8 മാസത്തിനിടെ 2 ഐസിസി കിരീടങ്ങൾ, ആ 24 മത്സരങ്ങളിൽ തോറ്റത് ലോകകപ്പ് ഫൈനലിൽ മാത്രം; ഇന്ത്യയുടെ വിജയരാശി

3 months ago 4

മനോരമ ലേഖകൻ

Published: October 05, 2025 07:54 AM IST Updated: October 05, 2025 09:55 AM IST

1 minute Read

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ദുബായിൽ ഐസിസി ചാംപ്യൻസ് ട്രോഫി, ട്വന്റി20 ലോകകപ്പ് ട്രോഫികളുമായി.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ദുബായിൽ ഐസിസി ചാംപ്യൻസ് ട്രോഫി, ട്വന്റി20 ലോകകപ്പ് ട്രോഫികളുമായി.

17 വർഷത്തിനുശേഷം ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിച്ച ക്യാപ്റ്റൻ. ഐസിസി ഏകദിന കിരീടത്തിനായുള്ള രാജ്യത്തിന്റെ 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച നായകൻ... 3 ഫോർമാറ്റുകളിലായി രാജ്യത്തിന് അവിസ്മരണീയ നേട്ടങ്ങൾ സമ്മാനിച്ചതിന്റെ തലയെടുപ്പോടെയാണ് രോഹിത് ശർമ ക്യാപ്റ്റൻസിയുടെ ആംബാൻഡ് പൂർണമായും അഴിച്ചുവയ്ക്കുന്നത്. ഒരു വർഷം മുൻപുവരെ 3 ഫോർമാറ്റുകളിലും ഇന്ത്യയെ ഒരുമിച്ചു നയിച്ചിരുന്ന രോഹിത്തിന് ഇനി ഒരു ഫോർമാറ്റിലും ക്യാപ്റ്റൻസിയുടെ കവചമില്ല.

കഴിഞ്ഞവർഷം ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെ ട്വന്റി20യിൽനിന്നു വിരമിച്ച രോഹിത്, അവസാനം ക്യാപ്റ്റനായ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്കു നേടിത്തന്നത് ഐസിസി ചാംപ്യൻസ് ട്രോഫി കിരീടമാണ്. 3 ഐസിസി വൈറ്റ്‍ബോൾ ടൂ‍ർണമെന്റുകളിലായി രോഹിത്തിന് കീഴിൽ 24 മത്സരങ്ങൾ കളിച്ച ഇന്ത്യ തോൽവി വഴങ്ങിയത് ഒരേയൊരു മത്സരത്തിൽ മാത്രമാണ്; 2023 ഏകദിന ലോകകപ്പ് ഫൈനലിൽ. 2017 ഡിസംബറിൽ ക്യാപ്റ്റനായി ആദ്യ ഏകദിന മത്സരം കളിച്ച രോഹിത് 2022 മുതലാണ് ഈ ഫോർമാറ്റിലെ സ്ഥിരം ക്യാപ്റ്റനാകുന്നത്.

56 ഏകദിനങ്ങളിൽ 42 വിജയങ്ങൾ സ്വന്തമാക്കിയ ഹിറ്റ്മാൻ, ഏകദിന വിജയശതമാനത്തിൽ (76) ഇന്ത്യയിൽ ഒന്നാമതും ലോകത്ത് രണ്ടാംസ്ഥാനത്തുമാണ്. മുൻ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ക്ലൈവ് ലോയ്‌ഡ് (76.19%) മാത്രമാണ് രോഹിത്തിന് മുന്നിലുള്ളത്. ഐസിസി ടൂർണമെന്റുകളിൽ ഏറ്റവും മികച്ച വിജയശതമാനമെന്ന റെക്കോർഡും രോഹിത്തിന്റെ പേരിലാണ്. 3 ഫോർമാറ്റുകളിലും ഐസിസി ടൂർണമെന്റുകളുടെ ഫൈനൽ കളിച്ച ഏക ഇന്ത്യൻ ക്യാപ്റ്റനുമാണ് രോഹിത്. 2018, 2023 ഏഷ്യാ കപ്പുകളും 2025 ചാംപ്യൻസ് ട്രോഫിയുമാണ് രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ഏകദിനത്തിലെ ഇന്ത്യയുടെ പ്രധാന കിരീടനേട്ടങ്ങൾ. ക്യാപ്റ്റനായുള്ള ഏകദിന മത്സരങ്ങളി‍ൽ 17 അർധ സെഞ്ചറികളും 5 സെ‍ഞ്ചറികളും രോഹിത്തിന്റെ പേരിലുണ്ട്.

English Summary:

Rohit Sharma's Golden Era: Rohit Sharma's captaincy marks a important epoch successful Indian cricket. He led India to 2 ICC titles wrong 8 months, showcasing exceptional enactment and contributing importantly to India's cricketing success. His records and achievements arsenic skipper spot him among the greats of Indian cricket.

Read Entire Article