Published: January 08, 2026 02:47 PM IST Updated: January 08, 2026 03:31 PM IST
1 minute Read
ജയ്പുർ ∙ വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബിനെതിരായ മത്സരത്തിൽ 15 പന്തിൽ അർധസെഞ്ചറി നേടി മുംബൈ താരം സർഫ്രാസ് ഖാൻ. മൂന്നാമനായി ക്രീസിലെത്തിയ താരം, പഞ്ചാബ് ക്യാപ്റ്റനും ഇന്ത്യയുടെ ട്വന്റി20 ഓപ്പണറുമായ അഭിഷേക് ശർമയ്ക്കെതിരെ ഒരോവറിൽ 30 റൺസാണ് അടിച്ചുകൂട്ടിയത്. മുംബൈ ഇന്നിങ്സിന്റെ പത്താം ഓവറിലായിരുന്നു സർഫ്രാസ് ഖാന്റെ വെടിക്കെട്ട്.
ഒന്നിടവിട്ട പന്തുകളിൽ സിക്സും ഫോറും തുടർച്ചയായി പായിച്ചായിരുന്നു സർഫ്രാസിന്റെ മിന്നൽ അടി. 6, 4, 6, 4, 6 ,4 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോറിങ്. ഇതോടെ 15 പന്തിൽ സർഫ്രാസ് അർധസെഞ്ചറിയും പൂർത്തിയാക്കി. 2020-21ൽ ഛത്തീസ്ഗഡിനെതിരെ 16 പന്തിൽ അർധസെഞ്ച്വറി നേടിയ ബറോഡയുടെ അതിത് ഷെത്തിന്റെ റെക്കോർഡാണ് സർഫ്രാസ് തകർത്തത്.
20 പന്തിൽ 62 റൺസെടുത്ത താരത്തെ മയാങ്ക് മാർക്കണ്ഡെ വിക്കറ്റിനു മുന്നിൽ കുരുക്കി പുറത്താക്കി. ആകെ 5 സിക്സും ഏഴും ഫോറുമാണ് സർഫ്രാസിന്റെ ബാറ്റിൽനിന്നു പിറന്നത്. അതേസമയം, ത്രില്ലർ പോരാട്ടത്തിനൊടുവിൽ മത്സരം പഞ്ചാബ് ഒരു റൺസിന് വിജയിച്ചു. പഞ്ചാബ് ഉയർത്തിയ 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ, 26.2 ഓവറിൽ 215 റൺസിനു പുറത്തായി.
സർഫ്രാസിനെ കൂടാതെ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ (34 പന്തിൽ 45) മാത്രമാണ് മുംബൈ നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്. സൂര്യകുമാർ യാദവ് (15), ശിവം ദുബെ (12) എന്നിവർ തിളങ്ങിയില്ല. പഞ്ചാബിനായി മയാങ്ക് മാർക്കണ്ഡെയും ഗുർനൂർ ബ്രാറും നാല് വിക്കറ്റു വീതം വീഴ്ത്തി.
ആദ്യം ബാറ്റു ചെയ്ത പഞ്ചാബ്, 45.1 ഓവറിൽ 216 റൺസിനു പുറത്താകുകയായിരുന്നു. അർധസെഞ്ചറി നേടിയ രമൺദീപ് സിങ് (72), അൻമോൾപ്രീത് സിങ് (57) എന്നിവരാണ് പഞ്ചാബിനെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ അഭിഷേക് ശർമ വെറും എട്ടു റൺസെടുത്ത് പുറത്തായി. മറ്റൊരു ഓപ്പണർ പ്രഭ്സിമ്രാൻ സിങ് 11 റൺസെടുത്തും പുറത്തായി. മുംബൈയ്ക്കായി മുഷീർ ഖാൻ മൂന്നു വിക്കറ്റും ശിവം ദുബെ രണ്ടു വിക്കറ്റും വീഴ്ത്തി.
English Summary:








English (US) ·