Published: December 11, 2025 10:09 PM IST
1 minute Read
മുല്ലൻപുർ ∙ രാജ്യാന്തര ട്വന്റ20യിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനായ അർഷ്ദീപ് സിങ്ങിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ നാണക്കേടിന്റെ റെക്കോർഡ്. ഒരോവറിൽ ഏഴു വൈഡ് വഴങ്ങിയ അർഷ്ദീപ്, ആകെ 13 പന്തുകളാണ് എറിഞ്ഞത്. ഇതോടെ രാജ്യാന്തര ട്വന്റി20യിൽ ഒരോവറിൽ ഏറ്റവും കൂടുതൽ പന്തുകൾ എറിയേണ്ടി വന്ന ബോളർമാരിൽ അഫ്ഗാനിസ്ഥാന്റെ നവീൻ ഉൽ ഹഖിനൊപ്പമെത്തി താരം. 12 പന്തുകൾ എറിഞ്ഞ ദക്ഷിണാഫ്രിക്കൻ താരം സിസൻഡ മഗലയാണ് രണ്ടാമത്.
ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ 11–ാം ഓവറിലാണ് സംഭവം. ആദ്യ പന്തിൽ തന്നെ അർഷ്‌ദീപിനെ ക്വിന്റൻ ഡികോക്ക് സിക്സറിനു തൂക്കി. തൊട്ടടുത്ത പന്താണ് ഓവറിലെ ആദ്യ വൈഡ്. വീണ്ടും ഒരു വൈഡ് കൂടി എറിഞ്ഞ ശേഷമാണ് ലീഗലായ രണ്ടാമത്തെ പന്തു വന്നത്. എന്നാൽ മൂന്നാം ലീഗൽ പന്തിനിടെ നാല് വൈഡുകൾ കൂടി അർഷദീപ് എറിഞ്ഞു. ഇതോടെ ദക്ഷിണാഫ്രിക്കൻ സ്കോർ 100 കടക്കുകയും ചെയ്തു. അവസാന ലീഗൽ പന്ത് എറിയുന്നതിനു മുൻപ് ഒരു വൈഡ് കൂടി അർഷ്ദീപ് എറിഞ്ഞു. ഇതോടെ ഏഴു വൈഡുകളും ആറു ലീഗൽ പന്തുകളുമടക്കം 13 ബോളുകളാണ് അർഷ്ദീപിന് എറിയേണ്ടി വന്നത്.
ഏഴ് എക്സ്ട്രാസും ഒരു സിക്സുമടക്കം 18 റൺസാണ് അർഷ്ദീപ് ആ ഓവറിൽ വഴങ്ങിയത്. ഇതോടെ ഡഗൗട്ടിലിരുന്ന ഇന്ത്യയുടെ കോച്ച് ഗൗതം ഗംഭീർ അർഷ്‌ദീപിനെതിരെ രോഷാകുലനാകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മത്സരത്തിലാകെ നാല് ഓവറിൽ 54 റൺസാണ് അർഷ്ദീപ് വഴങ്ങിയത്. 13.5 ആണ് താരത്തിന്റെ ഇക്കണോമി. ട്വന്റി20യിൽ അർഷ്ദീപ് വഴങ്ങുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. 2022ൽ ഗുവാഹത്തിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തന്നെ 62 റൺസ് അർഷ്ദീപ് വഴങ്ങിയിരുന്നു.
ഈ മത്സരത്തിൽ 9 വൈഡുകളാണ് താരം ആകെ എറിഞ്ഞത്. ഇന്ത്യൻ ബോളർമാരെല്ലാം ചേർന്ന് 16 വൈഡുകൾ വഴങ്ങി. രാജ്യാന്തര ട്വന്റിയിൽ, ഇന്ത്യൻ ടീം ഏറ്റവും കൂടുതൽ വൈഡുകൾ വഴങ്ങുന്ന മത്സരങ്ങളിൽ ഇതു രണ്ടാമതാണ്. 2009ൽ മൊഹാലിയിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ 17 വൈഡുകൾ ഇന്ത്യ വഴങ്ങിയിരുന്നു. 2018ൽ വെസ്റ്റിൻഡീസിനെതിരെയും 16 വൈഡുകൾ വഴങ്ങി.
English Summary:








English (US) ·