ടോട്ടൽ ഫുട്ബോൾ, ടിക്കി ടാക്ക, ജീജൻപ്രസിങ് തുടങ്ങിയ പ്രശസ്തമായ ഫുട്ബോൾ ടാക്ടിക്സുകൾ പോലെ അടുത്തകാലത്തായി ഉയർന്നു കേൾക്കുന്നൊരു പേരാണ് ആൻജെബോൾ! ആൻജെ പോസ്റ്റെകോഗ്ലു എന്ന ഓസ്ട്രേലിയൻ ഫുട്ബോൾ കോച്ച് ആവിഷ്കരിച്ച ഈ ശൈലി കളിക്കളത്തിലെ ഒരു നിലപാടുകൂടിയാണ്. തോൽവി ഭയക്കാതെ തുടർച്ചയായി ആക്രമിക്കുന്ന ഫുട്ബോൾ സംഘത്തെയാണ് ആൻജെബോൾ എന്നതുകൊണ്ട് ഇതുവരെ അർഥമാക്കിയിരുന്നത്; പോസ്റ്റെകോഗ്ലുവിന്റെ ടോട്ടനം ടീം യൂറോപ്പ ലീഗ് ഫുട്ബോളിൽ ജേതാക്കളാകും വരെ!
തോൽവിയുടെ വാതിൽക്കൽ നിൽക്കുമ്പോഴും എതിർ ഗോൾമുഖത്തേക്ക് കുതിച്ചു കയറുന്ന ആൻജെബോൾ ശൈലി മാത്രമേ ഇതുവരെ ലോകം കണ്ടിരുന്നുള്ളൂ. പക്ഷേ, മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ടോട്ടനം താരങ്ങൾ കളിച്ച ശൈലി മറ്റൊന്നാണ്. 42–ാം മിനിറ്റിൽ ബ്രണ്ണൻ ജോൺസൺ ഗോൾ നേടിക്കഴിഞ്ഞ് അവർ 11 പേരും കൂടി തങ്ങളുടെ ഗോൾമുഖത്തേക്കുളള വാതിലടച്ചു.
കളിയുടെ കണക്കുനോക്കാം: ടോട്ടനത്തിന്റെ ബോൾ പൊസഷൻ വെറും 26%. ശേഷിച്ച 74% പന്തവകാശവും യുണൈറ്റഡിനായിരുന്നിട്ടും കളിയിൽ അവർക്കൊരു ഗോൾ നേടാനായില്ല. യുണൈറ്റഡിന്റെ പാസുകൾ 514 ആണെങ്കിൽ ടോട്ടനത്തിന്റേത് വെറും 184. യുണൈറ്റഡ് 6 ഷോട്ടുകൾ ഗോളിലേക്കു ലക്ഷ്യം വച്ചെങ്കിലും ഒന്നുപോലും ഗോളായില്ല. പക്ഷേ, ടോട്ടനം തൊടുത്ത ഒരേയൊരു ഷോട്ട് ഗോളാവുകയും ചെയ്തു!
ഗോൾ നേടിയ ശേഷം അമിത പ്രതിരോധത്തിലേക്കു മാറിയ ടോട്ടനം കളിയുടെ ഒഴുക്കു നഷ്ടപ്പെടുത്തിയെന്നും ബോറടിപ്പിച്ചെന്നും വിമർശിച്ചവരേറെ. പക്ഷേ, അവരെല്ലാവരോടുമായി മത്സരശേഷം പോസ്റ്റെകോഗ്ലു പറഞ്ഞു. പ്രധാനപ്പെട്ട 3 കളിക്കാരില്ലാതിരുന്നിട്ടും ഞങ്ങൾ ലക്ഷ്യം നേടി, അതിനു വേണ്ടതെന്തൊക്കെയെന്ന് ഞാൻ എന്റെ ടീമിനോടു നേരത്തേ പറഞ്ഞിരുന്നു’’
ഗ്രീസിൽ ജനിച്ച് ഓസ്ട്രേലിയയിൽ വളർന്ന പോസ്റ്റെകോഗ്ലു കളിക്കാലത്ത് ഒരു ഡിഫൻഡറായിരുന്നു. പരിശീലകനായിക്കഴിഞ്ഞ ശേഷം പോസ്റ്റെകോഗ്ലുവിന്റെ കളി ശൈലിയിൽ പക്ഷേ, ഡിഫൻസിനു വലിയ പ്രാധാന്യമുണ്ടായിരുന്നില്ല.
പോസ്റ്റെകോഗ്ലുവിന്റെ ജീവചരിത്ര പുസ്തകത്തിന് ‘ആൻജെബോൾ’ എന്നു പേരു കിട്ടിയതും ഈ നിലപാടുകളുടെ തുടർച്ചയായാണ്.
2023 നവംബറിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ചെൽസിയോടു 4–1നു തോറ്റ കളിയിൽ 9 കളിക്കാരെ വച്ചു നിലയില്ലാത്ത ആക്രമണം അഴിച്ചുവിട്ട പോസ്റ്റെകോഗ്ലു മത്സരശേഷം പറഞ്ഞ വാക്കുകൾ ഫ്രെയിം ചെയ്തു വച്ചവരുണ്ട്: ‘‘നമ്മൾ ആരാണെന്നതു മാത്രമാണു പ്രധാനം. ഞാനിവിടെ ഉള്ളിടത്തോളം കാലം ഇതായിരിക്കും നമ്മുടെ ശൈലി. 5 പേരായി ചുരുങ്ങിയാലും ഇങ്ങനെയാകും നമ്മൾ കളിക്കുക’’ – കാലം മാറാനും ശൈലി മാറാനും അധികനേരം വേണ്ടെന്ന് യൂറോപ്പ ലീഗ് ട്രോഫിക്ക് അരികെയിരുന്ന് അൻപത്തിയൊൻപതുകാരൻ പോസ്റ്റെകോഗ്ലു ആരാധകരെ വീണ്ടുമോർമിപ്പിക്കുന്നു.
English Summary:








English (US) ·