7 ലക്ഷം വേണമെന്ന് ഭാര്യ; ജീവനാംശമായി 4 ലക്ഷം നല്‍കാന്‍ ഷമിയോട് കോടതി പറഞ്ഞതിന് കാരണമെന്ത്?

6 months ago 6

കൊല്‍ക്കത്ത: മുന്‍ ഭാര്യ ഹസിന്‍ ജഹാനും മകള്‍ ഐറയ്ക്കും ചെലവിനായി പ്രതിമാസം നാലുലക്ഷം രൂപവീതം നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയോട് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടത് കഴിഞ്ഞ ദിവസമായിരുന്നു. പ്രതിമാസം 50,000 രൂപ ജീവനാംശവും 80,000 രൂപ മകള്‍ക്കായും (ആകെ 1.30 ലക്ഷം) നല്‍കാനുത്തരവിട്ട ജില്ലാ സെഷന്‍സ് കോടതി വിധിക്കെതിരേ ഹസിന്‍ ജഹാന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി.

എന്തുകൊണ്ടാകും ജീവനാംശമായി ഷമിയോട് നാലു ലക്ഷം രൂപവെച്ച് നല്‍കാന്‍ കോടതി ഉത്തരവിട്ടത്? താരത്തിന്റെ വരുമാനം, മകളുടെ ഭാവി, വേര്‍പിരിയുന്നതിനു മുമ്പ് ഭാര്യ ഹസിന്‍ ജഹാന്‍ ആസ്വദിച്ചിരുന്ന ജീവിതശൈലി എന്നിവ കണക്കിലെടുത്താണ് ഈ തുക നിശ്ചയിച്ചതെന്ന് ജഡ്ജി ഉത്തരവില്‍ വിശദീകരിക്കുന്നു.

'എതിര്‍കക്ഷിയുടെ/ഭര്‍ത്താവിന്റെ വരുമാനം, സാമ്പത്തികസ്ഥിതി എന്നിവയില്‍നിന്ന് അദ്ദേഹത്തിന് ഉയര്‍ന്ന തുക നല്‍കാന്‍ കഴിയുമെന്ന് തെളിഞ്ഞു. അവിവാഹിതയായി തുടരുകയും കുട്ടിയുമായി സ്വതന്ത്രമായി താമസിക്കുകയും ചെയ്യുന്ന ഹര്‍ജിക്കാരിയായ ഭാര്യക്ക് വിവാഹജീവിതത്തിനിടയില്‍ ആസ്വദിച്ച തരത്തിലുള്ള ജീവിതം ജീവിക്കാന്‍ അര്‍ഹതയുണ്ട്. ഇത് അവരുടെ ഭാവിയും കുട്ടിയുടെ ഭാവിയും ന്യായമായും സുരക്ഷിതമാക്കുന്നു', എന്നാണ് ഉത്തരവില്‍ പറയുന്നത്. അതിനാല്‍തന്നെ ജീവനാംശമായി ഉയര്‍ന്ന തുകയാണ് നല്‍കുന്നത് എന്നതിനേക്കുറിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്നും വളരെ കുറഞ്ഞ തുക നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ജഡ്ജി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

നാലുലക്ഷം രൂപ ജീവനാംശമായി നിശ്ചയിച്ചതിന് ഹാസിന്‍ ജഹാന്‍ കോടതിയോട് നന്ദി പറഞ്ഞു. ''കഴിഞ്ഞ ഏഴ് വര്‍ഷമായി എന്റെ അവകാശങ്ങള്‍ക്കായി പോരാടുന്നതിനിടെ മിക്കവാറും എല്ലാം എനിക്ക് നഷ്ടപ്പെട്ടു. എന്റെ മകളെ മികച്ച ഒരു സ്‌കൂളില്‍ ചേര്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല. കോടതിയോട് ഞാന്‍ നന്ദിയുള്ളവളാണ്'', കോടതി ഉത്തരവിനു ശേഷം ഹസിന്‍ ജഹാന്‍ പ്രതികരിച്ചു.

നിലവില്‍ അനുവദിച്ച തുകയില്‍ 1.5 ലക്ഷം രൂപ ഹസിന്‍ ജഹാനും 2.5 ലക്ഷം രൂപ മകള്‍ക്കുമാണെന്ന് കോടതി വ്യക്തമാക്കി. നേരത്തെ, പ്രതിമാസം 10 ലക്ഷം രൂപ വീതം ജീവനാംശം ആവശ്യപ്പെട്ടാണ് ഹസിന്‍ ജഹാന്‍ കോടതിയെ സമീപിച്ചത്. തനിക്ക് ഏഴ് ലക്ഷം രൂപയും മകള്‍ക്ക് മൂന്നുലക്ഷം രൂപയും വേണമെന്നായിരുന്നു ആവശ്യം.

2021 സാമ്പത്തിക വര്‍ഷം സമര്‍പ്പിച്ച നികുതി റിട്ടേണുകള്‍ പ്രകാരം ഷമിയുടെ വാര്‍ഷിക വരുമാനം ഏതാണ്ട് 7.19 കോടി രൂപയായിരുന്നു. അതായത് പ്രതിമാസം 60 ലക്ഷം രൂപയ്ക്കു മുകളില്‍. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഉയര്‍ന്ന തുക നല്‍കാന്‍ ഷമിക്ക് കഴിയുമെന്നായിരുന്നു ഹസിന്‍ ജഹാന്റെ അഭിഭാഷകന്റെ വാദം.

Content Highlights: Kolkata HC orders cricketer Mohammed Shami to wage ₹4 lakh monthly alimony to ex-wife Hasin Jahan

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article