അവാർഡ് ലഭിക്കുന്നത് തനിക്ക് അത്ര വലിയ സംഭവമായി തോന്നിയിട്ടില്ലെന്ന് നടൻ വിജയരാഘവൻ. ഇത് പുച്ഛം കൊണ്ടല്ല പറയുന്നതെന്നും, ഒരു കൊച്ചുകുട്ടി പൂവ് നൽകിയാലും സിനിമ നന്നായിരുന്നുവെന്ന് പ്രേക്ഷകൻ വിളിച്ചുപറഞ്ഞാലും തനിക്ക് വലിയ സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ഒരുകാലത്ത് അവാർഡുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും, ചില പുരസ്കാരങ്ങൾ തനിക്കാണെന്ന് വിളിച്ചറിയിച്ച ശേഷം പിന്നീട് ലഭിക്കാതെ പോയ അനുഭവങ്ങളുണ്ടെന്നും വിജയരാഘവൻ പറഞ്ഞു. അതോടെയാണ് അവാർഡിന്റെ കാര്യത്തിൽ ‘ഇത്രയേ ഉള്ളൂ’ എന്ന തോന്നൽ ഉണ്ടായത്. അതുകൊണ്ടുതന്നെ പിന്നീട് അവാർഡ് ലഭിച്ചപ്പോഴും വലിയ ആവേശം തോന്നിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ തനിക്ക് പ്രേക്ഷകരുമായുള്ള നേരിട്ടുള്ള ബന്ധമാണ് ഏറ്റവും വലിയ സംതൃപ്തിയെന്നും വിജയരാഘവൻ പറഞ്ഞു. പഠനം പൂർത്തിയാക്കിയ ശേഷം 13–14 വർഷത്തോളം നാടകത്തിൽ സജീവമായിരുന്നു. നാടകവേദിയിൽ നടന്റെ വികാരങ്ങൾ പ്രേക്ഷകരിലേക്കും അവരുടെ പ്രതികരണങ്ങൾ നടനിലേക്കും നേരിട്ട് എത്തും. ആ അനുഭവം സിനിമയിൽ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സിനിമയിൽ പണവും പ്രശസ്തിയും കൂടുതൽ ലഭിക്കുന്നുണ്ടെന്നും ഒരേസമയം നിരവധി ആളുകൾക്ക് നമ്മളെ കാണാനാകുമെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി. നാടകത്തിലെ മികച്ച പ്രകടനങ്ങൾ പലപ്പോഴും കാലക്രമേണ മറന്നുപോകുന്നതിന്റെ ഉദാഹരണമായി പിതാവും നടനുമായ എൻ.എൻ. പിള്ളയെയും അദ്ദേഹം ഓർത്തെടുത്തു. നിരവധി വേദികളിൽ അദ്ദേഹം ഗംഭീര നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ന് പലരും ഓർക്കുന്നത് ‘ഗോഡ്ഫാദർ’ എന്ന സിനിമയിലെ അഭിനയത്തിലൂടെയാണെന്നും വിജയരാഘവൻ പറഞ്ഞു.
സിനിമയിൽ തനിക്ക് ഏറ്റവും സന്തോഷം നൽകുന്നത് പ്രേക്ഷകർ വിളിച്ച് അഭിനയം നന്നായിരുന്നുവെന്ന് പറയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. 55 വർഷത്തോളം അഭിനയരംഗത്ത് തുടരാൻ കഴിഞ്ഞത് തന്നെ വലിയ കാര്യമാണെന്നും തന്റെ ജീവിതം മുഴുവൻ അഭിനയത്തിനായി സമർപ്പിച്ചിരിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു.
വേറൊരു ജോലി തനിക്ക് അറിയില്ലെന്നും അതുകൊണ്ടുതന്നെ ഇഷ്ടമുള്ള രീതിയിൽ സന്തോഷത്തോടെ ജീവിക്കുകയാണെന്നും ആരെയും ബുദ്ധിമുട്ടിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2 weeks ago
5




English (US) ·