ലോക ഫുട്ബോളിൽ ഇനിയും ഇതിഹാസങ്ങളുണ്ടാകാം, അർജന്റീനയിൽനിന്ന് സൂപ്പർ താരങ്ങളുണ്ടാകാം. എന്നാൽ ലയണൽ മെസ്സിക്കു സമാനനായൊരു ഫുട്ബോളറെ ഇനി കാണാൻ സാധിക്കുമോ? ബ്യൂനസ് ഐറിസിൽ തിങ്ങിനിറഞ്ഞ ആരാധകരുടെ ആവേശത്തിനും കണ്ണീരിനും സാക്ഷിയായി രാജ്യാന്തര കരിയറിലെ അവസാന മത്സരവും പൂർത്തിയാക്കി ഇതിഹാസ താരം ലയണൽ മെസ്സി. ഗോളടിച്ചും അടിപ്പിച്ചും ലയണൽ മെസ്സി കളം നിറഞ്ഞപ്പോൾ, ബെനിനെതിരെ അർജന്റീന നേടിയത് 3–0ന്റെ വിജയം. 48–ാം മിനിറ്റിൽ നിക്കോളാസ് ഓട്ടമെൻഡിയുടേയും 61–ാം മിനിറ്റിൽ നിക്കോ പാസിന്റെയും ഗോളുകൾക്കു വഴിയൊരുക്കിയ മെസ്സി, 71–ാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ വല കുലുക്കി. രാജ്യാന്തര ഫുട്ബോളിൽ താരത്തിന്റെ 126–ാം ഗോൾ.
ആദ്യ പകുതിയിൽ ഗോളില്ല
ആദ്യ പകുതിയിൽ ഒൻപതു ഷോട്ടുകളും നാല് ഓണ്‍ടാർഗറ്റ് ഷോട്ടുകളുമായി അർജന്റീന ആധിപത്യത്തിനു ശ്രമിച്ചെങ്കിലും കളി ബെനിൻ ഉദ്ദേശിച്ച ഇടത്തുനിന്നു. 65 ശതമാനം പന്തടക്കവുമായി കളിച്ച അർജന്റീനയ്ക്ക് നാല് കോർണറുകളും ആദ്യ പകുതിയിൽ ലഭിച്ചു. എന്നാൽ ലീഡ് പിടിക്കാൻ സാധിച്ചില്ല. ബെനിൻ ഏതാനും കൗണ്ടർ നീക്കങ്ങൾ നടത്തിയപ്പോൾ ഫസ്റ്റ് ഹാഫ് ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. അർജന്റീന തലസ്ഥാനമായ ബ്യൂനസ് ഐറിസിലെ എസ്റ്റേഡിയോ മോനുമെന്റലിൽ മെസ്സിയുടെ അവസാന മത്സരത്തിന്റെ കിക്കോഫിനു മുൻപു തന്നെ വികാര നിർഭരമായിരുന്നു രംഗങ്ങള്‍. സ്റ്റേഡിയത്തിലേക്കു ടീം ബസിൽ വരുമ്പോഴും അർജന്റീനയുടെ ദേശീയ ഗാനം ഗ്രൗണ്ടിൽവച്ച് ആലപിക്കുമ്പോഴും മെസ്സി കരയുന്നുണ്ടായിരുന്നു. മെസ്സിയുടെ കുടുംബവും താരത്തിനൊപ്പം ഗ്രൗണ്ടിൽ ഇറങ്ങി.
മത്സരത്തിന്റെ ആറാം മിനിറ്റിലായിരുന്നു മെസ്സിയുടെ ആദ്യ നീക്കം. ബെനിൻ ബോക്സിന്റെ വലതു ഭാഗത്തുനിന്നും മെസ്സിക്കു പന്തു ലഭിച്ചു. പക്ഷേ മാർട്ടിനസിനെ കണ്ടെത്തുന്നതിനു മുൻപേ ബെനിൻ സെന്റർ ബാക്ക് പ്രതിരോധിച്ചു. 14–ാം മിനിറ്റിൽ മെസ്സിയും മാര്‍ട്ടിനസും ഗോള്‍ ലക്ഷ്യം വച്ച് നടത്തിയ നീക്കം ഓഫ്സൈഡിലാണു കലാശിച്ചത്.19–ാം മിനിറ്റിൽ ബെനിന്റെ ആദ്യ ഗോൾ നീക്കം. പന്തു ലഭിച്ച ബെനിൻ താരം അയെഗൻ ടോസിന്‍ ജൂനിയർ ഒലൈറ്റനെ ലക്ഷ്യമാക്കി ക്രോസ് നൽകി. പക്ഷേ ലക്ഷ്യം പിഴച്ചു.
