Published: October 01, 2025 05:20 PM IST Updated: October 01, 2025 05:55 PM IST
1 minute Read
ബ്രിസ്ബെയ്ൻ∙ ഫോർമാറ്റ് ഏതാണെങ്കിൽ, സിക്സർ മുഖ്യം! ക്രിക്കറ്റിൽ പതിനാലുകാരൻ വൈഭവ് സൂര്യവംശിയുടെ ‘ലൈൻ’ അതാണ്. ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ യൂത്ത്് ടെസ്റ്റിൽ, ‘ട്വന്റി20’ ശൈലിയിൽ സെഞ്ചറി അടിച്ച വൈഭവ് സൂര്യവംശിയുടെയും വേദാന്ത് ത്രിവേദിയുടെ ‘യഥാർഥ’ ടെസ്റ്റ് സെഞ്ചറിയുടെയും കരുത്തിൽ ഇന്ത്യ അണ്ടർ 19 ടീമിന് ഒന്നാം ഇന്നിങ്സ് ലീഡ്. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 243 റൺസിന് പുറത്തായപ്പോൾ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 428 റൺസ് നേടി പുറത്തായി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ 8/1 എന്ന നിലയിലാണ് ഓസീസ്.
ഓപ്പണറായി ഇറങ്ങിയ, വൈഭവ് സൂര്യവംശി (86 പന്തിൽ 113), ട്വന്റി20 ശൈലിയിൽ തന്നെയാണ് ബാറ്റുവീശിയത്. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ഫോറടിച്ച്. ആകെ എട്ടു സിക്സും ഒൻപതു ഫോറുമാണ് വൈഭവിന്റെ പന്തിൽനിന്നു പിറന്നത്. 78 പന്തിലാണ് വൈഭവ് സെഞ്ചറി തികച്ചത്. ഇതോടെ യൂത്ത് ടെസ്റ്റിൽ 100 പന്തിൽ താഴെ രണ്ടു സെഞ്ചറി തികച്ച രണ്ടാമത്തെ മാത്രം താരമായി വൈഭവ്. കഴിഞ്ഞവർഷം, ഓസ്ട്രേലിയയ്ക്കെതിരെ തന്നെ 58 പന്തിൽ വൈഭവ് സെഞ്ചറി തികച്ചിരുന്നു.
192 പന്തിൽ വേദാന്ത് ത്രിവേദി 140 റൺസെടുത്തത്. 19 ഫോറാണ് വേദാന്തിന്റെ ബാറ്റിൽനിന്നു പിറന്നത്. ഖിലാൻ പട്ടേലും (49 പന്തിൽ 49) ബാറ്റിങ്ങിൽ തിളങ്ങി. വൈഭവിനൊപ്പം ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ ആയുഷ് മാത്രെ 21 റൺസെടുത്ത് പുറത്തായി. ഓസ്ട്രേലിയയ്‌ക്കായി ക്യാപ്റ്റൻ വിൽ മലാജ്ചുക്, ഹെയ്ഡൻ ഷില്ലർ എന്നിവർ മൂന്നു വിക്കറ്റ് വീതവും ആര്യൻ ശർമ രണ്ടു വിക്കറ്റും വീഴ്ത്തി.
ആദ്യ ഇന്നിങ്സിൽ, 45 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ പേസർ ദീപേഷ് ദേവേന്ദ്രനാണ് ഓസീസിനെ വീഴ്ത്തിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനായി സ്റ്റീവ് ഹോഗൻ (92) മാത്രമാണ് തിളങ്ങിയത്. ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന പരമ്പര ഇന്ത്യൻ യൂത്ത് ടീം 3–0ന് ജയിച്ചിരുന്നു.
English Summary:








English (US) ·