Published: May 20 , 2025 09:32 PM IST Updated: May 20, 2025 11:08 PM IST
2 minute Read
ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിൽ അവസാന സ്ഥാനം ഒഴിവാക്കാനുള്ള പോരാട്ടത്തിൽ, മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ വീഴ്ത്തി സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. സീസണിൽ രാജസ്ഥാൻ റോയൽസിന്റെ അവസാന മത്സരത്തിൽ ആറു വിക്കറ്റിനാണ് അവർ ചെന്നൈയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ നാലു എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 187 റൺസ്. മറുപടി ബാറ്റിങ്ങിൽ 17 പന്തും ആറു വിക്കറ്റും ബാക്കിയാക്കി രാജസ്ഥാൻ വിജയത്തിലെത്തി.
സീസണിലെ അവസാന മത്സരത്തിലെ വിജയത്തോടെ, രാജസ്ഥാൻ തൽക്കാലം ഒൻപതാം സ്ഥാനത്തു തന്നെ തുടരുന്നു. ഇനിയും ഒരു മത്സരം കൂടി ശേഷിക്കുന്ന ചെന്നൈയ്ക്ക്, അവസാന മത്സരം ജയിച്ചാൽ എട്ടു പോയിന്റുമായി രാജസ്ഥാന് ഒപ്പമെത്താം. അങ്ങനെ വന്നാൽ നെറ്റ് റൺറേറ്റിൽ പിന്നിലാകുന്നവർ അവസാന സ്ഥാനത്താകും.
അടുത്ത സീസണിൽ രാജസ്ഥാന് പ്രതീക്ഷ നൽകുന്ന പ്രകടനത്തോടെയാണ് ഈ സീസണിലെ അവസാന മത്സരം അവസാനിച്ചത്. അർധസെഞ്ചറി നേടിയ കൗമാര താരം വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. വൈഭവ് 33 പന്തിൽ നാലു വീതം സിക്സും ഫോറും സഹിതം 57 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ സഞ്ജു സാംസൺ 31 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 41 റൺസെടുത്തു.
ഓപ്പണർ യശസ്വി ജയ്‌സ്വാൾ (19 പന്തിൽ 36), അവസാന ഓവറുകളിൽ തകർത്തടിച്ച ധ്രുവ് ജുറേൽ (12 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം പുറത്താകാതെ 31), ഷിമ്രോൺ ഹെറ്റ്മെയർ (അഞ്ച് പന്തിൽ ഓരോ സിക്സും ഫോറും സഹിതം പുറത്താകാതെ 12) എന്നിവരും തിളങ്ങി. നിരാശപ്പെടുത്തിയത് നാലു പന്തിൽ മൂന്നു റൺസുമായി പുറത്തായ റിയാൻ പരാഗ് മാത്രം. ചെന്നൈയ്‌ക്കായി അശ്വിൻ രണ്ടും അൻഷുൽ കംബോജ്, നൂർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
∙ യുവതാരങ്ങളുടെ കരുത്തിൽ ചെന്നൈ
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ്, നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 187 റൺസെടുത്തത്. 20 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 43 റൺസെടുത്ത യുവ ഓപ്പണർ ആയുഷ് മാത്രെയാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഡിവാൾഡ് ബ്രെവിസ് 25 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 42 റൺസെടുത്ത് പുറത്തായി. ശിവം ദുബെ 32 പന്തിൽ 39 റൺസെടുത്തപ്പോൾ, മഹേന്ദ്രസിങ് ധോണി 17 പന്തിൽ ഒരു സിക്സ് സഹിതം 16 റൺസെടുത്തും പുറത്തായി.
ഡിവോൺ കോൺവേ (എട്ടു പന്തിൽ 10), ഉർവിൽ പട്ടേൽ (0), രവിചന്ദ്രൻ അശ്വിൻ (എട്ടു പന്തിൽ 13), രവീന്ദ്ര ജഡേജ (അഞ്ച് പന്തിൽ ഒന്ന്), അൻഷുൽ കംബോജ് (മൂന്നു പന്തിൽ പുറത്താകാതെ അഞ്ച്), നൂർ അഹമ്മദ് (ഒരു പന്തിൽ രണ്ടു റൺസ്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. രാജസ്ഥാനായി ആകാശ് മധ്‌വാൾ നാല് ഓവറിൽ 29 റൺസ് വഴങ്ങിയു യുധ്‌വീർ സിങ് നാല് ഓവറിൽ 47 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. തുഷാർ ദേശ്പാണ്ഡെ, വാനിന്ദു ഹസരംഗ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
English Summary:








English (US) ·