ്ങുമ്പോഴെല്ലാം അച്ഛന് ശക്തമായ പനി വരുമായിരുന്നു. പനി വരാതെ എന്റെ ഓര്‍മയില്‍ അച്ഛനൊരു നാടകവും എഴുതിയിട്ടില്ല.
.jpg?$p=7f58f02&w=852&q=0.8)
എഴുതിയ കഥാപാത്രങ്ങളെ അച്ഛന്‍ അഭിനേതാക്കള്‍ക്ക് പഠിപ്പിച്ചുനല്‍കുന്ന രീതി കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഒരു കഥാപാത്രത്തെ വിവരിക്കുമ്പോള്‍ അയാളുടെ തുടക്കംമുതലുള്ള ജീവിതസാഹചര്യങ്ങള്‍ പറയും. അയാള്‍ ഏതെല്ലാം ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയെന്നും, ഇന്ന് എവിടെ, ഏത് മാനസികാവസ്ഥയില്‍ എത്തിനില്‍ക്കുന്നു എന്നുവരെ വിശദമായി വിവരിക്കും.എല്ലാം പറഞ്ഞുകൊടുത്ത് കഥാപാത്രമാകാന്‍ അഭിനേതാവിനെ ഉന്തിവിടുകയാണ്. തെറ്റുമ്പോള്‍ മൊന്തയെടുത്ത് എറിഞ്ഞ് ചൂടാവുന്ന അച്ഛനെ പലതവണ കണ്ടിട്ടുണ്ട്.
എന്നാല്‍ കഥാപാത്രത്തിന്റെ താളം അഭിനേതാവ് പിടിച്ചെടുക്കുന്നതോടെ പിന്നെ അയാള്‍ ചെയ്യുന്നതെല്ലാം അച്ഛന്റെ കണ്ണില്‍ ഓക്കെയാണ്. ഇനി അയാള്‍ പറയുന്നതാണ് ശരിയെന്ന ഭാവത്തില്‍ അച്ഛന്‍ പിന്‍വലിയും. ഇത്തരം അനുഭവസമ്പത്തുകളെല്ലാം എന്റെ അഭിനയജീവിതത്തിന് വലിയ ഗുണംചെയ്തിട്ടുണ്ട്. ഇതെല്ലാം കണ്ടും കേട്ടും പഠിച്ച് നടനാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്', അദ്ദേഹം പറയുന്നു.
Content Highlights: Vijayaraghavan wins Best Supporting Actor astatine 71st National Film Awards
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·