Published: October 05, 2025 10:04 PM IST
1 minute Read
കാൻപുർ∙ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയ എ ടീമിനെതിരെ രണ്ടു വിക്കറ്റ് വിജയം സ്വന്തമാക്കി, പരമ്പര പിടിച്ചെടുത്ത് ഇന്ത്യ എ ടീം. മൂന്നാം മത്സരത്തിൽ 317 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 46 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. സ്കോർ ഓസ്ട്രേലിയ– 49.1 ഓവറിൽ 316. ഇന്ത്യ– 46 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 322. 24 പന്തുകൾ ബാക്കിനില്‍ക്കെയാണ് ഇന്ത്യ വിജയമുറപ്പിച്ചത്.
മറുപടി ബാറ്റിങ്ങിൽ ട്വന്റി20 ശൈലിയിൽ ബാറ്റു വീശിയ ഓപ്പണർ പ്രബ്സിമ്രൻ സിങ്ങിന്റെ ഇന്നിങ്സാണ് ഇന്ത്യൻ വിജയത്തിന്റെ നട്ടെല്ലായത്. 68 പന്തുകൾ നേരിട്ട പ്രബ്സിമ്രൻ, ഏഴു സിക്സും എട്ടു ഫോറുകളും ഉൾപ്പടെ 102 റൺസാണ് അടിച്ചെടുത്തത്. ഐപിഎലിൽ പഞ്ചാബ് കിങ്സിനു വേണ്ടി കളിക്കുന്ന പ്രബ്സിമ്രനാണു കളിയിലെ താരം. ക്യാപ്റ്റൻ ശ്രേയസ് അയ്യരും (58 പന്തിൽ 62), റിയാൻ പരാഗും (55 പന്തിൽ 62) അർധ സെഞ്ചറികൾ സ്വന്തമാക്കി. വാലറ്റത്ത് പുറത്താകാതെനിന്ന വിപ്രജ് നിഗമും (32 പന്തിൽ 24), അർഷ്ദീപ് സിങ്ങുംമാണ് (നാലു പന്തിൽ ഏഴ്) ഇന്ത്യയ്ക്കായി വിജയ റൺസ് കുറിച്ചത്.
അഭിഷേക് ശർമ (25 പന്തിൽ 22), ആയുഷ് ബദോനി (20 പന്തിൽ 21) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാര്‍. ഓസ്ട്രേലിയയ്ക്കായി തൻവീർ സങ്കയും ടോഡ് മർഫിയും നാലു വിക്കറ്റുകൾ വീതം വീഴ്ത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി ക്യാപ്റ്റൻ ജാക്ക് എഡ്വാർഡ്സ് (75 പന്തിൽ 89), ലിയാം സ്കോട്ട് (64 പന്തിൽ 73), കൂപ്പർ കോണോലി (49 പന്തിൽ 64) എന്നിവർ അർധ സെഞ്ചറികൾ നേടി.
ഓസ്ട്രേലിയയ്ക്കെതിരെ എട്ട് ഇന്ത്യൻ താരങ്ങൾ പന്തെറിഞ്ഞപ്പോൾ, അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. ആയുഷ് ബദോനിക്ക് രണ്ടും ഗുർജന്‍പ്രീത് സിങ്, നിഷാന്ത് സിന്ധു എന്നിവർക്ക് ഓരോ വിക്കറ്റും വീതമുണ്ട്. ഇന്ത്യൻ യുവതാരം റിയാൻ പരാഗാണ് പരമ്പരയിലെ താരം.
English Summary:








English (US) ·