6.5 ലക്ഷം രൂപയുടെ ഐപിഎൽ ജഴ്സികൾ മോഷ്ടിച്ച് ഓൺലൈനിൽ വിറ്റു; വാങ്കഡെ സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

5 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: July 30 , 2025 10:36 AM IST

1 minute Read

വാങ്കഡെ സ്റ്റേഡിയത്തിൽ നിന്നുള്ള ദൃശ്യം (ഫയൽ ചിത്രം, X/@mipaltan)
വാങ്കഡെ സ്റ്റേഡിയത്തിൽ നിന്നുള്ള ദൃശ്യം (ഫയൽ ചിത്രം, X/@mipaltan)

മുംബൈ∙ വേലി തന്നെ വിളവു തിന്നുക എന്നു കേട്ടിട്ടില്ലേ. വിഖ്യാതമായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ അടുത്തിടെ നടന്ന സംഭവം കേട്ടാൽ ഓർമ വരിക ആ പഴഞ്ചൊല്ലാണ്. സ്റ്റേഡിയത്തിലെ സ്റ്റോർ റൂമിൽ രൂക്ഷിച്ചിരുന്ന ആറര ലക്ഷം രൂപ വിലവരുന്ന ഐപിഎൽ ജഴ്സികൾ മോഷ്ടിച്ച് ഓൺലൈനിൽ വിറ്റ സുരക്ഷാ ഉദ്യോഗസ്ഥനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ഔദ്യോഗിക സ്റ്റോറിൽ നിന്നാണ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ ജഴ്സികൾ മോഷ്ടിച്ചത്.

മുംബൈ മിരാ റോഡിൽ താമസിക്കുന്ന ഫാറൂഖ് അസ്‌ലം ഖാനാണ് സംഭവത്തിൽ പിടിയിലായത്. ഏതാനും ദിവസങ്ങൾക്കു മുൻപ് കസ്റ്റഡിയിലായി ഇയാൾ നിലവിൽ ജാമ്യം ലഭിച്ച് പുറത്താണ്. ഫാറൂഖ് അസ്‌ലം ഖാനെ അറസ്റ്റ് ചെയ്ത കാര്യം മുംബൈ പൊലീസ് സ്ഥിരീകരിച്ചു.

ജൂൺ 13നാണ് മോഷണം നടന്നതെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. ദക്ഷിണ മുംബൈയിൽ വാങ്കഡെ സ്റ്റേഡിയത്തിന്റെ പരിസരത്തു തന്നെയുള്ള ബിസിസിഐ സ്റ്റോറിൽനിന്ന് ഐപിഎൽ ജഴ്സികൾ ആരുമറിയാതെ ഇയാൾ കടത്തുകയായിരുന്നു. ജഴ്സികളിൽ ചിലത് ഇയാൾ ഓൺലൈനിൽ വിൽപന നടത്തിയതായാണ് വിവരം.

ബിസിസിഐയുടെ ഇന്റേണൽ ഇൻ‌വെന്ററി ഓഡിറ്റിലാണ് സംഭവം കണ്ടെത്തിയത്. തുടർന്ന് ജൂലൈ പതിനേഴിന് ബിസിസിഐ അധികൃതർ മറൈൻ ഡ്രൈവ് പൊലീസിൽ പരാതി നൽകി. 

മോഷ്ടിച്ച ജഴ്സികളിൽ പലതും ഹരിയാനയിലെ ഒരു ഡീലറിന് കൈമാറിയതായും പൊലീസ് കണ്ടെത്തി. പ്രതിയിൽനിന്ന് ഇതുവരെ 50 ജഴ്സികൾ മാത്രമാണ് കണ്ടെടുക്കാനായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

English Summary:

Security in-charge of Wankhede Stadium arrested for stealing IPL 2025 jerseys worthy Rs 6.52 lakh

Read Entire Article