Published: October 18, 2025 04:37 PM IST Updated: October 18, 2025 04:43 PM IST
1 minute Read
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും ലണ്ടനിലേക്ക് സ്ഥിരമായി താമസം മാറുന്നെ സൂചനകൾക്കിടെ ഉയർന്ന അഭ്യൂഹത്തിനു മറുപടിയുമായി വിരാടിന്റെ സഹോദരൻ വികാസ്. ലണ്ടനിലേക്കു താമസം മാറുന്നതിന്റെ ഭാഗമായി ഇന്ത്യയിലുള്ള സ്വത്തിന്റെ പവർ ഓഫ് അറ്റോർണി സഹോദരനു കൈമാറിയെന്നായിരുന്നു വാർത്ത. എന്നാൽ ഇക്കാര്യം നിഷേധിച്ച് വികാസ് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു.
‘‘ഇക്കാലത്ത് ഇത്രയധികം തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിക്കുന്നതിൽ ഞാൻ അദ്ഭുതപ്പെടുന്നില്ല.... ചില ആളുകൾ വളരെ സ്വതന്ത്രരാണ്, അങ്ങനെ ചെയ്യാൻ ധാരാളം സമയമുണ്ട്... നിങ്ങൾക്ക് ആശംസകൾ.’’– പരിഹാസരൂപേണയുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വികാസ് പറഞ്ഞു. അനുഷ്‌കയ്ക്കും രണ്ടു കുട്ടികൾക്കുമൊപ്പം വിരാട് കോലി യുകെയിലേക്ക് സ്ഥിരമായി താമസം മാറാൻ പദ്ധതിയിടുന്നതായും ഗുരുഗ്രാമിലെ തന്റെ 80 കോടി രൂപ വിലമതിക്കുന്ന വീടിന്റെ പവർ ഓഫ് അറ്റോർണി സഹോദരൻ വികാസിന് കൈമാറിയെന്നുമായിരുന്നു മാധ്യമവാർത്തകൾ.
സ്വത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാൻ പൂർണ അധികാരം നൽകുന്നതാണ് പവർ ഓഫ് അറ്റോർണി. അറ്റകുറ്റപ്പണികൾ, വിൽപന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പവർ ഓഫ് അറ്റോർണി അധികാരം നൽകുന്നു. വിദേശത്ത് സ്ഥിരതാമസമാക്കാനാണ് വിരാട് കോലിയുടെ പദ്ധതിയെന്ന് കുറേക്കാലമായി റിപ്പോർട്ടുകളുണ്ട്. അനുഷ്ക ശർമയും കുട്ടികളും ഒരു വർഷത്തിലേറെയായി ലണ്ടനിലാണ് താമസിക്കുന്നത്. ക്രിക്കറ്റ് ഇടവേളകളിൽ കോലിയും അവർക്കൊപ്പമുണ്ടാകും. ഐപിഎലിനു ശേഷം ലണ്ടനിൽ പോയ കോലി, ഓസ്ട്രേലിയൻ പര്യടനത്തിലുള്ള ക്യാംപിൽ ചേരുന്നതിന് ഈയാഴ്ചയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. തുടർന്ന് ടീമിനൊപ്പം പെർത്തിലേക്കു പോയി.
ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്നു വിരമിച്ച കോലി നിലവിൽ ഏകദിനത്തിൽ മാത്രമാണ് ഇന്ത്യൻ ടീമിനായി കളിക്കുന്നത്. ഇന്ത്യൻ താരങ്ങള്‍ക്കായി ബ്രോങ്കോ ടെസ്റ്റ് നടത്തിയപ്പോഴും വിരാട് കോലി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിയിരുന്നില്ല. ലണ്ടനിൽനിന്ന് ടെസ്റ്റ് പൂർത്തിയാക്കാൻ കോലിയെ ബിസിസിഐ അനുവദിക്കുകയായിരുന്നു. ചാംപ്യൻസ് ട്രോഫി വിജയത്തിനു ശേഷം കോലിയും രോഹിത് ശർമയും ഇന്ത്യൻ ജഴ്സിയിൽ കളിക്കാനിറങ്ങുകയാണെന്ന പ്രത്യേകതയും ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുണ്ട്.
English Summary:








English (US) ·