.jpg?%24p=04b64f9&f=16x10&w=852&q=0.8)
പ്രതീകാത്മക ചിത്രം | Photo: Facebook/ Pravin Narayanan, PTI
കൊച്ചി: സുരേഷ് ഗോപി ചിത്രം 'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടതായി കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. പ്രദര്‍ശനാനുമതി വൈകുന്നതിനെതിരേ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച റിവൈസിങ് കമ്മിറ്റി ചിത്രം കാണും. റിലീസ് പ്രഖ്യാപിച്ച വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.
നേരത്തെ, സ്‌ക്രീനിങ് കമ്മിറ്റി ചിത്രം കണ്ടിരുന്നു. ചിത്രത്തിന്റെ ടീസറിന് മൂന്നുമാസംമുമ്പ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി. എന്നാല്‍, ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ചയാണ് നിര്‍മാതാക്കളായ കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെത്തുടര്‍ന്ന് തങ്ങള്‍ക്ക് 80 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു.
സാധാരണയായി സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കപ്പെടുകയും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്യുകയാണ് പതിവെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. ചില സാഹചര്യങ്ങളില്‍ ചെയര്‍മാന്‍ സ്വമേധയാ പ്രത്യേകം രൂപവത്കരിച്ച റിവൈസിങ് കമ്മിറ്റിക്ക് കൈമാറും. എന്നാല്‍, തങ്ങളുടെ ചിത്രം ചൊവ്വാഴ്ച മാത്രമാണ് റിവൈസിങ് കമ്മിറ്റിക്ക് വിട്ടതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കമ്മിറ്റിയുടെ തീരുമാനം വെള്ളിയാഴ്ചയ്ക്ക് മുമ്പായി കോടതിയെ അറിയിക്കാന്‍ ജസ്റ്റിസ് എന്‍. നഗരേഷിന്റെ ബെഞ്ച് ആവശ്യപ്പെട്ടു.
12-ന് ചിത്രം സര്‍ട്ടിഫിക്കേഷനായി സമര്‍പ്പിച്ചിരുന്നെന്നും സെന്‍സര്‍ സ്‌ക്രീനിങ് 18-ന് നടന്നുവെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് രേഖാമൂലം ഇതുവരെ തങ്ങളെ എതിര്‍പ്പൊന്നും അറിയിച്ചിട്ടില്ലെന്നും ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിലെ 'ജാനകി' മാറ്റാന്‍ നിര്‍ദേശിച്ചതായി പത്രവാര്‍ത്തയിലൂടെ തങ്ങള്‍ അറിഞ്ഞുവെന്നും ചൂണ്ടിക്കാണിച്ചാണ് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്. അഭിഭാഷകരായ അനന്ദ് ബി. മേനോന്‍, ഹാരിസ് ബീരാന്‍, അസര്‍ അസീസ്, നബീല്‍ ഖാദര്‍ എന്നിവര്‍ മുഖേനയാണ് നിര്‍മാതാക്കള്‍ ഹര്‍ജി നല്‍കിയത്.
Content Highlights: 'Janaki v/s State of Kerala' Referred To Revising Committee, Meeting Tomorrow: CBFC
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·