മുംബൈ ∙അപ്രതീക്ഷിതമായിട്ടാണ് വിവാഹം റദ്ദാക്കിയ കാര്യം സ്മൃതി മന്ഥന ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതെങ്കിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരാധകർ ഇതു പ്രതീക്ഷിച്ചിരുന്നതാണെന്നാണ് വസ്തുത. സംഗീത സംവിധായകൻ പലാശ് മുച്ഛലുമായി നവംബർ 23 നടക്കേണ്ടിയിരുന്ന വിവാഹം മാറ്റിവച്ചിട്ട്, കൃത്യം 15–ാം ദിവസമാണ് വിവാഹം എന്നന്നേക്കുമായി ഉപേക്ഷിച്ച വിവരം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ഔദ്യോഗികമായി അറിയിക്കുന്നത്. വളരെ സ്വകാര്യമായ വ്യക്തിജീവിതമാണ് നയിക്കുന്നതെങ്കിലും ഒട്ടേറെ ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനാലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതെന്നാണ് സ്മൃതി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞത്. മാത്രമല്ല, ഇതിനു പിന്നാലെ പലാശിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്യുകയും ചെയ്തു. പലാശും സ്മൃതിയെ അൺഫോളോ ചെയ്തിട്ടുണ്ട്.
∙ അന്നു സംഭവിച്ചത്2025 നവംബർ 23: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ സ്മൃതിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽ സ്മൃതി – പലാശ് വിവാഹത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ചടങ്ങുകൾ മാറ്റിവച്ചെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നത്. രണ്ടു ദിവസത്തിലേറെയായി നടന്ന പ്രീവെഡിങ് ചടങ്ങുകളും ആഘോഷങ്ങളും എല്ലാം പെട്ടെന്നു നിർത്തിവയ്ക്കുകയും ചെയ്തു. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് വിവാഹം മാറ്റിവച്ചതെന്നായിരുന്നു പുറത്തുവന്ന വാർത്ത.
വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെയാണ് സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. അച്ഛന്‍ അടുത്തില്ലാതെ വിവാഹം നടത്തേണ്ടെന്ന് സ്മൃതി നിലപാടെടുത്തതോടെയാണ് വിവാഹം മാറ്റിവച്ചത്. എന്നാൽ അധികം വൈകാതെ പലാശ് മുച്ഛലും ആശുപത്രിയിൽ ചികിത്സ തേടിയെന്ന വാർത്ത പുറത്തുവന്നു. വൈറല്‍ ഇന്‍ഫക്ഷന്‍, അസിഡിറ്റി എന്നിവയെ തുടര്‍ന്നാണ് പലാശ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആദ്യം സാംഗ്ലിയിലെ ആശുപത്രിയിലും പിന്നീട് മുംബൈയിലെ ആശുപത്രിയിലുമാണ് പലാശിനെ പ്രവേശിപ്പിച്ചത്. ഇരുവരും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ആശുപത്രി വിട്ടെങ്കിലും പിന്നീട് വിവാഹക്കാര്യത്തിൽ തീരുമാനമൊന്നുമുണ്ടായില്ല.
∙ പലാശും കൊറിയോഗ്രഫർമാരുംഇതിനിടെ പലാശിന്റേതെന്ന പേരിൽ ചില ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പല അഭ്യൂഹങ്ങളും പരന്നു. ഇതാണ് വിവാഹം മാറ്റിവയ്ക്കാൻ കാരണമെന്നും ചിലർ ആരോപിച്ചു. കൊറിയോഗ്രഫറുമാരായ മേരി ഡി കോസ്റ്റ, നന്ദിക ദ്വിവേദി, ഗുൽനാസ് ഖാൻ എന്നിവരുമായി ചേർത്താണ് ആരോപനങ്ങൾ ഉയർന്നത്. ഇവരുമായുള്ള പലാശിന്റെ അടുപ്പമാണ് വിവാഹം മുടങ്ങാൻ കാരണമെന്നായിരുന്നു ആരോപണം. പലാശുമായി ചാറ്റു ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മേരി ഡി കോസ്റ്റ രംഗത്തെത്തുകയും ചെയ്തു.
