26 July 2025, 09:11 PM IST

ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് മത്സരത്തിനിടെ | AP
മാഞ്ചെസ്റ്റര്‍: ടെസ്റ്റ് ചരിത്രത്തില്‍ 7,000 റണ്‍സും 200 വിക്കറ്റും നേടുന്ന മൂന്നാമത്തെ ഓള്‍റൗണ്ടറായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്. ഓള്‍ഡ് ട്രാഫോഡില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിന്റെ നാലാംദിവസമാണ് സ്‌റ്റോക്‌സിനെത്തേടി ഈ നേട്ടമെത്തിയത്. തകര്‍പ്പന്‍ ഒരു സിക്‌സിലൂടെയാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തില്‍ 141 റണ്‍സ് നേടിയ സ്റ്റോക്‌സ്, ഒരു ടെസ്റ്റ് സെഞ്ചുറിക്കായുള്ള തന്റെ രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനും വിരാമമിട്ടു. നേരത്തേ ഇന്ത്യയുടെ അഞ്ച് വിക്കറ്റുകളും സ്റ്റോക്‌സ് പിഴുതിരുന്നു.
സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സും ജാക്ക് കാലിസും മാത്രമാണ് ഇതുവരെ ടെസ്റ്റില്‍ ഏഴായിരം റണ്‍സും 200 വിക്കറ്റും നേടിയിട്ടുള്ളത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷ് താരംകൂടിയാവുകയാണ് സ്‌റ്റോക്‌സ്. മൂന്നാംദിവസം പേശീവലിവ് മൂലം റിട്ടയേഡ് ഹര്‍ട്ടായി മടങ്ങിയ അദ്ദേഹം, പിന്നീട് വീണ്ടും ക്രീസില്‍ വന്നാണ് സെഞ്ചുറിയും ചരിത്രനേട്ടവും സ്വന്തമാക്കിയത്.
അതേസമയം ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 358-ന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് ജോ റൂട്ടിന്റെ കൂടി സെഞ്ചുറി ബലത്തില്‍ 669 റണ്‍സ് നേടി. രണ്ടാം ഇന്നിങ്‌സ് തുടരുന്ന ഇന്ത്യ 36 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയിലാണ്. അര്‍ധ സെഞ്ചുറിയോടെ ശുഭ്മാന്‍ ഗില്ലും ഓപ്പണര്‍ കെ.എല്‍. രാഹുലുമാണ് ക്രീസില്‍. ട്രെയില്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് ഇനിയും 214 റണ്‍സ് വേണം.
Content Highlights: Ben Stokes Achieves Historic Double of 7,000 Runs and 200 Wickets successful Thrilling Old Trafford Test








English (US) ·