മത്സരത്തിന്റെ 24–ാം മിനിറ്റിൽ മുന്നിലേക്ക് ഓടിക്കയറിയ മെസ്സിയെ ലക്ഷ്യമാക്കി ഡി പോളിന്റെ പാസ്. സ്ലൈഡ് ചെയ്ത മെസ്സി പന്ത് കണക്ട് ചെയ്തെങ്കിലും നീക്കം ഗോളിലെത്തിയില്ല.26–ാം മിനിറ്റില്‍ അർജന്റീനയ്ക്ക് അനുകൂലമായ ഫ്രീകിക്ക് മെസ്സി എടുത്തെങ്കിലും, ബെനിൻ ഗോള്‍ കീപ്പർ അതും പ്രതിരോധിച്ചു.32–ാം മിനിറ്റിൽ ബെനിൻ ബോക്സിലുള്ള മെസ്സിയെ ലക്ഷ്യമാക്കി ലൊതാരോ മാർട്ടിനസിന്റെ പാസ്. എന്നാൽ ഫൈനൽ ടച്ചിൽ ലക്ഷ്യം കാണുന്നില്ല.40–ാം മിനിറ്റില്‍ ബെനിന്റെ കൗണ്ടർ ആക്രമണം. പന്തുമായി കുതിച്ച അയെഗുൻ ടോസിൻ സഹതാരത്തിനു ക്രോസ് നൽകാൻ ശ്രമിച്ചെങ്കിലും അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസ് രക്ഷപെടുത്തി. ഇൻജറി ടൈമും ഗോൾരഹിതമായി അവസാനിച്ചതോടെ മെസ്സിയുടെ മാജിക്കിനായുള്ള ആരാധകരുടെ കാത്തിരിപ്പ് രണ്ടാം പകുതിയിലേക്കു നീണ്ടു.
ഗോളടിച്ചും അടിപ്പിച്ചും മെസ്സി
രണ്ടാം പകുതി തുടങ്ങിയതിനു പിന്നാലെ 48–ാം മിനിറ്റിൽ അർജന്റീന മത്സരത്തില്‍ ലീഡ് പിടിച്ചു. മെസ്സിയുടെ കോർണർ കിക്കില്‍ ക്ലോസ് റേഞ്ചിൽനിന്നു ഫിനിഷ് ചെയ്തത് നിക്കോളാസ് ഓട്ടമെന്‍ഡി. രാജ്യാന്തര ഫുട്ബോളിൽ മെസ്സിയുടെ 68–ാം അസിസ്റ്റാണ് ഇത്. ഗോള്‍ നേടിയ ശേഷം മെസ്സിക്കൊപ്പം ഓട്ടമെൻഡിയുടെ ആഘോഷം ഗാലറിയും ഏറ്റെടുത്തു. അർജന്റീന 1–0ന് മുന്നിൽ. 50–ാം മിനിറ്റിൽ ഓട്ടമെൻഡിയെയും പ്രതിരോധ താരം നിക്കോളാസ് തഗ്ലിയാഫികോയെയും പിൻവലിച്ച അർജന്റീന പകരക്കാരായി ലിസാൻഡ്രോ മാർട്ടിനസിനെയും ഫകുൻഡോ മെദിനയെയും ഇറക്കി.
