ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ പേസര്‍ ജസ്പ്രീത് ബുംറയെ കളിപ്പിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി. ബർമിങ്ങാമിലേത് വളരെ നിർണായകമായ ടെസ്റ്റ് മത്സരമാണെന്നും ബുംറയെ പുറത്തിരുത്തിയത് വിശ്വസിക്കാനാവുന്നില്ലെന്നും ശാസ്ത്രി പറഞ്ഞു. ഇത്തരം തീരുമാനങ്ങളെടുക്കേണ്ടത് കളിക്കാരനല്ലെന്നും പരിശീലകനും കോച്ചിങ് സ്റ്റാഫുമാണെന്നും ശാസ്ത്രി സ്കൈ സ്പോർട്സിനോട് പറഞ്ഞു.
'ഇന്ത്യയുടെ ഇപ്പോഴത്തെ പ്രകടനം നോക്കുകയാണെങ്കിൽ ഇത് വളരെ പ്രധാനപ്പെട്ട ടെസ്റ്റ് മത്സരമാണ്. ന്യൂസിലൻഡിനെതിരേ മൂന്നെണ്ണം തോറ്റു. ഓസ്ട്രേലിയക്കെതിരെ മൂന്നെണ്ണം തോറ്റു. ഇവിടെ ആദ്യത്തെ ടെസ്റ്റ് മത്സരം തോറ്റു. വിജയവഴിയിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് ടീമിലുള്ളത്. എന്നിട്ടും 7 ദിവസത്തെ വിശ്രമത്തിനു ശേഷം നിങ്ങൾ അദ്ദേഹത്തെ പുറത്തിരുത്തുന്നു. അത് വിശ്വസിക്കാൻ വളരെ പ്രയാസമുള്ള കാര്യമാണ്.'- രവി ശാസ്ത്രി പറഞ്ഞു.
'താരങ്ങൾക്ക് ഒരാഴ്ച വിശ്രമം ലഭിച്ചു. ഈ മത്സരത്തിൽ ബുംറ കളിക്കുന്നില്ല എന്നതിൽ എനിക്ക് അൽപ്പം ആശ്ചര്യം തോന്നുന്നു. കളിക്കാരനല്ല ഈ തീരുമാനമെടുക്കേണ്ടത്. ആര് കളിക്കണം എന്ന് തീരുമാനിക്കേണ്ടത് ക്യാപ്റ്റനും കോച്ചിങ് സ്റ്റാഫുമാണ്. ഇത് ഈ പരമ്പരയിലെ പ്രധാനപ്പെട്ട മത്സരമാണിതെങ്കിൽ മറ്റാരേക്കാളും ഈ മത്സരം കളിക്കേണ്ടത് ബുംറയാണ്. ലോർഡ്സിലെ മത്സരം പിന്നീടുള്ളതല്ലേയെന്നും' രവി ശാസ്ത്രി പറഞ്ഞു.
അതേസമയം മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ബുംറയ്ക്ക് വിശ്രമം അനുവദിച്ചപ്പോൾ യുവതാരം സായ് സുദര്‍ശനും ശാര്‍ദുല്‍ താക്കൂറും ടീമില്‍ നിന്ന് പുറത്തായി. നിതീഷ് റെഡ്ഡി, ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് പകരം ടീമിലെത്തിയവർ. പേസ് ബൗളിങ്ങിനെ അതിരറ്റ് തുണയ്ക്കുന്ന പിച്ചാണ് എഡ്ജ്ബാസ്റ്റണിലേത്. എഡ്ജ്ബാസ്റ്റണിൽ ഇതുവരെ ടെസ്റ്റിൽ ജയിക്കാൻ ഇന്ത്യൻ ടീമിന് ആയിട്ടില്ല. ശുഭ്മാൻ ഗില്ലിനും സംഘത്തിനും ആദ്യജയമെന്ന നേട്ടം സ്വന്തമാകുമോയെന്നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ നോക്കിയിരിക്കുന്നത്.
ഇവിടെ കളിച്ച എട്ട് ടെസ്റ്റുകളിൽ ഏഴിലും ഇന്ത്യ തോറ്റു. 1986-ൽ നേടിയ സമനില മാത്രമാണ് വലിയ നേട്ടം. ആ വേദിയിൽ ആദ്യം കളിച്ച മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 92 റൺസിനാണ് പുറത്തായത്. 16 ഇന്നിങ്‌സുകളിൽ 300-ന് മുകളിൽ സ്കോർ ചെയ്തത് രണ്ടുതവണ മാത്രം. 390 റൺസാണ് ഇന്ത്യയുടെ ഉയർന്ന സ്കോർ. തിരിച്ചടികൾമാത്രം നേരിട്ട വേദിയിലേക്കാണ് ആദ്യമത്സരത്തിലെ തോൽവിയുടെ പ്രതിസന്ധിയിൽ ഇന്ത്യൻ ടീം കളിക്കാനിറങ്ങുന്നത്.
Content Highlights: Jasprit Bumrah sits retired aft 7 days remainder Ravi Shastri slams enactment call








English (US) ·