പുറത്തുവന്ന സ്ക്രീൻഷോട്ടുകളിൽ, സ്മൃതിയും പലാശും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മേരി ചോദിക്കുമ്പോള്‍ ആ ബന്ധം ഏകദേശം അവസാനിച്ചതു പോലെ എന്നാണ് പലാശിന്‍റെ മറുപടി. ‘ഡെഡ് മോസ്റ്റ്’ എന്നും ‘ലോങ്- ഡിസ്റ്റൻസ്’ ബന്ധം എന്നുമാണ് പലാശ് മേരിയോട് പറയുന്നത്. മാത്രമല്ല പലാശ് മേരിയോട് കാണണമെന്ന് നിര്‍ബന്ധിക്കുന്നതായും ചാറ്റില്‍ കാണാം. ഇവരെ ഹോട്ടലിലെ പൂളില്‍ ഒരുമിച്ച് നീന്താന്‍ ക്ഷണിക്കുന്നതും സ്പായിലേക്കും ബീച്ചിലേക്കും ക്ഷണിക്കുന്നതുമുണ്ട്. ഒരുമിച്ച് നീന്താന്‍ പോകാം എന്ന് പറയുമ്പോള്‍ നിങ്ങള്‍ ഡേറ്റിങ്ങിലല്ലോ എന്ന് മേരി ചോദിക്കുന്നു. അതുകൊണ്ട് നമുക്ക് ഒരുമിച്ച് പോകാന്‍ പാടില്ലെന്നില്ല എന്നാണ് മറുപടി. ഞാന്‍ എന്‍റെ അസിസ്റ്റന്‍റിനേയും വിളിക്കാം അപ്പോള്‍ പിന്നെ ഗ്രൂപ്പായിട്ട് പോകുന്നതായേ ആളുകള്‍ക്ക് തോന്നൂ എന്നും ചാറ്റില്‍ പറയുന്നു. സ്ക്രീൻഷോട്ടുകളിൽ യുവതിയുമായുള്ള ഫ്ലർട്ടിങ് മെസേജുകളുമുണ്ട്.
താനൊരിക്കലും പലാശ് മുച്ഛലിനെ കണ്ടിട്ടില്ലെന്നും നേരിട്ട് യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും കേവലം ഒരു മാസത്തെ പരിചയം മാത്രമേയുള്ളൂവെന്നും മേരി ഡി കോസ്റ്റ പിന്നീട് വ്യക്തമാക്കി. ‘‘2025 ഏപ്രിൽ 29നും മേയ് 30 നും ഇടയിലാണ് ചാറ്റ് ചെയ്തത്. അതുകൊണ്ടു തന്നെ കേവലം ഒരു മാസം മാത്രമായിരുന്നു അതിന്റെ ആയുസ്സ്. ഇതിനിടയിൽ നേരിട്ട് കാണുകയോ, യാതൊരു തരത്തിലും ഇടപെടുകയോ ചെയ്തിട്ടില്ല. ഇപ്പോഴെന്തിനാണ് ഇതൊക്കെ തുറന്നു പറയുന്നതെന്ന് ആളുകൾ ചോദിക്കുന്നുണ്ട്. സത്യം പറഞ്ഞാൽ പലാശിന്റെ യഥാർഥ മുഖം ഞാൻ തുറന്നു കാട്ടിയത് ജൂലൈയിലാണ്. പക്ഷേ ആ സമയത്തൊന്നും അയാൾ ആരായിരുന്നുവെന്ന് ആർക്കും അറിയുമായിരുന്നില്ല. അതിനാൽ ആ കാര്യങ്ങളൊക്കെ ശ്രദ്ധിക്കപ്പെടാതെ പോയി.’’ മേരി ഡി കോസ്റ്റ് വ്യക്തമാക്കി. നന്ദിക ദ്വിവേദിയും ഗുൽനാസ് ഖാനും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പലാശുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ഇരുവരുടെയും വിശദീകരണം.