60–ാം മിനിറ്റിൽ ബെനിൻ ഗോൾ പോസ്റ്റിന് മുന്നില്‍ മെസ്സിക്ക് ഫ്രീകിക്ക് ലഭിച്ചു. ബെനിൻ പ്രതിരോധനിരയെ മറികടന്ന് മെസ്സി ഷോട്ടെടുത്തെങ്കിലും, ഗോൾ കീപ്പർ വീണ്ടും രക്ഷകനായി. 62–ാം മിനിറ്റിൽ ഗോളടിപ്പിച്ച് മെസ്സിയുടെ രണ്ടാം അസിസ്റ്റ്. മെസ്സി പകർന്നു നൽകിയ പന്തെടുത്ത് ബോക്സിന്റെ എഡ്ജിൽനിന്ന് നിക്കോ പാസിന്റെ തകർപ്പൻ ഫിനിഷിങ്. അർജന്റീന രണ്ടു ഗോളുകൾക്കു മുന്നിൽ. രണ്ടാം പകുതിയിൽ അർജന്റീന തകർപ്പൻ നീക്കങ്ങളുമായി കളം നിറഞ്ഞതോടെ ബെനിൻ പ്രതിരോധിക്കാൻ നന്നെ പാടുപെട്ടു. 69–ാം മിനിറ്റിൽ അഗസ്റ്റിൻ ഗിയെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് റഫറി അർജന്റീനയ്ക്ക് അനുകൂലമായി പെനാൽറ്റികിക്ക് വിധിച്ചു. 71–ാം മിനിറ്റിൽ കിക്കെടുത്ത മെസ്സി ബെനിൻ ഗോൾ കീപ്പർക്കു സാധ്യതകൾ ബാക്കി വയ്ക്കാതെ പന്ത് വലയിലെത്തിച്ചു. 126–ാം രാജ്യാന്തര ഗോള്‍ നേടിയ മെസ്സിക്കു ചുറ്റുംകൂടി അർജന്റീന താരങ്ങളുടെ ആഘോഷം. 89–ാം മിനിറ്റിൽ മെസ്സിയുടെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചത് ആരാധകര്‍ക്കു നിരാശയായി. രണ്ടാം പകുതിക്ക് മൂന്നു മിനിറ്റ് അധിക സമയമാണ് റഫറി അനുവദിച്ചത്. മൂന്നു മിനിറ്റുകൾ പിന്നിട്ടതോടെ അർജന്റീനയുടെ ഇതിഹാസ താരത്തിന്റെ രാജ്യാന്തര കരിയറിനും ശുഭാന്ത്യം.
ഫിഫ ലോകകപ്പ് ഫൈനലിലെ തോൽവിക്കു പിന്നാലെ കഴിഞ്ഞ ഓഗസ്റ്റിലാണ് രാജ്യാന്തര കരിയർ അവസാനിപ്പിക്കാൻ മെസ്സി തീരുമാനിച്ചത്. എന്നാൽ അർജന്റീന ആരാധകർക്കു മുന്നിൽ അവസാനമായി ഒരു മത്സരം കൂടി കളിക്കാന്‍ അർജന്റീന ഫുട്ബോൾ അസോസിയേഷന്‍ ഇതിഹാസ താരത്തെ ടീമിലേക്കു തിരികെ വിളിക്കുകയായിരുന്നു. രാജ്യാന്തര വിൻഡോയിൽ രണ്ടു മത്സരങ്ങൾ പൂർത്തിയാക്കിയ അര്‍ജന്റീന ബൊളീവിയയെയും (4–0), ബുർക്കിന ഫാസോയെയും (7–0) തോൽപിച്ച ശേഷമാണ് ബെനിനെ നേരിടാനിറങ്ങിയത്. നിറകണ്ണുകളോടെയാണ് മെസ്സി സ്റ്റേഡിയത്തിലെത്തിയത്.
ടീം ബസിലുള്ള യാത്രയിലും ദേശീയ ഗാനത്തിന്റെ സമയത്തും വൈകാരിക നിമിഷങ്ങൾക്ക് ആരാധകർ സാക്ഷ്യം വഹിച്ചു. അർജന്റീനയ്ക്കൊപ്പം രണ്ടു പതിറ്റാണ്ടിലേറെ നീണ്ട മെസ്സിയുടെ ഫുട്ബോൾ യാത്രയ്ക്കാണ് അവസാനമാവുന്നത്. 2005-ലാണ് മെസ്സി ദേശീയ ടീമിനായി അരങ്ങേറ്റ മത്സരം കളിച്ചത്. 207 രാജ്യാന്തര മത്സരങ്ങളിൽ അർജന്റീനയ്ക്കായി ഇറങ്ങി. മൂന്നു പ്രാവശ്യം ലോകകപ്പ് ഫൈനൽ കളിച്ചു. ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കി. അർജന്റീനയ്ക്കൊപ്പം രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും മെസ്സിക്കുണ്ട്.
English Summary:






English (US) ·