7 പേര്‍ ഡക്ക്, 27-ന് ഓള്‍ഔട്ട്, നാണക്കേടിന്റെ റെക്കോഡ് ഇനി വിന്‍ഡീസിന്, ബോളണ്ടിന് ഹാട്രിക്ക്

6 months ago 6

കിങ്‌സ്റ്റണ്‍ (ജമൈക്ക): പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെ നാണംകെടുത്തി ഓസ്‌ട്രേലിയ. ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ട് വ്യത്യസ്ത തലങ്ങള്‍ കണ്ട ദിവസം ലോര്‍ഡ്‌സില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരേ പൊരുതി കീഴടങ്ങിയപ്പോള്‍ മറുവശത്ത് വിന്‍ഡീസ് നേരിയ പോരാട്ടം പോലും കാഴ്ചവെയ്ക്കാനാകാതെ നാണംകെടുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനെതിരേ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് വെറും 27 റണ്‍സിനാണ് ഓള്‍ഔട്ടായത്. വിന്‍ഡീസ് നിരയില്‍ ഏഴു പേര്‍ പൂജ്യരായി മടങ്ങിയപ്പോള്‍ രണ്ടക്കം കടക്കാനായത് ഒരേയൊരാള്‍ക്ക് മാത്രം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോര്‍ എന്ന നാണക്കേട് ഇനി വിന്‍ഡീസിന്റെ പേരില്‍.

7.3 ഓവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും ഹാട്രിക്ക് നേടിയ സ്‌കോട്ട് ബോളണ്ടുമാണ് രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസിനെ എറിഞ്ഞിട്ടത്. ഇതില്‍ കേവലം 15 പന്തുകള്‍ക്കിടയിലാണ് അഞ്ച് വിക്കറ്റും സ്റ്റാര്‍ക് വീഴ്ത്തിയത്‌. 176 റണ്‍സ് ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് തൂത്തുവാരി (3-0).

ജമൈക്കയിലെ കിങ്‌സ്റ്റണിലെ സബീന പാര്‍ക്കില്‍ പിറന്നത് കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും ചെറിയ ടെസ്റ്റ് സ്‌കോറാണ്. ഒരു ഡേ-നൈറ്റ് ടെസ്റ്റിലെ ഏറ്റവും മോശം സ്‌കോറും. തന്റെ 100-ാം ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയ സ്റ്റാര്‍ക്ക് ആദ്യ ഓവറില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.

1955-ല്‍ ഓക്‌ലന്‍ഡില്‍ ഇംഗ്ലണ്ടിനെതിരേ ന്യൂസീലന്‍ഡ് വെറും 26 റണ്‍സിന് പുറത്തായതാണ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍. 1986-ല്‍ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്ക 30 റണ്‍സിന് പുറത്തായിരുന്നു.

100-ാം ടെസ്റ്റില്‍ സ്റ്റാര്‍ക്ക് 400 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഓസീസ് ബൗളറാണ് സ്റ്റാര്‍ക്ക്. ബോളണ്ട് ടെസ്റ്റില്‍ ഹാട്രിക്ക് നേടുന്ന പത്താമത്തെ ഓസീസ് താരമായി. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ജോണ്‍ കാംബെലിനെ പുറത്താക്കി തുടങ്ങിയ സ്റ്റാര്‍ക്ക്, വെറും 15 പന്തില്‍ നിന്നാണ് അഞ്ചു വിക്കറ്റ് തികച്ചത്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ അഞ്ചു വിക്കറ്റ് തികയ്ക്കുന്ന താരമെന്ന നേട്ടവും ഇതോടെ സ്റ്റാര്‍ക്കിന് സ്വന്തമായി.

11 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്‌സ് മാത്രമാണ് വിന്‍ഡീസ് നിരയില്‍ നാല് റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത ഏക താരം. പിന്നീടുള്ളത് ആറ് എക്‌സ്ട്രാ റണ്‍സായിരുന്നു.

Content Highlights: Australia thrashes West Indies successful historical Test defeat; 7 ducks, Boland hat-trick, 2nd lowest score

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article