∙ ചാറ്റുകള്‍ പുറത്തുവിട്ടതാര്?വിവാഹത്തിന് മുൻപുള്ള ആഘോഷത്തിനിടെ സ്മൃതിയുടെ കുടുംബത്തിലെ ആരെങ്കിലും ഈ ചാറ്റുകൾ കണ്ടിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്മൃതിയുടെ പിതാവ് ശ്രീനിവാസിന് പെട്ടെന്ന് ദേഹസ്വാസ്ഥ്യം ഉണ്ടാകാന്‍ കാരണം ഇതാണെന്നും പറയപ്പെടുന്നു. സ്ക്രീൻഷോട്ടുകൾ ആദ്യം പങ്കിട്ട യഥാർഥ റെഡ്ഡിറ്റ് ത്രെഡ് ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. എങ്കിലും ഇവ മറ്റു സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇവ ഇപ്പോളും പ്രചരിക്കുന്നുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ സ്മൃതിയോ പലാശോ ഇരുവരുടേയും കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇതിനിടെ, സ്മൃതിയുമായി വളരെ അടുപ്പമുള്ളവരുടെ ചില നീക്കങ്ങളും താരവും പലാശുമായുള്ള ബന്ധം അവസാനിച്ചതിന്റെ സൂചനകൾ നൽകിയിരുന്നു. വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത ഇന്ത്യൻ ടീമിലെ സ്മൃതിയുടെ സഹതാരങ്ങളും വിഡിയോകളും ചിത്രങ്ങളും നീക്കം ചെയ്തിരുന്നു. സ്മൃതിയുടെ അടുത്ത സുഹൃത്ത് ജമീമ റോഡ്രിഗസ്, സാഹചര്യത്തെ തുടർന്ന് വനിതാ ബിഗ് ബാഷ് ലീഗിൽനിന്നു പിന്മാറുന്നതായും അറിയിച്ചു. ഇതോടെ ആരോഗ്യപ്രശ്നങ്ങളല്ല, വിവാഹം മാറ്റിവച്ചതിനു പിന്നിലെ കാരണമെന്ന അഭ്യൂഹങ്ങൾ ശക്തമായി.
∙ ആന്റി ക്ലൈമാക്സ്ഒരു നീണ്ട ക്രിക്കറ്റ് മത്സരം പോലെ സംഭവബഹുലമാണ് സ്മൃതി പലാശും തമ്മിലുള്ള ബന്ധവും. മുംബൈയിലെ പരസ്പര സുഹൃത്തുക്കൾ വഴിയാണ് സ്മൃതി മന്ഥനയും പലാശ് മുച്ഛലും 2019ൽ ആദ്യമായി പരിചയപ്പെടുന്നത്. അഞ്ചു വർഷത്തിലേറെ ഇരുവരും സ്വകാര്യമായി സൂക്ഷിച്ച പ്രണയം, 2024 ജൂലൈയിലാണ് പരസ്യമായത്. ഇതിനിടെ പലതവണ പല അഭ്യൂഹങ്ങളും പുറത്തുവന്നെങ്കിലും ഇരുവരും മൗനം പാലിച്ചു. ഈ വർഷത്തെ വനിതാ ക്രിക്കറ്റ് ലോകകപ്പിനിടെയാണ് സ്മൃതി വിവാഹിതയാകുന്നെന്ന വാർത്ത പുറത്തുവന്നത്. ഇന്ത്യ ലോകകപ്പ് വിജയിച്ചതിനു പിന്നാലെ വിവാഹത്തീയതി ഉൾപ്പെടെയുള്ള വിവരങ്ങളും പുറത്തുവന്നു. രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരുന്ന സെലിബ്രറ്റി വിവാഹത്തിനാണ് ഒരു ആന്റി ക്ലൈമാക്സ് സംഭവിച്ചിരിക്കുന്നത്.
English Summary:








English (US) ·