13 July 2025, 01:03 PM IST

അമൻഡ അനിസിമോവ | AP
ലണ്ടൻ: ആധികാരികപ്രകടനത്തോടെയാണ് ഇഗ സ്വിയാടെക്ക് വിംബിൾഡൺ വനിതാ സിംഗിൾസ് കീരീടത്തിൽ മുത്തമിട്ടത്. ഫൈനലിൽ എതിരാളി അമേരിക്കയുടെ 13-ാം സീഡ് അമൻഡ അനിസിമോവയ്ക്ക് ഒരു ഗെയിംപോലും നൽകാതെയാണ് സ്വിയാടെക് വിജയം നേടിയത് (6-0, 6-0). ദയനീയ തോൽവിക്ക് പിന്നാലെ അമൻഡ കണ്ണീരണിഞ്ഞു. താൻ തിരിച്ചുവരുമെന്ന പ്രഖ്യാപനവുമായാണ് അമൻഡ കോർട്ട് വിട്ടത്.
ഓപ്പൺ കാലഘട്ടത്തിൽ വിംബിൾഡണിൽ ആദ്യമായാണ് ഒരു ഗെയിംപോലും നേടാതെ എതിരാളി തോൽക്കുന്നത്. മത്സരം 57 മിനിറ്റ് മാത്രമാണ് നീണ്ടത്. മത്സരശേഷം അമൻഡക്ക് കരച്ചിലടക്കാനായില്ല. ഇന്ന് വിചാരിച്ചതുപോലെ കളിക്കാന്‍ സാധിച്ചില്ലെന്നും എന്നാല്‍ താന്‍ തിരിച്ചുവരുമെന്നും അവര്‍ പറഞ്ഞു. ആദ്യ റൗണ്ട് മുതല്‍ പിന്തുണച്ച എല്ലാവര്‍ക്കും അമന്‍ഡ നന്ദി പറഞ്ഞു. അമന്‍ഡയുടെ വാക്കുകള്‍ക്ക് പിന്നാലെ ഗാലറിയില്‍ നിറഞ്ഞടി കയ്യടികളുയര്‍ന്നു. താരത്തിന് പിന്തുണയുമായി റാഫേല്‍ നദാലടക്കമുള്ള മുന്‍ താരങ്ങള്‍ രംഗത്തെത്തി.
ആദ്യസെറ്റിൽ എതിരാളിയുടെ മൂന്നുസർവുകളും ഭേദിച്ചാണ് സ്വിയാടെക് സമ്പൂർണ ആധിപത്യം നേടിയത്. രണ്ടാം സെറ്റിലും സ്വിയാടെക് പ്രകടനം ആവർത്തിച്ചതോടെ അട്ടിമറികളുമായി ഫൈനലിലെത്തിയ അനിസിമോവ വെറും കാഴ്ചക്കാരിയായി. അമേരിക്കൻ താരം 28 അനാവശ്യ പിഴവുകളാണ് വരുത്തിയത്.
അമൻഡയെ പരാജയപ്പെടുത്തിയ സ്വിയാടെക് ആറാം ഗ്രാൻസ്ലാം കിരീടമാണ് സ്വന്തമാക്കിയത്. നാലുവട്ടം ഫ്രഞ്ച് ഓപ്പണും ഒരുതവണ യുഎസ് ഓപ്പണും നേടി. ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ സ്റ്റെഫി ഗ്രാഫിനുശേഷം ആദ്യമായാണ് ഫൈനലിൽ ഗെയിം വഴങ്ങാതെ വിജയം നേടുന്നത്. 1988 ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ നതാലിയ സ്വരേവയെ സ്റ്റെഫി ഗ്രാഫ് 6-0, 6-0 സ്കോറിൽ തോൽപ്പിച്ചിരുന്നു.
Content Highlights: Anisimova aft Wimbledon last loss








English (US) ·