Published: August 10, 2025 10:56 PM IST
1 minute Read
ഭുവനേശ്വർ∙ കോണ്ടിനെന്റൽ ടൂർ അത്‍ലറ്റിക്സ് ലോങ് ജംപിൽ സ്വർണം നേടി ഇന്ത്യ താരം എം. ശ്രീശങ്കർ. 8.13 മീറ്റർ ദൂരം ചാടിയാണ് 26 വയസ്സുകാരനായ മലയാളി താരം ഇന്ത്യ ആദ്യമായി ആതിഥേയരായ വോൾഡ് അത്‍ലറ്റിക്സ് ബ്രോൺസ് ലെവൽ കോണ്ടിനെന്റൽ ടൂറിൽ ഒന്നാമതെത്തിയത്. പക്ഷേ ടോക്കിയോയിൽ നടക്കുന്ന ലോക ചാംപ്യൻഷിപ്പിനു യോഗ്യത നേടാൻ ശ്രീശങ്കറിനു സാധിച്ചില്ല. 8.27 മീറ്ററാണ് ലോകചാംപ്യൻഷിപ്പിന്റെ യോഗ്യതാ ദൂരം. പരുക്കിനു ശേഷം തിരിച്ചെത്തിയ ശ്രീശങ്കറിന്റെ തുടർച്ചയായ നാലാം സ്വർണമാണിത്.
നാലു റൗണ്ട് പിന്നിടുമ്പോൾ രണ്ടാം സ്ഥാനത്തായിരുന്നു ശ്രീശങ്കർ, 8.04 മീറ്റർ ചാടിയ ദേശീയ ഗെയിംസ് സ്വർണ മെഡൽ ജേതാവ് ഷാനവാസ് ഖാനായിരുന്നു ഈ സമയത്ത് ഒന്നാമത്. അവസാന ശ്രമത്തിലാണ് 8.13 മീറ്റർ ദൂരത്തിലേക്ക് ശ്രീശങ്കർ എത്തിയത്. കാൽമുട്ടിനു പരുക്കേറ്റ ശ്രീശങ്കർ ഒരു വർഷത്തിലേറെയായി വിശ്രമത്തിലായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ശ്രീശങ്കറിന് പാരിസ് ഒളിംപിക്സ് നഷ്ടമായിരുന്നു.
തിരിച്ചുവരവിൽ പുണെയിൽ നടന്ന ഇന്ത്യ ഓപ്പണിൽ മത്സരിച്ച താരം 8.05 മീറ്റർ ചാടി ഒന്നാമതെത്തി. പോർച്ചുഗലിൽ നടന്ന ‘മീറ്റിങ് മയ’ ഇവന്റിലും ശ്രീശങ്കർ ഒന്നാം സ്ഥാനം നേടി. കസഖ്സ്ഥാനിൽ നടന്ന ‘കൊസാനോവ് മെമോറിയലിൽ’ 7.94 മീറ്റർ ദൂരം ചാടിയാണ് മലയാളി താരം ഒന്നാം സ്ഥാനം നിലനിർത്തിയത്. 2023ൽ ഇതേ വേദിയിലാണ് ശ്രീശങ്കർ കരിയറിലെ ഏറ്റവും മികച്ച ദൂരമായ 8.41 മീറ്ററിലെത്തിയത്.
English Summary:








English (US) ·