Published: June 28 , 2025 10:55 PM IST
1 minute Read
നോട്ടിങ്ങാം∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20യിൽ ഇന്ത്യൻ വനിതാ ടീമിനു വമ്പൻ വിജയം. 97 റണ്‍സ് വിജയമാണ് ഇന്ത്യ നോട്ടിങ്ങാമിൽ നേടിയത്. ഇന്ത്യ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് 14.5 ഓവറിൽ 113 റൺസെടുത്തു പുറത്തായി. സെഞ്ചറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സ്മൃതി മന്ഥാനയാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. ക്യാപ്റ്റൻ സ്മൃതി മന്ഥാനയുടെ തകർപ്പൻ സെഞ്ചറിയാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 62 പന്തുകൾ നേരിട്ട ഇന്ത്യൻ ക്യാപ്റ്റൻ മൂന്നു സിക്സുകളും 15 ഫോറുകളും ഉൾപ്പടെ 112 റൺസെടുത്തു. 51 പന്തുകളിൽനിന്നാണ് സ്മൃതി മന്ഥാന ട്വന്റി20യിലെ ആദ്യ സെഞ്ചറി നേടിയത്. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് സ്മൃതി.
23 പന്തിൽ 43 റൺസെടുത്ത ഹർലീന്‍ ഡിയോളും ബാറ്റിങ്ങിൽ തിളങ്ങി. ഓപ്പണർമാരായ സ്മൃതിയും ഷെഫാലി വർമയും ചേർന്ന് 77 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 20 റൺസെടുത്തു ഷെഫാലി പുറത്തായതിനു പിന്നാലെവന്ന ഹർലീൻ ഡിയോളും തകർത്തടിച്ചു. റിച്ച ഘോഷിനെയും ജെമീമ റോഡ്രിഗസിനെയും ഇന്ത്യയ്ക്കു പെട്ടെന്നു നഷ്ടമായെങ്കിലും സ്മൃതിയുടെ പോരാട്ടം വമ്പൻ സ്കോറിലെത്തിച്ചു. ഇംഗ്ലണ്ടിനായി ലോറൻ ബെൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാറ്റ് ഷീവർ അർധ സെഞ്ചറി നേടിയെങ്കിലും സഹതാരങ്ങളിൽനിന്ന് പിന്തുണ ലഭിക്കാതെ പോയി. 42 പന്തുകൾ നേരിട്ട ഇംഗ്ലണ്ട് ക്യാപ്റ്റൻ 66 റൺസെടുത്തു. ഇംഗ്ലണ്ടിന്റെ ഏഴു താരങ്ങൾ രണ്ടക്കം കടക്കാതെ പുറത്തായി. സ്പിന്നർ ശ്രീചരണി 3.5 ഓവറിൽ 12 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. ദീപ്തി ശർമ, രാധ യാദവ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും, അമൻജ്യോത് കൗറും അരുന്ധതി റെഡ്ഡിയും ഓരോ വിക്കറ്റുകളും വീഴ്ത്തി.
ഇന്ത്യ പ്ലേയിങ് ഇലവൻ– ഷെഫാലി വർമ, സ്മൃതി മന്ഥാന (ക്യാപ്റ്റൻ), ഹർലീൻ ഡിയോൾ, റിച്ച ഘോഷ്, ജെമീമ റോഡ്രിഗസ്, അമൻജ്യോത് കൗർ, ദീപ്തി ശർമ, രാധ യാദവ്, അരുന്ധതി റെഡ്ഡി, സ്നേഹ് റാണ, ശ്രീ ചരണി.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ– സോഫിയ ഡങ്‍ലി, ഡാനി വയാറ്റ്, നാറ്റ് ഷീവർ (ക്യാപ്റ്റൻ), റ്റമി ബ്യൂമോണ്ട്, ആമി ജോൺസ്, അലിസ് കാപ്സെ, എം ആർലോറ്റ്, സോഫി എക്‌ലെസ്റ്റോൺ, ലോറൻ ഫിലർ, ലിൻസെ സ്മിത്ത്, ലോറൻ ബെൽ.
English Summary:








English (US) ·