54 പന്തിൽ 97 റൺസുമായി ‘ജോസ് ദ് ബോസ്’, ബട്‍ലറുടെ വില രാജസ്ഥാനു മനസ്സിലായോ? ടൈറ്റൻസിന് ഏഴു വിക്കറ്റ് വിജയം, ഒന്നാം സ്ഥാനം

9 months ago 7

ഓൺലൈൻ ഡെസ്ക്

Published: April 19 , 2025 03:12 PM IST Updated: April 19, 2025 07:59 PM IST

1 minute Read

buttler
അർധ സെഞ്ചറി നേടിയ ബട്‍ലറുടെ ആഹ്ലാദം. Photo: X@IPL

അഹമ്മദാബാദ്∙ ഐപിഎലിൽ രാജസ്ഥാൻ റോയൽ‍സ് കൈവിട്ടുകളഞ്ഞ താരങ്ങളിൽ ഏറ്റവും വിലയേറിയതെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ഗുജറാത്ത് ടൈറ്റൻസിന്റെ ഇംഗ്ലിഷ് താരം ജോസ് ബട്‍ലർ. തുടർച്ചയായ പരാജയങ്ങളിൽ വലഞ്ഞ രാജസ്ഥാൻ ഒരു വിജയത്തിനായി ലക്നൗവിനെതിരെ കഷ്ടപ്പെടുമ്പോൾ, തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ബട്‍ലര്‍ ഗുജറാത്തിനെ വിജയത്തിലെത്തിച്ചു. 54 പന്തുകളിൽ 97 റൺസുമായി ബട്‍ലർ പുറത്താകാതെ നിന്ന മത്സരത്തിൽ ഏഴു വിക്കറ്റ് വിജയമാണു ഗുജറാത്ത് സ്വന്തമാക്കിയത്. 

ഡൽഹി ഉയർത്തിയ 204 റൺസ് വിജയലക്ഷ്യത്തിലേക്ക് മൂന്നു വിക്കറ്റ് നഷ്ടത്തിൽ നാലു പന്തുകൾ ബാക്കിനില്‍ക്കെ ഗുജറാത്ത് എത്തി. അഞ്ചാം വിജയത്തോടെ പത്തു പോയിന്റുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്തെത്തി. പത്തു പോയിന്റുണ്ടെങ്കിലും ‍നെറ്റ് റൺറേറ്റിൽ ഗുജറാത്തിനേക്കാൾ പിന്നിലുള്ള ഡൽഹി രണ്ടാമതാണ്. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ശുഭ്മന്‍ ഗില്ലിനെ ഏഴു റൺസിന് നഷ്ടമായെങ്കിലും ഗുജറാത്ത് പതറിയില്ല. കരുൺ നായർ ഗില്ലിനെ റൺഔട്ടാക്കുകയായിരുന്നു. സായ് സുദർശനൊപ്പം ബട്‍ലറും ചേർന്നതോടെ ഗുജറാത്ത് അനായാസം സ്കോർ ഉയർത്തി. 21 പന്തിൽ‍ 36 റൺ‍സെടുത്താണ് സായ് സുദർശൻ പുറത്താകുന്നത്. സ്പിന്നർ കുൽദീപ് യാദവിന്റെ എട്ടാം ഓവറിൽ ട്രിസ്റ്റൻ സ്റ്റബ്സ് ക്യാച്ചെടുത്ത് സായ് സുദർശനെ മടക്കി. 

ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ഷെർ‍ഫെയ്ൻ റുഥർഫോഡും ബട്‍ലർക്കൊപ്പം തകർത്തുകളിച്ചു. 11.2 ഓവറിൽ ഗുജറാത്ത് 100 പിന്നിട്ടു. 43 റൺസെടുത്ത ഷെർഫെയ്ൻ റുഥർഫോഡിനെ മുകേഷ് കുമാർ പുറത്താക്കുമ്പോഴേക്കും ഗുജറാത്ത് സുരക്ഷിതമായ നിലയിലേക്കെത്തിയിരുന്നു. അവസാന ഓവറിൽ 10 റൺസ് മാത്രമായിരുന്നു ഗുജറാത്തിനു ജയിക്കാൻ വേണ്ടിയിരുന്നത്. മിച്ചൽ സ്റ്റാർക്കിന്റെ ആദ്യ രണ്ടു പന്തുകൾ സിക്സും ഫോറും പറത്തി രാഹുൽ തെവാത്തിയ ടൈറ്റൻസിന്റെ വിജയമാഘോഷിച്ചു.

ആദ്യം ബാറ്റു ചെയ്ത ഡൽഹി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. 32 പന്തിൽ 39 റൺസ് സ്വന്തമാക്കിയ ക്യാപ്റ്റൻ അക്ഷർ പട്ടേലാണു ഡൽഹിയുടെ ടോപ് സ്കോറർ. 19 പന്തിൽ മൂന്ന് സിക്സറുകൾ ഉൾപ്പടെ 37 റൺസടിച്ച അശുതോഷ് ശർമയും ഡൽഹിക്കായി തിളങ്ങി. ട്രിസ്റ്റൻ സ്റ്റബ്സ് (21 പന്തിൽ 31), കരുൺ നായർ (18 പന്തിൽ 31), കെ.എൽ. രാഹുൽ (14 പന്തിൽ 28) എന്നീ പ്രധാന ബാറ്റർമാരെല്ലാം മികച്ച സ്കോറുകൾ കണ്ടെത്തിയതാണ് ഡൽഹിയെ 200 കടത്തിയത്.

സ്കോർ 23 ൽ നിൽക്കെ അഭിഷേക് പൊറേലിനെ (18) ഡൽഹിക്കു നഷ്ടമായി. തുടർന്ന് കരുൺ നായർക്കൊപ്പം കെ.എൽ. രാഹുലും ചേർന്നതോടെ ഡൽഹി സ്കോർ ഉയർന്നു. അഞ്ചാം ഓവറിലെ നാലാം പന്തിൽ പ്രസിദ്ധ് കൃഷ്ണ രാഹുലിനെ എൽബിഡബ്ല്യു ആക്കി. പവർപ്ലേയിൽ 73 റൺസാണ് ഡൽഹി അടിച്ചെടുത്തത്. കരുണ്‍ നായരെയും പുറത്താക്കിയ പ്രസിദ്ധ്, ഡൽഹി വലിയ ഇന്നിങ്സ് കെട്ടിപ്പടുക്കുന്നതു തടഞ്ഞു. 8.6 ഓവറിലാണ് ഡൽഹി 100 പിന്നിട്ടത്. മധ്യനിര ബാറ്റർമാരും തിളങ്ങിയതോടെ ഡൽഹി സുരക്ഷിതമായ സ്കോറിലെത്തി.നാലോവറുകൾ പന്തെറിഞ്ഞ പ്രസിദ്ധ് കൃഷ്ണ 41 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ്, അർഷദ് ഖാൻ, സായ് കിഷോർ, ഇഷാന്ത് ശർമ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. 

English Summary:

Indian Premier League, Gujarat Titans vs Delhi Capitals Match Updates

Read Entire Article