'തടിയുടെ വളവും ആശാരിയുടെ കുറ്റവും' എന്ന പഴഞ്ചൊല്ല് അന്വര്‍ഥമാക്കുന്നതായിരുന്നു കൊച്ചി ടസ്‌കേഴ്സ് കേരളയുടെ വരവും പോക്കും. അഞ്ചു കമ്പനികളുടെ കണ്‍സോര്‍ഷ്യമായ റണ്‍ദേവൂ സ്‌പോര്‍ട്‌സ് കണ്‍സോര്‍ഷ്യമായിരുന്നു ടീമുടമകള്‍. തുടക്കംമുതലേ ഏകോപനമില്ലായ്മ ദൃശ്യമായിരുന്നു. രണ്ടാംവര്‍ഷമായപ്പോള്‍ കൊച്ചി ആസ്ഥാനംവിട്ട് അഹമ്മദാബാദിലേക്ക് ചേക്കേറാന്‍ മോഹിച്ചു. എന്നാല്‍, അതിനു കഴിയുംമുന്‍പേ ടീംതന്നെ ഐപിഎല്‍ ക്രിക്കറ്റില്‍നിന്ന് പുറത്തായി. ഇനി അറിയേണ്ടത് കൊമ്പന്മാര്‍ എന്നറിയപ്പെട്ടിരുന്ന ടസ്‌കേഴ്‌സ് ഐപിഎലിലേക്ക് തിരികെവരുമോയെന്നാണ്. ടസ്‌കേഴ്‌സിനൊപ്പം ഐപിഎലിലെത്തിയ പുണെ വാരിയേഴ്‌സും പിന്നീട് പുറത്തായിരുന്നു. പുതുതായി രണ്ടുടീമുകള്‍ (ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും) ഐപിഎലിലെത്തിയതിനാല്‍ ഇനിയൊരു ടീമിനു സാധ്യതകുറവ്.
ടസ്‌കേഴ്സിന് നഷ്ടപരിഹാരം നല്‍കാനുള്ള ആര്‍ബിട്രല്‍ ട്രിബ്യൂണലിന്റെ വിധി ശരിവെച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരേ ബിസിസിഐ സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. മാത്രമല്ല, ടസ്‌കേഴ്‌സിന്റെ കാലത്തെ തുകയല്ല ഇപ്പോള്‍ ടീമിനെ സ്വന്തമാക്കാന്‍ വേണ്ടത്. 1560 കോടി മുടക്കിയാണ് റണ്‍ദേവൂ സ്‌പോര്‍ട്‌സ് ടീമിനെ സ്വന്തമാക്കിയത്. 2021-ല്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമിനുവേണ്ടി സിവിസി ക്യാപിറ്റല്‍ മുടക്കിയത് 5600 കോടിയാണ്. ലഖ്‌നൗവിനുവേണ്ടി സഞ്ജീവ് ഗോയങ്കയുടെ ആര്‍പിഎസ്ജി ഗ്രൂപ്പ് മുടക്കിയത് 7090 കോടി രൂപ. ഈ സാഹചര്യത്തില്‍ കേവലം 538 കോടി നല്‍കുന്നതിനു പകരം പുതിയൊരു ടീമിനെ ബിസിസിഐ അനുവദിക്കാന്‍ സാധ്യതയില്ല.
