Published: May 08 , 2025 12:55 PM IST
1 minute Read
-
കൊൽക്കത്തയ്ക്ക് എതിരെ ചെന്നൈയ്ക്ക് 2 വിക്കറ്റ് ജയം
-
നൂർ അഹമ്മദ് പ്ലെയർ ഓഫ് ദ് മാച്ച്
കൊൽക്കത്ത ∙ വമ്പൻ ലക്ഷ്യത്തിനു മുൻപിൽ ഇത്തവണ ചെന്നൈ സൂപ്പർ കിങ്സ് വിറച്ചു വീണില്ല. ബാറ്റിങ് തകർച്ചയിൽ നിന്ന് കരകയറി തിരിച്ചടിച്ച ചെന്നൈയ്ക്ക് കൊൽക്കത്തയ്ക്കെതിരെ 2 വിക്കറ്റ് ജയം. 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 60 റൺസ് എടുക്കുന്നതിനിടെ ആദ്യ 5 വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ അതിവേഗ അർധ സെഞ്ചറി കുറിച്ച ഡെയ്‌വാൾഡ് ബ്രെവിസിന്റെയും (25 പന്തിൽ 52) ശിവം ദുബെയുടെയും (40 പന്തിൽ 45) ഇന്നിങ്സുകൾ ചെന്നൈയെ കരകയറ്റി. ജയിക്കാൻ 8 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ ആന്ദ്രെ റസലിനെതിരെ സിക്സർ നേടിയ എം.എസ്.ധോണി (18 പന്തിൽ 17*) വിജയമുറപ്പാക്കുകയും ചെയ്തു.
സ്കോർ: കൊൽക്കത്ത– 20 ഓവറിൽ 6ന് 179. ചെന്നൈ– 19.4 ഓവറിൽ 8ന് 183. 4 വിക്കറ്റ് വീഴ്ത്തിയ ചെന്നൈ സ്പിന്നർ നൂർ അഹമ്മദാണ് പ്ലെയർ ഓഫ് ദ് മാച്ച്. തുടർച്ചയായ 4 തോൽവികൾക്കുശേഷമുള്ള ചെന്നൈയുടെ ആശ്വാസ ജയമാണിത്. ഐപിഎലിൽ 7 വർഷങ്ങൾക്കുശേഷമാണ് 179ന് മുകളിലുള്ള വിജയലക്ഷ്യം ചെന്നൈ ടീം കീഴടക്കുന്നത്. തോൽവിയോടെ കൊൽക്കത്തയുടെ പ്ലേഓഫ് സാധ്യതകൾ ഏറക്കുറെ അവസാനിച്ചു.
ബ്രെവിസിന്റെ വെടിക്കെട്ട്ആയുഷ് മാത്രെ (0), ഡെവൻ കോൺവേ (0), ആർ.അശ്വിൻ (8), എന്നിവർ നിരാശപ്പെടുത്തിയപ്പോൾ അരങ്ങേറ്റ മത്സരം കളിച്ച ഉർവിൽ പട്ടേലിന്റെ ഇന്നിങ്സ് (11 പന്തിൽ 31) പവർപ്ലേയിൽ ചെന്നൈയ്ക്ക് തുണയായി. ഉർവിലും രവീന്ദ്ര ജഡേജയും (19) പുറത്തായതോടെ ആറാം ഓവറിൽ 5ന് 60 എന്ന നിലയിൽ ചെന്നൈ പതറിയപ്പോഴായിരുന്നു യുവതാരം ഡെയ്‌വാൾഡ് ബ്രെവിസ് വെടിക്കെട്ടിന് തിരികൊളുത്തിയത്. വൈഭവ് അറോറയ്ക്കെതിരെ ഒരോവറിൽ 30 റൺസ് അടിച്ചുകൂട്ടിയ ബ്രെവിസ് 22 പന്തിൽ ഐപിഎലിലെ കന്നി അർധ സെഞ്ചറി കുറിച്ചു. തുടർന്ന് ഏഴാം വിക്കറ്റിൽ 43 റൺസ് നേടിയ ശിവം ദുബെ (43)– എം.എസ്.ധോണി (17*) കൂട്ടുകെട്ട് ചെന്നൈയെ വിജയത്തിലേക്കു അടുപ്പിച്ചു.
നേരത്തേ 31 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത ഇടംകൈ സ്പിന്നർ നൂർ അഹമ്മദാണ് കൂറ്റൻ സ്കോറിലേക്കു കുതിച്ച കൊൽക്കത്ത ഇന്നിങ്സിനെ പിടിച്ചുനിർത്തിയത്. ഒരു അർധ സെഞ്ചറി പോലുമില്ലാത്ത കൊൽക്കത്ത ബാറ്റിങ്ങിൽ ക്യാപ്റ്റൻ അജിൻക്യ രഹാനെ (33 പന്തിൽ 48), മനീഷ് പാണ്ഡെ (28 പന്തിൽ 36), ആന്ദ്രേ റസൽ (21 പന്തിൽ 38) എന്നിവരുടെ ഇന്നിങ്സുകൾ നിർണായകമായി.
ഐപിഎലിൽ 200 പുറത്താക്കലുകൾ എന്ന നാഴികക്കല്ല് പിന്നിട്ട് ചെന്നൈ ക്യാപ്റ്റൻ എം.എസ്.ധോണി. ഇന്നലെ അജിൻക്യ രഹാനെയെ സ്റ്റംപ് ചെയ്ത് പുറത്താക്കിയപ്പോഴാണ് ധോണിയുടെ ഐപിഎൽ പുറത്താക്കലുകൾ ഇരുന്നൂറിലെത്തിയത്. 153 ക്യാച്ചും 47 സ്റ്റംപിങ്ങും ഉൾപ്പെടെയാണിത്.
English Summary:








English (US) ·