ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസിന്റെ ഫൈനലിനോളം ആവേശകരമായ ഒരു ക്ലാസിക് പോരാട്ടത്തിന് ഇന്ന് ആർതർ ആഷ് സ്റ്റേഡിയം വേദിയാകും. വനിതാ സിംഗിൾസിന്റെ നാലാം റൗണ്ടിൽ യുഎസിന്റെ കൊക്കോ ഗോഫും ജപ്പാന്റെ നവോമി ഒസാക്കയും ഏറ്റുമുട്ടുമ്പോൾ 2 മുൻ ചാംപ്യൻമാർ തമ്മിലുള്ള പോരാട്ടം മാത്രമാകില്ല അത്.
6 വർഷം മുൻപത്തെ, അവിസ്മരണീയമായ ചില നിമിഷങ്ങളിലേക്കുകൂടി ഈ മത്സരം ആരാധകരെ തിരികെക്കൊണ്ടുപോകും. 2019നുശേഷം ഒസാക്കയും ഗോഫും യുഎസ് ഓപ്പണിൽ നേർക്കുനേർ വരുന്നത് ആദ്യമായാണ്.
2019ലെ യുഎസ് ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പറുമായ നവോമി ഒസാക്കയെ നേരിടുമ്പോൾ 15 വയസ്സായിരുന്നു അരങ്ങേറ്റക്കാരി കൊക്കോ ഗോഫിന്റെ പ്രായം. തൊട്ടു മുൻപ് നടന്ന വിമ്പിൾഡനിൽ വീനസ് വില്യംസ് ഉൾപ്പെടെയുള്ള വമ്പൻ താരങ്ങളെ അട്ടിമറിച്ച് പ്രീക്വാർട്ടറിലെത്തിയ താരം ടെന്നിസിലെ കൗമാര വിസ്മയമായി പേരെടുത്തിരുന്നു.
എന്നാൽ, യുഎസ് ഓപ്പണിൽ ഒസാക്കയുടെ പ്രതിഭയ്ക്കും പരിചയ സമ്പത്തിനും മുന്നിൽ പിടിച്ചുനിൽക്കാൻ ഗോഫിനായില്ല (6–3, 6–0). മത്സരത്തിനുശേഷം കോർട്ടിൽ വിങ്ങിപ്പൊട്ടിയ കൗമാരതാരത്തെ ഒസാക്ക ചേർത്തുപിടിച്ചു. തനിക്കൊപ്പം ടിവി ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ക്ഷണിച്ചു. വിജയാഘോഷം ഉപേക്ഷിച്ച് 15 വയസ്സുകാരിയെ ഒപ്പംനിർത്തിയ ഒസാക്ക അന്ന് ആരാധകരുടെ മനസ്സുനിറഞ്ഞുള്ള കയ്യടിയും നേടി. അതിനുശേഷം 2020ലെ ഓസ്ട്രേലിയൻ ഓപ്പണിൽ വീണ്ടും ഏറ്റുമുട്ടിയപ്പോൾ ഒസാക്കയെ അട്ടിമറിച്ച് ഗോഫ് കരുത്തുകാട്ടുകയും ചെയ്തു.
വർഷങ്ങൾക്കുശേഷം വീണ്ടും നേർക്കുനേർ വരുമ്പോൾ ഇവർക്കിടയിൽ കാലവും കോർട്ടും ഏറെ മാറി. ഇരുപത്തേഴുകാരിയായ ഒസാക്ക ലോക റാങ്കിങ്ങിൽ 23–ാം സ്ഥാനത്താണെങ്കിൽ 21 വയസ്സുള്ള ഗോഫ് മൂന്നാമതാണ്. 2020 യുഎസ് ഓപ്പണിൽ നാലാം ഗ്രാൻസ്‌ലാം കിരീടം നേടിയശേഷം ടെന്നിസ് കോർട്ടിൽ ഒസാക്കയ്ക്കു തിരിച്ചടികളുടെ കാലമായിരുന്നു. അമ്മയായശേഷം ഒരു വർഷത്തോളം മത്സരങ്ങളിൽനിന്നു വിട്ടുനിന്ന ജപ്പാൻ താരം കഴിഞ്ഞ വർഷമാണ് തിരിച്ചെത്തിയത്. എന്നാൽ, 2023 യുഎസ് ഓപ്പണിലൂടെ ആദ്യ ഗ്രാൻസ്‍ലാം ട്രോഫി നേടിയ ഗോഫ് ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണിലും ജേതാവായിരുന്നു.
English Summary:








English (US) ·