അണിനിരന്നത് വന്‍ താരനിര
കൊച്ചി കലൂര്‍ സ്റ്റേഡിയം ഹോംഗ്രൗണ്ടായി കളിതുടങ്ങിയ ടസ്‌കേഴ്‌സ് ആകെ 14 മത്സരങ്ങളിലേ ഐപിഎലില്‍ കളിച്ചിട്ടുള്ളൂ. 2011 ഏപ്രില്‍ ഒന്‍പതിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് തോറ്റാണ് തുടങ്ങിയത്. എന്നാല്‍, അവസാനമത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചു. മഹേല ജയവര്‍ധന, മുത്തയ്യ മുരളീധരന്‍, ബ്രെന്‍ഡന്‍ മക്കല്ലം, വി.വി.എസ്. ലക്ഷ്മണ്‍, ബ്രാഡ് ഹോജ്, രവീന്ദ്ര ജഡേജ, തിസാര പെരേര, ആര്‍.പി. സിങ്, ശ്രീശാന്ത് തുടങ്ങി വന്‍ താരനിരയായിരുന്നു ടീമില്‍. പക്ഷേ, ടീമിന്റെ തുടക്കംമുതല്‍ ഉണ്ടായിരുന്ന ആശയക്കുഴപ്പങ്ങളും വിവാദങ്ങളും പ്രകടനത്തെയും ബാധിച്ചു. ശശി തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിന് കൊച്ചി ടീമിലുണ്ടായിരുന്ന 19 ശതമാനം വിയര്‍പ്പോഹരി രാഷ്ട്രീയവിവാദമായി. അക്കാലത്ത് കേന്ദ്രമന്ത്രിയായിരുന്ന തരൂരിന് രാജിവെക്കേണ്ടിവന്നു. വിവാദങ്ങള്‍ക്കുപിന്നാലെ സുനന്ദ ടീമിലെ സൗജന്യ ഓഹരി ഉപേക്ഷിക്കുകയും ചെയ്തു. ഐപിഎലിന്റെ കിരീടംവെക്കാത്ത രാജാവായിരുന്ന ലളിത് മോദിക്ക് റണ്‍ദേവൂ കണ്‍സോര്‍ഷ്യത്തിന് ടീമിനെ നല്‍കാന്‍ താത്പര്യമില്ലായിരുന്നു. തന്റെ ഇഷ്ടക്കാര്‍ക്ക് അദ്ദേഹം ഒരു ടീം പറഞ്ഞുവെച്ചിരുന്നു. എന്നാല്‍, ഞെട്ടിക്കുന്ന വിലയ്ക്ക് റണ്‍ദേവൂ കണ്‍സോര്‍ഷ്യം ടീമിനെ സ്വന്തമാക്കി. ടീമിനെ ഉപേക്ഷിക്കാന്‍ മോദി കൈക്കൂലി വാഗ്ദാനംചെയ്തത് ടസ്‌കേഴ്‌സ് തള്ളിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. ടീമില്‍ ഓഹരി അനുവദിക്കണമെന്ന മോദിയുടെ ആവശ്യവും അവര്‍ തള്ളിയതോടെ അദ്ദേഹം വൈരാഗ്യത്തോടെ പെരുമാറാന്‍ തുടങ്ങി. പില്‍ക്കാലത്ത് ലളിത് മോദി സാമ്പത്തികപ്രശ്‌നങ്ങളുടെപേരില്‍ ഐപിഎലില്‍നിന്നു പുറത്താവുകയും ഇന്ത്യയില്‍നിന്ന് കടക്കുകയും ചെയ്തത് വിധിവൈപരീത്യമാവാം.
പക്ഷേ, ആഭ്യന്തരകലഹങ്ങളില്‍ നീറിപ്പുകയുകയായിരുന്നു ടസ്‌കേഴ്‌സ് ടീം. അതുകൊണ്ടുതന്നെ ബിസിസിഐയുടെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. നേരത്തേതന്നെ ടസ്‌കേഴ്‌സിനോടു താത്പര്യമില്ലാതിരുന്ന അവര്‍ ഇതൊരു അവസരമായി കരുതുകയും ചെയ്തു. കളിക്കാര്‍ക്ക് പൂര്‍ണമായി പണംനല്‍കിയില്ല, ബാങ്ക് ഗാരന്റിയില്‍നിന്ന് പ്രതിവര്‍ഷ വിഹിതമായ 154 കോടി ബിസിസിഐയ്ക്കു നല്‍കിയില്ല തുടങ്ങിയ ആരോപണങ്ങളുയര്‍ന്നു. മത്സരങ്ങള്‍ നടന്ന കൊച്ചി സ്റ്റേഡിയവുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷനുമായും തര്‍ക്കങ്ങളുണ്ടായി. ബിസിസിഐ പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹറിന്റെ ഉറച്ചനിലപാടാണ് ടസ്‌കേഴ്‌സിന്റെ പുറത്തേക്കുള്ള വാതില്‍ തുറന്നത്.
Content Highlights: Kochi Tuskers awarded ₹538 crore compensation. Will they instrumentality to IPL?








English (US) ·